ആർക്കും സമീപിക്കാവുന്ന സൗമ്യ മുഖമായിരുന്നു കോടിയേരി : ക്ലീമീസ് ബാവാ
Mail This Article
തിരുവനന്തപുരം∙ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിൽ ആർക്കും സമീപിക്കാവുന്ന സൗമ്യ മുഖമായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ അനുസ്മരിച്ചു. ആർക്കും സമീപിക്കാവുന്ന ചില പ്രത്യേകതകൾ അദ്ദേഹത്തിന്റെ കൈമുതലായിരുന്നു.
സ്വതസിദ്ധമായ ലാളിത്യവും വിനയവും ചേർന്ന പെരുമാറ്റം എപ്പോഴും ഓർമയിലുണ്ട്. ഭരണ തലത്തിലും പാർട്ടി തലത്തിലും പൊതുസമൂഹത്തിനും സ്വീകാര്യമായ വ്യക്തിത്വമായിരുന്നു . എല്ലാ വിഭാഗം ജനങ്ങളുടെയും പൊതു നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വേർപാട് പൊതു സമൂഹത്തിലുണ്ടാക്കിയ ശൂന്യത വളരെ വലുതാണെന്നും കർദിനാൾ അനുസ്മരിച്ചു.
കോടിയേരിക്ക് ടൂറിസം മേഖലയുടെ പ്രണാമം
തിരുവനന്തപുരം∙ സമുന്നത രാഷ്ട്രീയ നേതാവും മുൻ ടൂറിസം മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അനുശോചിക്കുന്നതായി കോൺഫെഡറേഷൻ ഓഫ് ടൂറിസം ഇൻഡസ്ട്രി അറിയിച്ചു. ആഗോളശ്രദ്ധ നേടിയ കേരള മോഡൽ ഉത്തരവാദിത്ത ടൂറിസത്തിനു തുടക്കമിട്ടതു കോടിയേരിയാണെന്നു കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ഇ.എം.നജീബ് അനുസ്മരിച്ചു.
സർക്കാർ–സ്വകാര്യ പങ്കാളിത്തം ടൂറിസം വികസനത്തിൽ മുഖ്യ പങ്കു വഹിക്കുന്നു എന്ന് അദ്ദേഹം മനസ്സിലാക്കി. ഇന്നു ലോകം അറിയപ്പെടുന്ന കലാമേളയായ കൊച്ചി മുസിരിസ് ബിനാലെക്കു തുടക്കം കുറിച്ചതും കോടിയേരിയാണ്.