വിഷ്ണുനാരായണൻ നമ്പൂതിരി: അർഹിച്ചതൊന്നും കിട്ടാതെ പോയ കവിയെന്ന് ഡോ.എം. ലീലാവതി
Mail This Article
കളമശേരി ∙ ഭാരതീയ സംസ്കാരത്തിന്റെ പ്രതിഫലനം സാഹിത്യത്തിൽ ഏറ്റവുമധികം സാക്ഷാത്കരിച്ച പ്രഫ.വിഷ്ണു നാരായണൻ നമ്പൂതിരിയുടെ പേരിലുള്ള പുരസ്കാരം സ്വീകരിക്കാൻ സന്തോഷമുണ്ടെങ്കിലും പ്രായത്തിൽ തന്നേക്കാൾ എത്രയോ താഴെയായ അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്കാരം സ്വീകരിക്കേണ്ടിവന്നതു ദുര്യോഗമാണെന്നു പറഞ്ഞു വിതുമ്പി ഡോ.എം.ലീലാവതി. കിട്ടേണ്ടതൊന്നും കിട്ടാതെ പോയ കവിയുടെ പേരിൽ കിട്ടാനർഹതയില്ലാത്തതൊന്നു സ്വീകരിക്കേണ്ടി വരുന്നുവല്ലോ എന്ന ദുഃഖമാണു തനിക്കുള്ളതെന്നും അവർ പറഞ്ഞു.
പ്രഫ.വിഷ്ണു നാരായണൻ നമ്പൂതിരിയുടെ പേരിലുള്ള ൈവഷ്ണവം ട്രസ്റ്റിന്റെ പ്രഥമ വൈഷ്ണവം പുരസ്കാരം, ട്രസ്റ്റ് പ്രസിഡന്റ് പ്രഭാവർമയിൽ നിന്നു സ്വീകരിക്കുകയായിരുന്നു അവർ. ഭാരതീയ സംസ്കാരത്തിന്റെ േപരിലുള്ള എല്ലാ പുരസ്കാരങ്ങളും തേടിവരേണ്ട കവിയായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരിയെന്ന് ഡോ. ലീലാവതി പറഞ്ഞു. ‘കവിതയുടെ വിഷ്ണുലോകം’ ഏറ്റവും അധികം ശ്രദ്ധവച്ച് താൻ എഴുതിയ പഠനമാണ്. വിഷ്ണുനാരായണൻ നമ്പൂതിരി അതു ശ്രദ്ധിച്ചു വായിച്ച് അഭിപ്രായം പറയും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു.
എഴുതുമ്പോഴുണ്ടായിരുന്ന ചരിതാർഥത പ്രകാശനത്തോടു കൂടി ഇല്ലാതായി. കാണേണ്ട ആൾ കണ്ടില്ലല്ലോ എന്നുള്ള ദുഃഖം മൂലം ഇപ്പോൾ ഈ പുസ്തകം തുറന്നു നോക്കാൻ പോലും വിഷമമാണ്– അവർ പറഞ്ഞു. വിഷ്ണുനാരായണൻ നമ്പൂതിരിയുടെ മകൾ ഡോ. എൻ. അദിതി, ഡോ.ആർ.അജയകുമാർ, ഡോ. ശ്രീവൽസൻ നമ്പൂതിരി, കെ.രാമൻപിള്ള, ആർ.അജിത്കുമാർ, വെണ്മണി രാധാകൃഷ്ണൻ നമ്പൂതിരി, ഡോ.കെ.രതി മേനോൻ പ്രസംഗിച്ചു.