റോഡുകൾ സേഫ് സോണാക്കി മോട്ടർ വാഹനവകുപ്പ്
Mail This Article
ശബരിമല∙ മണ്ഡലകാലം തുടങ്ങി ആദ്യ നാലുദിവസം തന്നെ തീർഥാടനപാതയിലൂടെ കടന്നുപോയത് 22,689 വാഹനങ്ങൾ. ഇതിലേറെയും തമിഴ്നാട്, കർണാടക സംസ്ഥാനത്തു നിന്നുള്ളത്. 373 വാഹനങ്ങളാണ് യന്ത്രത്തകരാറും മറ്റും സംഭവിച്ച് വഴിയിൽ കുടുങ്ങിയത്. ഈ വിവരങ്ങൾ ശേഖരിച്ചത് മോട്ടർ വാഹന വകുപ്പാണ്. സേഫ് സോൺ പദ്ധതിപ്രകാരം തീർഥാടനപാതയിൽ കണ്ണും കാതും അർപ്പിച്ചുള്ള പ്രവർത്തനമാണ് വകുപ്പിന്റേത്. ഇലവുങ്കലിലെ പ്രധാന കൺട്രോൾ റൂമിൽ തത്സമയം വിവരങ്ങൾ ക്രോഡീകരിച്ച് കൈമാറുന്നു. ഓരോ 6 കിലോമീറ്ററിലും ഓഫിസർ അടങ്ങിയ നിരീക്ഷണ സംവിധാനമുണ്ടെന്ന് അധികൃതർ പറഞ്ഞു. അത്യാഹിതമുണ്ടായാൽ 10 മിനിറ്റിനുള്ളിൽ സ്ഥലത്തെത്തി തുടർനടപടി സ്വീകരിക്കും. അപകടമരണ നിരക്ക് കുറയ്ക്കുന്നതിനും ഇതിനാൽ കഴിഞ്ഞതായാണ് വിലയിരുത്തൽ.
മുൻകരുതലിന് സന്ദേശം
പാതയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും വാഹനങ്ങളുടെ ബാഹുല്യവും കണക്കിലെടുത്ത് സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും തീർഥാടകർക്ക് വിവരങ്ങൾ വിവിധ ഭാഷകളിൽ വിഡിയോ രൂപത്തിൽ കൈമാറുന്നുണ്ട്. ലഘുലേഖകളാണ് നേരത്തെ വിതരണം ചെയ്തിരുന്നത്. ഇലവുങ്കലിലുള്ള കൺട്രോൾ റൂമിന്റെ മുന്നിലൂടെ പോകുന്ന വാഹനത്തിന്റെ നമ്പറും പ്രധാന വിവരങ്ങളും ക്യാമറയിൽ തത്സമയം പതിയും. അപകടം സൃഷ്ടിച്ച ശേഷം നിർത്താതെ പോയ കർണാടക റജിസ്ട്രേഷനിലുള്ള വാഹനം കണ്ടെത്താനും ഈ സംവിധാനം ഉപകരിച്ചു.
വാഹന ഡീലർമാരുടെ സഹകരണത്തോടെ മെക്കാനിക്കൽ വിഭാഗത്തെയും സജ്ജീകരിച്ചിട്ടുണ്ട്. ഏത് വാഹനമാണെങ്കിലും അനുയോജ്യമായ സ്പെയർ പാർട്സുകൾ കൈവശം കരുതി മെക്കാനിക്ക് സ്ഥലത്തെത്തും. വാഹനാപകടം ഉണ്ടായാൽ അവിടേക്ക് എത്താൻ വലിയ ക്രെയിനും ഒരുക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ ആംബുലൻസും സേവനത്തിനുണ്ട്. കൺട്രോൾ റൂമിൽ ഒരു മോട്ടർ വാഹന ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു. സി.ശ്യാമാണ് നോഡൽ ഓഫിസർ. ഓരോ വർഷവും താൽക്കാലിക സംവിധാനം ഒരുക്കിയാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. അതിനാൽ, അടിസ്ഥാന സൗകര്യങ്ങളിൽ പരിമിതികളും ഉണ്ട്. സ്ഥിരമായി ഒരു കേന്ദ്രമില്ലാത്തതാണ് ഇതിനു കാരണം. സേഫ് സോൺ ഹെൽപ്‌ലൈൻ: ഇലവുങ്കൽ– 9400044991, എരുമേലി– 9496367974, കുട്ടിക്കാനം– 9446037100.
മാലിന്യം;നിർദേശങ്ങൾ നൽകിദേവസ്വം ബോർഡ്
സന്നിധാനവും പമ്പയും ശരണ പാതയും മലിനമാകാതിരിക്കാൻ തീർഥാടകർ ശ്രദ്ധിക്കണമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഇവിടെ തള്ളരുത്. ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കരുത്. വന്യജീവികളെ ശല്യം ചെയ്യുകയോ അവയ്ക്ക് ഭക്ഷണ പദാർഥങ്ങൾ നൽകുകയോ ചെയ്യരുത്. പമ്പയിലും ശരണപാതയിലും സന്നിധാനത്തും സജ്ജീകരിച്ചിട്ടുള്ള ശൗചാലയങ്ങൾ ഉപയോഗിക്കണം. സുരക്ഷിതവും സുഗമവുമായുള്ള തീർഥാടനത്തിന് സർക്കാരും ദേവസ്വം ബോർഡും ഒരുക്കിയിട്ടുള്ള ക്രമീകരണങ്ങളോടു സഹകരിക്കണമെന്നും ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു.
നിലയ്ക്കലിൽ കാട്ടാനശല്യം
പ്രദേശത്ത് കാട്ടാന ശല്യം ഉണ്ടെന്ന് പൊലീസ്. ഒന്നാം നമ്പർ പാർക്കിങ് ഗ്രൗണ്ടിന്റെ പിന്നിൽ സ്ഥിരമായി ആനകൾ എത്തുന്നുണ്ട്. രാത്രി ചിലപ്പോൾ ഇവ റോഡിലേക്കും ഇറങ്ങാറുണ്ട്. വനാതിർത്തിയിൽ ഇവയെ വനം വകുപ്പ് ഉദ്യോഗസ്ഥർ ഓടിച്ചു വിടുകയാണ് ചെയ്യുന്നത്.
അതേസമയം, തീർഥാടകരുടെ വാഹനങ്ങളിൽ കരിമ്പ് അലങ്കാരമായി കെട്ടിവച്ചു കൊണ്ടുവരുന്നതും കാട്ടാന എത്താനുള്ള കാരണമാണെന്ന് പൊലീസ് അറിയിച്ചു. നിലയ്ക്കലിൽ കഴിഞ്ഞ ദിവസങ്ങളിൽ ആന ഇറങ്ങിയിരുന്നു. എലിഫന്റ് സ്ക്വാഡിന്റെ സേവനം ലഭ്യമാക്കുന്നുണ്ട്.