'ലിറ്റിൽ കൈറ്റ്സ്’ഉപജില്ലാ ക്യാംപ് തുടങ്ങി
Mail This Article
തിരുവല്ല ∙ പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്സ്’ഉപജില്ലാ ക്യാംപ് തുടങ്ങി. എഐ സംവിധാനം ഉപയോഗിച്ച് ഭിന്നശേഷി കുട്ടികൾക്ക് കൈത്താങ്ങു നൽകാൻ സഹായിക്കുന്ന പ്രോഗ്രാം തയാറാക്കലാണ് ഈ വർഷത്തെ ക്യാംപിന്റെ പ്രത്യേകത. ഒപ്പം പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണത്തിനുള്ള അനിമേഷൻ പ്രോഗ്രാമുകളും സ്വതന്ത്ര സോഫ്റ്റ്‍വെയറുകളായ ഓപ്പൺ ടൂൺസ്, ബ്ലെൻഡർ തുടങ്ങിയവ ഉപയോഗിച്ച് കുട്ടികൾ തയാറാക്കും.
സംസാരിക്കാനും കേൾക്കാനും പ്രയാസം നേരിടുന്ന കുട്ടികൾക്ക് ആംഗ്യ ഭാഷയിൽ സംവദിക്കാൻ കഴിവുള്ള പ്രോഗ്രാമുകൾ എഐ ഉപയോഗിച്ച് തയ്യാറാക്കുന്നത് ആംഗ്യ ഭാഷ പഠിക്കാൻ മാത്രമല്ല, ഇത്തരം കുട്ടികളോട് സംവദിക്കാൻ പ്രേരിപ്പിക്കുകയും പ്രാപ്തമാക്കുകയും ചെയ്യുന്ന വിധത്തിലാണ്. ഇതിനുള്ള വീഡിയോ ക്ലാസുകളും ക്യാംപിൽ പരിചയപ്പെടുത്തും.
നഗരവൽക്കരണത്തിലൂടെ നശിപ്പിക്കപ്പെട്ട പ്രദേശം രണ്ടു പക്ഷികളുടെ പ്രയത്നത്തിലൂടെ വീണ്ടും ഹരിതാഭമാക്കുന്നതെങ്ങനെ എന്ന ആശയത്തിലാണ് കുട്ടികൾ അനിമേഷൻ ചിത്രങ്ങൾ ക്യാംപിൽ തയാറാക്കുക. ആനിമേഷൻ, പ്രോഗ്രാമിങ് വിഭാഗത്തിലായി പങ്കെടുക്കുന്ന പ്രോജക്ട് പ്രവർത്തനവും തുടങ്ങി.
ജില്ലയിൽ 265ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലായി 7745 അംഗങ്ങളുള്ളതിൽ സ്കൂൾതല ക്യാംപുകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട .526 കുട്ടികൾ ഉപജില്ലാ ക്യാംപുകളിൽ പങ്കെടുക്കും. അധ്യയന ദിവസങ്ങൾ നഷ്ടപ്പെടാതെയാണ് ഇന്നു മുതൽ വിവിധ ബാച്ചുകളിലായി ക്യാംപുകൾ ക്രമീകരിച്ചിട്ടുള്ളത്. ഉപജില്ലാ ക്യാംപിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന 76 കുട്ടികളെ ഡിസംബറിൽ നടക്കുന്ന ജില്ലാ ക്യാംപിലേക്ക് തിരഞ്ഞെടുക്കും.