ADVERTISEMENT

രക്ഷാകർത്താക്കൾ ‘ഔട്ട് ’ 

വേദിക്കു പിന്നിൽ മത്സരാർഥികൾക്കൊപ്പം മാതാപിതാക്കൾ നിൽക്കാൻ പാടില്ലെന്ന നിർദേശം മത്സരാർഥികൾക്ക് സമ്മർദമാകുന്നു. വേദിക്കു പിന്നിലും സ്റ്റേജിലും മത്സരാർഥികളുടെ മാതാപിതാക്കൾക്ക് പ്രവേശനം നിഷേധിച്ചായിരുന്നു നിർദേശം. വേദി 4 തസ്റാക്കിൽ ഇന്നലെ ഹൈസ്കൂൾ വിഭാഗം ഭരതനാട്യ മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർഥികളുടെ രക്ഷാകർത്താക്കളെയാണ് സംഘാടകർ വേദിക്കുപിന്നിൽനിന്ന് പറഞ്ഞുവിട്ടത്. ഇവിടെയെത്തിയ മാധ്യപ്രവർത്തകരോടും സമാന നിലപാടാണ് സ്വീകരിച്ചത്.

എസ്കോർട്ടിങ് അധ്യാപകർക്കു മാത്രമാണ് വേദിക്കു പിന്നിൽ പ്രവേശനം അനുവദിക്കാവൂ എന്നാണ് കോടതിയുടെ നിർദേശം എന്നു പറഞ്ഞാണ് സംഘാടകർ തടഞ്ഞത്. എന്നാൽ മത്സരാർഥികൾക്ക് പിന്തുണയായി അവർ ഒപ്പംനിൽക്കേണ്ടതല്ലേ എന്നാണ് മാതാപിതാക്കൾ ചോദിക്കുന്നത്. 

വേദിയിൽ ഇന്ന്

‘ആർദ്രമീ ധനുമാസ രാവുകളിലൊന്നിൽ’ വരുന്ന തിരുവാതിര ഇന്നാണ്. നാടായ നാട്ടിലെല്ലാം തിരുവാതിരക്കളി നടക്കുന്ന ദിവസം. ഇന്നു തിരുവാതിരക്കളി കാണാൻ കഴിയില്ലല്ലോയെന്നു വിഷമിക്കണ്ട. കലോത്സവത്തിന്റെ മൂന്നാംവേദിയായ സാമൂതിരി സ്കൂൾ മൈതാനത്തേക്ക് പോന്നോളീ. വൈകിട്ട് മൂന്നിന് എച്ച്എസ് തിരുവാതിരക്കളി മത്സരവേദിയിൽ ഇന്നു പൊടിപാറും. ഒപ്പന കാണാനും അവിടെ അവസരമുണ്ട്. സാമൂതിരി സ്കൂൾ ഓഡിറ്റോറിയത്തിലെ വേദിയായ ഭൂമിയിൽ വൈകിട്ട് മൂന്നിന് എച്ച്എസ്എസ് ഒപ്പന തിമിർക്കും. മാർഗംകളിയാണ് കാണേണ്ടതെങ്കില് ഇങ്ങള് മൂന്നിനു നേരെ വെസ്റ്റ്ഹില്ലിലെ അതിരാണിപ്പാടത്തിലേക്ക് വെച്ച് പിടിച്ചോളീ..

കാന്താര കണ്ട ഹാങ്ങോവർ തിരികെപ്പിടിക്കാൻ യക്ഷഗാനം കണ്ടാലോ? ചാലപ്പുറം അച്ചുതൻഗേൾസിലെ ‘മൂപ്പിലശ്ശേരി’യിൽ രാവിലെ ഒൻപതിന് എച്ച്എസ് യക്ഷഗാനം തുടങ്ങും.മോയിൻകുട്ടിവൈദ്യരുടക്കമുള്ള കവികളുടെ ദിവസം കൂടിയാണ് ഇന്ന് ചാലപ്പുറം ഗണപത് ബോയ്സിലേക്ക് രാവിലെ 9ന് എത്തിയാൽ എച്ച്എസ് പെൺകുട്ടികളുടെ മാപ്പിളപ്പാട്ടും കേൾക്കാം. 

ഉച്ചയ്ക്ക് 12ന് എച്ച്എസ്എസ് ആൺകുട്ടികളുടെ മാപ്പിളപ്പാട്ടും കേട്ട് തിരികെവരാം. ഇനിയിത്തിരി താളം പിടിക്കണമെങ്കിൽ അവിടെ വൈകിട്ട് മൂന്നിന് എച്ച്എസ് തായമ്പകയുമുണ്ട്. പുല്ലാങ്കുഴൽ‌ നാദത്തിലലിഞ്ഞ് മനസ്സൊന്നു കുളിർപ്പിക്കാൻ പുതിയറ എസ്കെ ഹാളിലെ തിരുനെല്ലി വേദിയിലേക്ക് രാവിലെ  ഒൻപതിനെത്താം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com