കേരള കക്ഷികളെ വല എറിഞ്ഞ് ജനതാദൾ(യു); എൽജെഡിയെയും മാണി സി.കാപ്പനെയും നോട്ടമിട്ട് നിതീഷ് കുമാർ
Mail This Article
തിരുവനന്തപുരം∙എൻഡിഎ വിട്ട് മതനിരപേക്ഷ ചേരിയുടെ ഭാഗമായ ജനതാദൾ(യു) നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ ഒരേ സമയം കേരളത്തിലെ എൽഡിഎഫിലെയും യുഡിഎഫിലെയും ചില കക്ഷികളെ ഒപ്പം കൂട്ടാൻ നീക്കം നടത്തുന്നു.
ലോക് താന്ത്രിക് ജനതാദൾ(എൽജെഡി) നേതൃത്വവുമായി നിതീഷ് ചർച്ച നടത്തി. ഇതേ സമയത്തു തന്നെ നേരത്തെ എൻസിപി വിട്ട് യുഡിഎഫിന്റെ ഭാഗമായി എംഎൽഎ ആയ മാണി സി.കാപ്പനും നിതീഷിനെ കണ്ടു. എൽഡിഎഫിൽ ഉള്ള ജനതാദളു(എസ്)മായി ദേശീയതലത്തിൽ ലയന ചർച്ചകളും നിതീഷ് നടത്തുന്നുണ്ട്.
ബിഹാറിൽ രാഷ്ട്രീയ ജനതാദളുമായി(ആർജെഡി) ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ച നിതീഷ് പ്രതിപക്ഷ ചേരിയുടെ നേതൃത്വത്തിലേക്ക് വരാൻ കൂടുതൽ കരുത്ത് ആർജിക്കാൻ ആഗ്രഹിക്കുന്നു. ഇതിന്റെ ഭാഗമായി ജനതാദൾ പരിവാർ എന്ന പുതിയ പാർട്ടി രൂപീകരിക്കാൻ നടത്തുന്ന നീക്കങ്ങളുമായി ബന്ധപ്പെട്ടാണ് കേരളത്തിൽ നിയമസഭാ പ്രാതിനിധ്യം ഉള്ള പാർട്ടികളെയും ബന്ധപ്പെടുന്നത്.
നേരത്തെ ജനതാദളു(എസ്)മായി ലയിക്കാൻ തീരുമാനിച്ച എൽജെഡി പിന്നീട് അതിൽ നിന്ന് പിന്നോട്ടു പോയിരുന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവിനെ ദൾ(എസ്) പിന്തുണച്ചതിന്റെ പേരിലായിരുന്നു പിന്മാറ്റം. ഈ ഘട്ടത്തിലാണ് നിതീഷിന്റെ ക്ഷണം. ജനതാദൾ(എസ്) കേരളത്തിൽ പിളർന്നശേഷം നിതീഷ് കുമാറിന്റെ പാർട്ടിയുടെ ഭാഗമായാണ് ഇപ്പോഴത്തെ എൽജെഡി വിഭാഗം ഇടക്കാലത്ത് പ്രവർത്തിച്ചിരുന്നത്.
പഴയ ജനതാദളി(യു)ലേക്ക് തിരിച്ചുവന്നു കൂടെ എന്ന നിർദേശം നിതീഷ് വച്ചു. നിതീഷിനൊപ്പം ജനതാദൾ(യു) ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന വർഗീസ് ജോർജുമായി നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്കുമാറുമായി നിതീഷ് നേരിട്ട് സംസാരിച്ചു. ബിജെപി മുന്നണിയിലേക്ക് ഇനി തിരിച്ചു പോകില്ലെന്ന ഉറപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച കോഴിക്കോട്ട് ചേർന്ന എൽജെഡി നേതൃയോഗത്തിൽ ശ്രേയാംസ് ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ചർച്ചകളുമായി മുന്നോട്ടു പോകാനുളള അംഗീകാരം യോഗം നൽകി.
യുപിഎയുമായി ദേശീയ തലത്തിൽ സഹകരിക്കുന്നതു കണക്കിലെടുത്താണ് രണ്ടാഴ്ച മുൻപ് മാണി സി.കാപ്പൻ നിതീഷിനെ കണ്ടത്. ലയനത്തിനുള്ള സന്നദ്ധത അറിയിച്ചു. എന്നാൽ കേരളത്തിൽ എൽഡിഎഫിനൊപ്പം നിൽക്കുന്ന കക്ഷികളുമായും നിതീഷ് ആശയ വിനിമയം നടത്തുന്നത് മനസ്സിലാക്കിയതോടെ തുടർ നടപടികൾ ഉണ്ടായിട്ടില്ല.
നിതീഷിന്റെ ഐക്യ നീക്കങ്ങൾ ഇക്കഴിഞ്ഞ ദിവസം നടന്ന ജനതാദൾ(എസ്) ദേശീയ നിർവാഹക സമിതിയും ചർച്ച ചെയ്തു. ഒരുമിച്ചു പ്രവർത്തിക്കാനുള്ള സാധ്യത ആരായാനാണ് തീരുമാനം. ദേവഗൗഡയും നിതീഷും കൈ കൊടുത്താൽ അതിന് അനുസൃതമായി കേരളത്തിലെ ദളുകളും ഒന്നാകും.