തുറക്കാതെ പെരുമ്പുഴ സ്റ്റാൻഡിലെ ശുചിമുറി; തീർഥാടകരും യാത്രക്കാരും വലയുന്നു
Mail This Article
റാന്നി ∙ ശബരിമല തീർഥാടനം 10ാം ദിവസത്തിലെത്തിയിട്ടും പെരുമ്പുഴ ബസ് സ്റ്റാൻഡിലെ ശുചിമുറി സമുച്ചയം അടഞ്ഞു തന്നെ. തീർഥാടകരും യാത്രക്കാരും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ സൗകര്യമില്ലാതെ വലയുന്നു. സ്റ്റാൻഡിലെ കാത്തിരിപ്പു കേന്ദ്രത്തോടു ചേർന്ന് പഞ്ചായത്താണ് ശുചിമുറി നിർമിച്ചത്. റാന്നി വഴിയെത്തുന്ന ശബരിമല തീർഥാടകർ വിശ്രമിക്കുന്നത് രാമപുരം ക്ഷേത്രത്തിലാണ്. അവിടെ ശുചിമുറി സൗകര്യം പരിമിതമാണ്. പെരുമ്പുഴ ബോട്ടുജെട്ടി കടവിൽ ജില്ലാ പഞ്ചായത്ത് നിർമിച്ച ശുചിമുറി സമുച്ചയമാണ് തീർഥാടകർ പ്രയോജനപ്പെടുത്തിയിരുന്നത്.
പ്രളയത്തിനു ശേഷം അത് ഉപയോഗിക്കാൻ പറ്റാതായി പിന്നീട് സ്റ്റാൻഡിലെ ശുചിമുറികളായിരുന്നു ആശ്രയം. ഇത് പഞ്ചായത്തിൽ നിന്ന് ലേലത്തിൽ നൽകിയിരുന്നതാണ്. 10 ദിവസം മുൻപ് കരാറുകാരൻ പിൻമാറി. അതിനു ശേഷം ശുചിമുറികൾ അടച്ചിട്ടിരിക്കുകയാണ്. സമീപത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനു മാത്രം പഞ്ചായത്തിൽ നിന്നു താക്കോൽ നൽകിയിട്ടുണ്ട്. അവർ മാത്രമാണ് തുറന്ന് ഉപയോഗിക്കുന്നത്. പിന്നീട് അടയ്ക്കും. ഇതാണ് യാത്രക്കാർക്കും തീർഥാടകർക്കു ബുദ്ധിമുട്ടായിരിക്കുന്നത്.