പതിനാറുകാരന് പീഡനം; ട്രാൻസ്ജെൻഡർക്ക് 7 വർഷം കഠിനതടവ്
Mail This Article
തിരുവനന്തപുരം ∙പതിനാറുകാരനെ പീഡിപ്പിച്ച കേസിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപെട്ട പ്രതി ചിറയിൻകീഴ് ആനത്തലവട്ടം എൽപിഎസിനു സമീപം സച്ചു സാംസണ് (34) 7 വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവു ശിക്ഷ അനുഭവിക്കണമെന്നു പ്രത്യേക അതിവേഗ കോടതി ഉത്തരവിട്ടു.
സംഭവ സമയത്തു ട്രാൻസ്വുമൺ ആയിരുന്നെന്നും ഷെഫിൻ എന്നു പേരു മാറ്റിയിരുന്നെന്നും വിചാരണവേളയിൽ പ്രതി അവകാശപ്പെട്ടിരുന്നു. എന്നാൽ അന്നു പ്രതിയുടെ ലൈംഗികശേഷി പരിശോധന നടത്തിയപ്പോൾ പുരുഷനായിരുന്നെന്നും വിചാരണ സമയത്താണ് ട്രാൻസ്വുമണായി മാറിയതെന്നും പ്രോസിക്യൂഷൻ വാദിച്ചു.
2016 ഫെബ്രുവരി 23ന് ചിറയിൻകീഴിൽ നിന്നു ട്രെയിനിൽ തിരുവനന്തപുരത്തേക്കു വരികയായിരുന്ന കുട്ടിയെ പ്രതി പരിചയപ്പെട്ടു. തുടർന്ന് തമ്പാനൂർ പബ്ലിക് കംഫർട്ട് സ്റ്റേഷനിൽ കൊണ്ടു പോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനു വിധേയനാക്കിയെന്നാണു കേസ്. ഭയന്ന കുട്ടി വീട്ടുകാരോടു സംഭവം പറഞ്ഞില്ല.
വീണ്ടും ഫോണിൽ നിരന്തരം വിളിക്കുകയും മെസേജയയ്ക്കുകയും ചെയ്തപ്പോൾ സംശയം തോന്നിയ അമ്മ പീഡനവിവരം മനസ്സിലാക്കുകയായിരുന്നു. പൊലീസ് നിർദേശ പ്രകാരം അമ്മ പ്രതിക്കു മെസേജ് അയച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.