ADVERTISEMENT

തിരുവനന്തപുരം ∙ വഴിനീളെ തട്ടംപൂജയും പുഷ്പവൃഷ്ടിയുമായി എതിരേറ്റ വേളിമല കുമാരസ്വാമിയുടെ പുജപ്പുരയിലേക്കുള്ള എഴുന്നള്ളത്ത് ഭക്തിനിർഭരമായി. പള്ളിവേട്ട ദർശിക്കാൻ പൂജപ്പുര സരസ്വതി മണ്ഡപത്തിൽ ആയിരങ്ങളാണ് തടിച്ചു കൂടിയത്. പത്മനാഭപുരത്തു നിന്നെത്തിച്ച നവരാത്രി വിഗ്രഹങ്ങൾക്ക് ഇന്ന് നല്ലിരുപ്പ്. സരസ്വതി ദേവിയെയും വേളിമല കുമാര സ്വാമിയെയും മുന്നൂറ്റി നങ്കയെയും നാളെ പത്മനാഭപുരത്തേക്കു തിരിച്ചെഴുന്നള്ളിക്കും. ഞായറാഴ്ച വൈകിട്ടോടെ വിഗ്രഹങ്ങൾ മാതൃ ക്ഷേത്രങ്ങളിലെത്തും.  ഇന്നലെ രാവിലെ പൂജയെടുപ്പിനു ശേഷമാണ് ആര്യശാല ക്ഷേത്രത്തിൽ നിന്ന് വേളിമല കുമാരസ്വാമിയെ വെള്ളിക്കുതിരപ്പുറത്ത് പൂജപ്പുര മണ്ഡപത്തിലേക്ക് എഴുന്നെള്ളിച്ചത്.

കരമന നിന്നും രാവിലെ 9 ന് ഘോഷയാത്ര പുറപ്പെട്ടു. വഴിനീളെ ഭക്തർ തട്ടം പൂജയും പുഷ്പവൃഷ്ടിയുമായി കുമാരസ്വാമിയെ വരരേറ്റു. തുടർന്ന് വിഗ്രഹത്തെ പൂജപ്പുര സരസ്വതി മണ്ഡപത്തിൽ കുടിയിരുത്തി. ഇതേ സമയം ചെങ്കള്ളൂർ മഹാദേവ ക്ഷേത്രത്തിൽ നിന്ന് കാവടി ഘോഷയാത്ര സരസ്വതി മണ്ഡപത്തിലേക്കു പുറപ്പെട്ടു. വായ് കുരവകളുടെയും മുരുക സ്തുതികളുടെയും അകമ്പടിയിൽ വൈകിട്ട് 4.30 ന് പള്ളിവേട്ടയ്ക്കായി കുമാരസ്വാമി സരസ്വതി മണ്ഡപത്തിനു പുറത്തിറങ്ങി. പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. വേട്ടക്കളത്തെ മൂന്നു വട്ടം വലം വച്ച ശേഷം വേട്ട നടത്തി തിരികെ സരസ്വതി മണ്ഡപത്തിലെത്തി. ഏതാനും നിമിഷം വിശ്രമിച്ച ശേഷം നേരെ പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക്. 

സന്ധ്യയോടെ ചെന്തിട്ട ക്ഷേത്രത്തിൽ നിന്ന് മുന്നൂറ്റിനങ്കയെയും കുമാരസ്വാമിയെയും കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിനു മുന്നിലേക്ക് എഴുന്നെള്ളിച്ചു. അവിടെ രാജകുടുംബാംഗങ്ങളുടെ  വക സ്വീകരണത്തിനു ശേഷം വിഗ്രഹങ്ങളെ ക്ഷേത്രങ്ങളിലേക്ക് മടക്കി കൊണ്ടുപോയി. ശ്രീ പത്മനാഭസ്വാമി ക്ഷേത്രം സ്ഥാനി മൂലം തിരുനാൾ രാമവർമ, പൂയം തിരുനാൾ ഗൗരി പാർവതി ബായി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി, ആദിത്യവർമ, നവരാത്രി ട്രസ്റ്റ് ഭാരവാഹികളായ ആർ.രാജരാജവർമ, ഡി.വെങ്കിടേശ്വര അയ്യർ എന്നിവർ വിഗ്രഹങ്ങൾക്ക് ആചാരപരമായ വരവേൽപ്പ് നൽകി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com