ADVERTISEMENT

ചിറയിന്‍കീഴ്∙ വീട്ടുമുറ്റങ്ങളിലും ക്ഷേത്രസന്നിധികളിലും പൊങ്കാലയര്‍പ്പിച്ചു സ്ത്രീഭക്തര്‍ ആറ്റുകാലമ്മയുടെ വരദാനങ്ങള്‍ക്കായി ആത്മസമര്‍പ്പണം നടത്തി. ചിറയിന്‍കീഴ് മേഖല ഇന്നലെ പുലര്‍ച്ചെ മുതല്‍ പൊങ്കാലസമര്‍പ്പണത്തിന്റെ തിരക്കിലമർന്നു . ആറ്റുകാല്‍ ക്ഷേത്രത്തില്‍ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയനാള്‍ മുതല്‍ ആരംഭിച്ച വ്രതാനുഷ്ഠാനങ്ങള്‍ക്കു പരിസമാപ്തി കൂടിയായിരുന്നു  ചടങ്ങുകള്‍. ഒട്ടുമിക്ക അമ്പലമുറ്റങ്ങളും സ്ത്രീജനങ്ങളെക്കൊണ്ടു രാവിലെതന്നെ സജീവമായിരുന്നു.പൊങ്കാലയിടാനെത്തുന്നവര്‍ക്കു ആവശ്യമായ സഹായങ്ങള്‍ ക്ഷേത്രസമിതിപ്രവര്‍ത്തകരും ഭക്തജനങ്ങളും ഉറപ്പാക്കി.

trivandrum-attukal-pongala
അഴൂര്‍ കോളിച്ചിറ ദുര്‍ഗാദേവി ക്ഷേത്രസന്നിധിയില്‍ ആറ്റുകാലമ്മയ്ക്കു പൊങ്കാലയര്‍പ്പിച്ചു നിവേദ്യസമര്‍പ്പണത്തിനായി കാത്തുനില്‍ക്കുന്ന ഭക്തജനങ്ങൾ.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പൊങ്കാലയടുപ്പുകള്‍ തമ്മില്‍ ദൂരം പാലിച്ചാണു പൊങ്കാല നടന്നത്. വീട്ടുമുറ്റങ്ങളില്‍ അടുത്തബന്ധുജനങ്ങള്‍ ഒത്തുചേര്‍ന്നു ആറ്റുകാലമ്മയ്ക്കു പൊങ്കാലസമര്‍പ്പിച്ചു. രാവിലെ 10.50നു ക്ഷേത്രസന്നിധികളില്‍ നിന്നു അടുപ്പില്‍ തീപകരുന്നതിനു മുഹൂര്‍ത്തമറിയിച്ചു കതിനാവെടികള്‍ മുഴങ്ങിയതോടെ വീട്ടുമുറ്റങ്ങളിലെ അടുപ്പുകളിലടക്കം ദീപം  ജ്വലിച്ചു. കൃത്യം 1.20നു അമ്പലമുറ്റങ്ങളില്‍നിന്നു വാദ്യമേളങ്ങള്‍ ഉയര്‍ന്നതോടെ നിവേദ്യസമര്‍പ്പണചടങ്ങുകളും പൂര്‍ത്തിയായി.

അഞ്ചുതെങ്ങ് ജ്ഞാനേശ്വരക്ഷേത്രം, ശാസ്തവട്ടം ശ്രീധര്‍മശാസ്താക്ഷേത്രം, പാലയ്ക്കല്‍ പ്രസന്നഗിരി ശ്രീഅയ്യപ്പക്ഷേത്രം,അഴൂര്‍ കോളിച്ചിറ ശ്രീദുര്‍ഗാദേവിക്ഷേത്രം,പെരുങ്ങുഴി മണ്ണീര്‍വിളാകം ശ്രീഭദ്രകാളീദേവീക്ഷേത്രം, മുരുക്കുംപുഴ ഇടവിളാകം ചെമ്പകക്കുന്ന് ശ്രീഗോപാലകൃഷ്ണസ്വാമിക്ഷേത്രം, പെരുങ്ങുഴി നാലുമുക്ക് ശ്രീനാരായണഗുരുക്ഷേത്രമണ്ഡപം എന്നിവിടങ്ങളിലും ആറ്റുകാല്‍ ക്ഷേത്രോല്‍സവത്തിന്റെ ഭാഗമായുള്ള പൊങ്കാലസമര്‍പ്പണ വഴിപാടുല്‍സവം ഭക്തിപൂര്‍വം നടന്നു.

∙ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചു നാടെങ്ങും ഭക്തിയുടെ നിറവിൽ പൊങ്കാലയർപ്പിച്ചു. വീട്ടുമുറ്റങ്ങളും ക്ഷേത്രപ്പറമ്പുകളും ഗ്രാമ വീഥികളും പൊങ്കാല അടുപ്പുകൾ നിറഞ്ഞു ഭക്തിസാന്ദ്രമായി.തലേദിവസം മുതൽ തന്നെ വിവിധ സ്ഥലങ്ങളിൽ ഭക്തർ അടുപ്പു കൂട്ടി പൊങ്കാലയൊരുക്കങ്ങൾ നടത്തി.അതതു പ്രദേശത്തെ ക്ഷേത്ര തന്ത്രിമാരും ബന്ധപ്പെട്ടവരും നേതൃത്വം നൽകി. മുക്കുന്നൂർ കുഴിവിള മാടൻനടയിൽ മുക്കുന്നൂർ നിവാസികളും തുണ്ടിൽ ഗണപതി ക്ഷേത്രത്തിൽ മുരൂർക്കോണം നിവാസികളും പൊങ്കാലയർപ്പിച്ചു.ആലിയാട്,മൂളയം, തേമ്പാംമൂട്, പിരപ്പൻകോട്, വേങ്കമല,കല്ലറ,ചെറുവാളം,ഭരതന്നൂർ,മൈലമൂട് കോട്ടയപ്പൻകാവ് എന്നിവിടങ്ങളിലും പൊങ്കാലയർപ്പണം ന‍ടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com