ADVERTISEMENT

തിരുവനന്തപുരം ∙ പി.ടി.തോമസിന്റെ ഓർമകൾ നിറഞ്ഞ ചന്ദ്രഗിരി ബ്ലോക്കിലെ 403–ാം നമ്പർ മുറിയിൽ നിന്നിറങ്ങുമ്പോൾ ഉമ കയ്യിൽ മുറുകെപ്പിടിച്ചു ചണനൂൽ‌ കൊണ്ടുണ്ടാക്കിയ ആ ഫയൽ. അതിനുള്ളിൽ‌ പി.ടി അവസാന നാളുകളിൽ കഴുത്തിൽ ചുറ്റിയിരുന്ന ത്രിവർണ ഷാൾ. പിന്നെ, പി.ടി സ്ഥിരമായി കുത്തിക്കുറിക്കുന്ന പേനയും കടലാസുകളും. എംഎൽഎ ഹോസ്റ്റലിലെ ഇൗ മുറിയിൽ ഇരുന്നു രേഖപ്പെടുത്തുന്ന കുറിപ്പുകളായിരുന്നു പിറ്റേന്നു നിയമസഭയിൽ പ്രതിപക്ഷത്തു നിന്നു ഭരണപക്ഷത്തേക്കു കൂരമ്പുകളായി പാഞ്ഞിരുന്നത്.

എന്തിനാണ് എതിരാളികളെ ഇത്രയും ആക്രമിച്ചു പ്രസംഗിക്കുന്നതെന്ന് ഒരിക്കൽ താൻ ചോദിച്ചെന്ന് ഉമ പറഞ്ഞു. അപ്പോൾ പി.ടി പറഞ്ഞു : ‘‘പറയാൻ തോന്നുന്നത് തൊണ്ടയിലേക്കു വന്നാൽ പിന്നെ വിഴുങ്ങാൻ പറ്റില്ല. പറയുക തന്നെ വേണം. ഇത്രയും നാൾ അങ്ങനെയായിരുന്നു. ഇനിയും അങ്ങനെ തന്നെ.’’ പി.ടിയുടെ വിയോഗത്തിനു പിന്നാലെ ഇൗ മുറി കോൺഗ്രസ് എംഎൽഎ റോജി എം.ജോണിനു കൈമാറിയിരുന്നു. റോജിയുടെ അഭ്യർഥന സ്വീകരിച്ചാണ് ഇന്നലെ പുലർച്ചെ ഉമയും മക്കളും കൊച്ചിയിൽ നിന്നു നേരെ ഇൗ മുറിയിലേക്കു വന്നത്.

രാവിലെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെയും ഉമ്മൻചാണ്ടിയുടെയും വീടുകളിലെത്തി ഉമ അനുഗ്രഹം തേടി. എ.കെ.ആന്റണി ആയുർവേദ ചികിത്സയിൽ ആയതിനാൽ ഫോണിലൂടെ സംസാരിക്കാനേ ആയുള്ളൂ. 11.30നായിരുന്നു നിയമസഭയിലെ സത്യപ്രതിജ്ഞ. കെ.സുധാകരൻ, വി.‍ഡി.സതീശൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, എം.എം.ഹസൻ തുടങ്ങിയ നേതാക്കൾക്കൊപ്പമെത്തിയ ഉമ, സ്പീക്കർ എം.ബി.രാജേഷിനു മുന്നിൽ ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്ത് കോൺഗ്രസിന്റെ ഒരേയൊരു വനിതാ അംഗമായി. സത്യവാചകം ചൊല്ലിക്കൊടുത്തതും വനിതയായിരുന്നു: സഭാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന കവിത ഉണ്ണിത്താൻ.

എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എംഎൽഎമാരായ അൻവർ സാദത്ത്, എൽദോസ് കുന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ എത്തിയ തൃക്കാക്കരയിലെ നൂറോളം വോട്ടർമാരും സ്പീക്കറുടെ ചേംബറിനു പുറത്ത് ഒരുക്കിയ സ്ക്രീനിൽ സത്യപ്രതിജ്ഞ കണ്ടു. കെ.സി.ജോസഫ്, എ.പി.അനിൽകുമാർ, പാലോട് രവി, മോൻസ് ജോസഫ്, പി.കെ.ബഷീർ, എം.വിൻസന്റ്, മാണി സി.കാപ്പൻ, ഡൊമിനിക് പ്രസന്റേഷൻ, വി.എസ്.ശിവകുമാർ, സണ്ണി ജോസഫ് തുടങ്ങിയ നേതാക്കളും പങ്കെടുത്തു.  മക്കളായ ഡോ.വിഷ്ണു, വിവേക്, മരുമകൾ ഡോ.ബിന്ദു അബി തമ്പാൻ എന്നിവരും എത്തി. നിയമസഭയിലെ വനിതാ ജീവനക്കാർക്കൊപ്പം അൽപനേരം ചെലവിട്ട ശേഷമാണ് ഉമ മടങ്ങിയത്.

പ്രവർത്തനം ജനങ്ങളുടെ ആഗ്രഹമനുസരിച്ച് : ഉമ

തൃക്കാക്കരയിലെ ജനങ്ങളുടെ ആഗ്രഹമനുസരിച്ചായിരിക്കും തന്റെ പ്രവർത്തനമെന്നും ഇതിനായി എല്ലാ വോട്ടർമാരുമായും ആശയ വിനിമയം നടത്തുമെന്നും ഉമ തോമസ് എംഎൽഎ. ശുദ്ധജല ക്ഷാമമാണ് മണ്ഡലത്തിലെ ഏറ്റവും വലിയ പ്രശ്നം. മറുവശത്ത് വെള്ളക്കെട്ടുമുണ്ട്. ഇൗ 2 പ്രശ്നങ്ങൾക്കും മുൻഗണന നൽകി പരിഹാരം കാണും. നിയമസഭയിൽ എല്ലാ കാര്യങ്ങളും തുടക്കം മുതൽ പഠിക്കേണ്ടിയിരിക്കുന്നു. ഒന്നാം പാഠം മുതൽ പഠിച്ചു തുടങ്ങുകയാണെന്നും അവർ പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com