തിരുവനന്തപുരം ജില്ലയിൽ കോവിഡ് പരിശോധന വ്യാപകമാക്കും
Mail This Article
തിരുവനന്തപുരം ∙ ജില്ലയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോവിഡ് പരിശോധന വ്യാപകമാക്കാൻ ജില്ലാ ഭരണകൂടം. നിരീക്ഷണം കൂടുതൽ ശക്തമാക്കാൻ കലക്ടറേറ്റിൽ ജില്ലാതല വാർ റൂം ആരംഭിച്ചു. നഗരത്തിൽ കർശനമായ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണുള്ളതെന്നു കലക്ടർ നവജ്യോത് ഖോസ അറിയിച്ചു. കോർപറേഷനിൽ മേഖലകൾ തിരിച്ചാണു പരിശോധന. മൊബൈൽ പരിശോധനാ യൂണിറ്റ് കണ്ടെയ്ൻമെന്റ് സോണുകളിൽ ഉൾപ്പെടെ എത്തി സ്രവങ്ങൾ പരിശോധനയ്ക്ക് എടുക്കും.
കൂടുതൽ പേർ നിരീക്ഷണത്തിലുള്ള മേഖലകൾ, തീരമേഖലകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിലെല്ലാം മൊബൈൽ യൂണിറ്റ് എത്തി സ്രവം ശേഖരിക്കും. 7 മൊബൈൽ യൂണിറ്റുകൾ തയാറാക്കി. സ്രവപരിശോധന14 കേന്ദ്രങ്ങളിൽ നടത്തും. കൂടുതൽ പേർ ഒരുമിച്ചു രോഗികളാകുന്ന സാഹചര്യം ഉണ്ടായാൽ നേരിടാനായി ആരോഗ്യ വകുപ്പിനു കീഴിലെ എല്ലാ ഡോക്ടർമാരെയും സജ്ജമാക്കും. ഇതിനായി ഇവർക്കെല്ലാം പരിശീലനം നൽകും.
∙ വാർ റൂം
കലക്ടറേറ്റിൽ ആരംഭിച്ച ജില്ലാതല വാർ റൂമിൽ ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ള വിദഗ്ധർ 24 മണിക്കൂറും സജ്ജമായിരിക്കും. ജില്ലയിലെ സ്ഥിതി അപ്പപ്പോൾ അലോകനം ചെയ്ത് അടിയന്തര പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
∙ ഫോൺ നമ്പർ
കോവിഡ് സംബന്ധിച്ച വിവരങ്ങൾ അറിയിക്കാനായി 1077 എന്ന നമ്പർ നിലവിൽ വന്നു. രോഗലക്ഷണ സംശയമുള്ളവർ ആദ്യം ഫോണിലൂടെ വിളിച്ചു ഡോക്ടറുടെ സേവനം തേടണം.ഡോക്ടറുടെ നിർദേശപ്രകാരം വേണം തുടർനടപടി സ്വീകരിക്കാൻ. അത്യാവശ്യമെങ്കിൽ മാത്രമേ ആശുപത്രി സന്ദർശനം നടത്താവൂ.
∙ പ്രായമായവർ ജാഗ്രത പുലർത്തണം
അനിവാര്യമെങ്കിൽ മാത്രമേ വയോധികർ വീടിനു പുറത്തു പോകാവൂ. അത്തരം സന്ദർഭങ്ങളിൽ സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം. പൊതുജനങ്ങളുടെ സഹകരണം കലക്ടർ അഭ്യർഥിച്ചു. സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുകയും വേണം.