ADVERTISEMENT

വിതുര∙ കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴിയിൽ റോഡിനു കുറുകെ ഒഴുകുന്ന തോട് കര കവിഞ്ഞതിനെ തുടർന്നു വിനോദ സഞ്ചാരികളും വാഹനങ്ങളും അപ്പുറം കുടുങ്ങി. രാത്രി വൈകിയും മഴ ശമിക്കാത്ത സാഹചര്യത്തിൽ സുരക്ഷയെ മുൻ നിർത്തി രണ്ട് കുട്ടികൾ അടക്കം ഒൻപത് പേരെ തോടിനപ്പുറത്തെ വനം വകുപ്പ് ഓഫിസിലേക്കും വീട്ടിലേക്കുമായി മാറ്റി. കൊല്ലത്ത് നിന്നും പൊന്മുടി സന്ദർശനത്തിനെത്തിയ നാലംഗ കുടുംബവും തിരുവനന്തപുരം നഗരത്തിൽ നിന്നെത്തിയ അഞ്ചംഗ കുടുംബവുമാണു മീൻമുട്ടി തോടിനപ്പുറം കുടുങ്ങിയത്. ഇവരുടെ വാഹനങ്ങളും തോടിനപ്പുറം കുടുങ്ങി കിടക്കുകയാണ്.

മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്കുള്ള കവാടത്തിനു സമീപത്തു നിന്നും വാമനപുരം നദിയിലേക്കു വന്നു ചേരുന്ന തോടാണ് കര കവിഞ്ഞത്. ഇവിടെ ചെറിയ പാലം ഉണ്ടെങ്കിലും ചപ്പാത്തിലൂടെ ആണു വാഹനങ്ങൾ സഞ്ചരിക്കുന്നത്. മഴ ശക്തമായതോടെ യാത്ര അസാധ്യമാക്കും വിധം ജല നിരപ്പ് ഉയരുകയായിരുന്നു. തോടിനപ്പുറം കുടുങ്ങിയ കുറച്ചു പേരെ മഴയ്ക്കു നേരിയ ശമനം ഉണ്ടായപ്പോൾ ഇപ്പുറത്ത് എത്തിച്ചിരുന്നു. എന്നാൽ മഴ വീണ്ടും ശക്തി പ്രാപിച്ചതോടെ ബാക്കിയുള്ള 9 പേരെ അപ്പുറത്തു താമസിപ്പിക്കാൻ പൊലീസ് ഇടപെട്ടു നിർദേശിക്കുകയായിരുന്നു. ബോണക്കാട് മേഖലയിൽ മഴ ശക്തമായതിനാൽ ഇന്നു ജല നിരപ്പ് താഴുന്നതു വരെ വിനോദ സഞ്ചാരികൾ അവിടെ തങ്ങേണ്ടി വരും. കല്ലാർ മംഗലക്കരിക്കകത്തെ വീട്ടിൽ നിന്നും ഇവർക്കു ഭക്ഷണം സജ്ജമാക്കി.

രണ്ടു വിനോദ സഞ്ചാരികൾ പാറയിൽ കുടുങ്ങി; ഫയർ ഫോഴ്സെത്തി കരയ്ക്കെത്തിച്ചു

ശക്തമായ മഴയിൽ വാമനപുരം നദിയിലെ ജല നിരപ്പ് ഉയർന്നതിനെ തുടർന്നു പാറയിൽ ഇരിക്കുകയായിരുന്ന വിനോദ സഞ്ചാരികൾ കുടുങ്ങി. മണക്കാട് സ്വദേശി സിദ്ദിഖ്(29), ആനയറ സ്വദേശി ശബരി(30) എന്നിവരാണു കുടുംങ്ങിയത്. ഇവർ ഇരുന്ന പാറയ്ക്കു ചുറ്റും ശര വേഗത്തിൽ വെള്ളം ഉയർന്നതാണു വില്ലനായത്. കല്ലാർ രണ്ടാം പാലത്തിനു സമീപം ആയിരുന്നു സംഭവം.  ഇവരെ ഫയർ ഫോഴ്സ് എത്തിയാണു കരയ്ക്കെത്തിച്ചത്.

നദിക്കു കുറുകെ വടം പാറയിലേക്ക് എറിഞ്ഞു ലൈഫ് ജാക്കറ്റ് ഇട്ട് ഇവരെ കരയ്ക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നീരൊഴുക്ക് നിമിഷം പ്രതി ഉയർന്നതു ബുദ്ധിമുട്ട് സൃഷ്ടിച്ചു. തുടർന്നു മരത്തിൽ ലൈഫ് ലാഡർ ഘടിപ്പിച്ചു പാറയുടെ അടുത്ത് വരെ ദീർഘിപ്പിച്ച് നാട്ടുകാരുടെ സഹായത്തോടെ ഇവരെ രക്ഷിക്കുകയായിരുന്നു.  35 അടി ലാഡറും ബാക്കി വടവും ഉപയോഗിച്ചാണു പാറ വരെ ഫയർ ഫോഴ്സ് ജീവനക്കാർ എത്തിയത്.

കരയിൽ നിന്നും നാൽപതോളം അടി അകലെ ആയിരുന്നു പാറയുടെ സ്ഥാനം. ലാഡറിൽ ഫയർ ഫോഴ്സ് ജീവനക്കാർ നടന്നെത്തി വിനോദ സഞ്ചാരികളെ കരയിൽ എത്തിക്കുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ജി. രവീന്ദ്രൻ നായർ, സീനിയർ ഫയർ ഓഫിസർ എസ്. സുലൈമാൻ, ഫയർ ഓഫിസർമാരായ അഭിലാഷ് എസ്. നായർ, എസ്.എൽ. ബിനു, വിനിൽ വി. നായർ, വി.എസ്. വിനീത്, എം. രാജീവ് എന്നിവരാണു ദൗത്യത്തിനു നേതൃത്വം നൽകിയത്. ദൗത്യം ശ്രമകരമായിരുന്നു എന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പറഞ്ഞു.

വിനോദ സഞ്ചാരത്തിനു നിരോധം

ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളായ പൊന്മുടി, കല്ലാർ മീൻമുട്ടി, ഗോൾഡൻ വാലി മങ്കയം എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു നിരോധിച്ചതായി ഡിഎഫ്ഒ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com