വിടവാങ്ങുന്നത് തലസ്ഥാനത്തിന്റെ പ്രിയങ്കരൻ; തലശ്ശേരിയിലേക്കു ഭൗതിക ദേഹം എത്തിക്കും
Mail This Article
തിരുവനന്തപുരം∙ തലസ്ഥാനത്തു നിറഞ്ഞു നിന്ന പ്രിയങ്കരനായ നേതാവിനെയാണ് നഷ്ടമാകുന്നത്. അവസാനമായി കോടിയേരിയെ ഒരു നോക്ക് കാണാനും തലസ്ഥാനത്തിനു കഴിഞ്ഞില്ല. ചെന്നൈയിൽ നിന്ന് തലശ്ശേരിയിലേക്കാണ് അദ്ദേഹത്തിന്റെ ഭൗതിക ദേഹം എത്തിക്കുന്നത്.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥി ആയിരിക്കുമ്പോൾ തുടങ്ങിയതാണ് കോടിയേരിയും തിരുവനന്തപുരവും തമ്മിലെ ബന്ധം. പിന്നീടങ്ങോട്ട് കണ്ണൂരുള്ളതിനേക്കാൾ കോടിയേരി തിരുവനന്തപുരത്താണ് ഉണ്ടായിരുന്നത്. വിദ്യാർഥി ആയിരിക്കുമ്പോൾ മുതൽ തലസ്ഥാനത്തെ സമരമുഖങ്ങളിൽ അദ്ദേഹം നിറഞ്ഞു നിന്നു.
42–ാം വയസ്സിൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ എത്തിയതു മുതൽ കോടിയേരിയുടെ കേന്ദ്രം എകെജി സെന്റർ ആയിരുന്നു. സെന്ററിന്റെ താഴത്തെ നിലയിലായിരുന്നു ആദ്യം അദ്ദേഹത്തിന്റെ മുറി. പിന്നീട് പാർട്ടി നേതാക്കൾക്കായി എകെജി ക്വാർട്ടേഴ്സ് പണിതതോടെ കോടിയേരിയും കുടുംബവും അങ്ങോട്ടു മാറി. ആ ക്വാർട്ടേഴ്സിലും നേരെ മുന്നിലുള്ള എകെജി സെന്ററിലും കോടിയേരി മാറി മാറി ഉണ്ടായി.ഇടക്കാലത്ത് മരുതംകുഴിയിൽ മകൻ ബിനീഷ് വാങ്ങിയ ‘കോടിയേരി’ എന്നു തന്നെ പേരുളള വീട്ടിലേക്ക് കോടിയേരി മാറിയെങ്കിലും വൈകാതെ വീണ്ടും എകെജി ക്വാർട്ടേഴ്സിലേക്കു തിരിച്ചെത്തി. ചെന്നൈയിലേക്ക് ഒടുവിൽ ചികിത്സയ്ക്കായി തിരിച്ചതും ആ ക്വാർട്ടേഴ്സിൽ നിന്നു തന്നെയാണ്.
തലസ്ഥാനത്തെ എത്രയോ വേദികളിൽ കോടിയേരി കത്തിക്കയറിയിരിക്കുന്നു, എകെജി സെന്ററിലെ മാധ്യമ സമ്മേളന മുറിയിൽ അദ്ദേഹത്തിന്റെ വാക്കുകൾക്കായി എത്രയോ തവണ മാധ്യമപ്രവർത്തകർ കാത്തിരുന്നു. ഏതു സമയത്തും ആർക്കും പ്രാപ്യനായിരുന്നു കോടിയേരി. പാർട്ടിക്കാർക്കും എൽഡിഎഫ് നേതാക്കൾക്കും എകെജി ക്വാർട്ടേഴ്സിലെ ആ ഫ്ലാറ്റിലെത്തിയാൽ ഏതു പ്രശ്നത്തിനും പരിഹാരം ഉണ്ടാകുമായിരുന്നു. ആഭ്യന്തര മന്ത്രി എന്ന നിലയിലും തലസ്ഥാനത്തു കോടിയേരി നിറഞ്ഞു നിന്നു. നിയമസഭാംഗം എന്ന നിലയിൽ പതിറ്റാണ്ടുകളോളം സഭാ സമുച്ചയത്തിലെ താരങ്ങളിൽ ഒരാളായി. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പാർട്ടി ചുമതലക്കാരനും വർഷങ്ങളായി കോടിയേരി ആയിരുന്നു.
ആനാവൂർ നാഗപ്പൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആയ ശേഷം തിരുവനന്തപുരത്ത് ഒരു പകരം ജില്ലാ സെക്രട്ടറിയെ നിശ്ചയിക്കാൻ തന്നെ പാർട്ടിക്ക് കഴിയാതെ പോയത് കോടിയേരിയുടെ അഭാവം മൂലമായിരുന്നു. ഏതു തർക്കത്തിനും പരിഹാരകനായി കോടിയേരി ഉണ്ടെങ്കിൽ അത് പാർട്ടിക്ക് ഒരു ഉറപ്പും വിശ്വാസവും ആയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു സമയത്ത് പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിന്നപ്പോഴും തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് ചുമതല കോടിയേരി തന്നെയാണ് നിർവഹിച്ചത്. പതിനാലിൽ പതിമൂന്ന് സീറ്റും നേടിയത് അന്ന് ഇടതുമുന്നണി തന്നെ.