ADVERTISEMENT

തിരുവനന്തപുരം ∙ പരകോടി പ്രാർഥനകൾക്കു പുണ്യം തേടി ഇന്ന് ആറ്റുകാൽ പൊങ്കാല. രാവിലെ പത്തരയ്ക്കാണ് അടുപ്പുവെട്ട്. ഉച്ചയ്ക്ക് ശേഷം 2.45 ന് നിവേദ്യം. പൊങ്കാല സമർപ്പണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. 

ആറ്റുകാൽ ക്ഷേത്രത്തിലെ തിരക്ക്.

സുരക്ഷയ്ക്ക് 3480 പൊലീസുകാർ

ഭക്തർക്ക് സുരക്ഷയൊരുക്കാൻ 3840 പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. മറ്റു ജില്ലകളിൽ നിന്നും വിവിധ ബറ്റാലിയനുകളിൽ നിന്നും സ്പെഷൽ വിങ്ങുകളിൽ നിന്നുള്ളവരാണിവർ. കുറ്റകൃത്യങ്ങൾ തടയുന്നതിന് മഫ്തിയിൽ പ്രത്യേക വനിത ഷാഡോ സംഘങ്ങളും ക്ഷേത്ര പരിസരത്തുണ്ടാകും. പൊങ്കാല കഴിഞ്ഞ് ഭക്തരുമായി തിരികെ പോകുന്ന  വാഹനങ്ങൾ തടഞ്ഞുനിർത്തി പാനീയ വിതരണം പാടില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണർ എച്ച്. നാഗരാജു അറിയിച്ചു.

അടിയന്തര സാഹചര്യം നേരിടുന്നതിന് ക്ഷേത്രത്തിന്റെ ഹോമിയോ കോളജ്, മരുതൂർകടവ്, ബണ്ട്  റോഡ് വഴി എമർജൻസി പാത സജ്ജമാക്കിയിട്ടുണ്ട്. അവിടങ്ങളിൽ മറ്റു വാഹനങ്ങളുടെ പാർക്കിങ് നിരോധിച്ചിട്ടുണ്ട്. കഴക്കൂട്ടം മുതൽ കോവളം വരെയുള്ള ബൈപാസ് റോഡിനോട് ചേർന്നുള്ള സർവീസ് റോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. 

ഇക്കുറി ഹരിത പൊങ്കാല

ഹരിത പൊങ്കാലയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് പൊങ്കാലയ്ക്ക് എത്തുന്ന ഭക്തർ സ്റ്റീൽ പ്ലേറ്റും ഗ്ലാസും കൈവശം കരുതണമെന്ന് കോർപറേഷൻ. അന്നദാനവും കുടിവെള്ള വിതരണവും നടത്താൻ പ്ലാസ്റ്റിക്, തെർമോക്കോൾ പാത്രങ്ങളും ഗ്ലാസുകളും ഉപയോഗിക്കാൻ പാടില്ലെന്ന് കോർപറേഷൻ നിർദേശിച്ചു. കുടിവെള്ളം വലിയ ജാറുകളിൽ ശേഖരിക്കണം. പുനരുപയോഗിക്കാവുന്ന ഗ്ലാസുകളും പാത്രങ്ങളും കഴുകി വൃത്തിയാക്കി ഉപയോഗിക്കണം.

Also read: ആറ്റുകാലിൽ ശുചീകരണത്തിന് കൃത്രിമ മഴ; ആദ്യ മഴ വൈകിട്ട് 7.30ന് സെക്രട്ടേറിയറ്റിനു മുന്നിൽ

പൊങ്കാലയോടനുബന്ധിച്ച് അന്നദാനം നടത്താൻ  201 പേർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭക്ഷണ വിതരണം നടത്തുന്നവർ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രിന്റ് എടുത്ത് കൗണ്ടറിനു മുന്നിൽ പ്രദർശിപ്പിക്കണം. വിതരണം നടത്തുന്നവർ ഹെൽത്ത് ഇൻസ്പെക്ടർ ഓഫിസുകളിൽ നിന്ന് നൽകുന്ന വെള്ള റിസ്റ്റ് ബാൻഡ് കെട്ടണമെന്നും കോർപറേഷൻ അറിയിച്ചു. ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കുന്നുണ്ടോ എന്ന പരിശോധനയ്ക്ക് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചതായി മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു. 

മണിക്കൂറുകൾക്കകം നഗരം വെടിപ്പാക്കും;  തൊഴിലാളികൾ 2200 

പൊങ്കാലയ്ക്കു ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങൾക്കായി 2200 തൊഴിലാളികളെ കോർപറേഷൻ നിയോഗിച്ചിട്ടുണ്ട്. ഇതിൽ 1400 പേരെ ഒരു ദിവസത്തെ വേതനത്തിനു നിയോഗിച്ചവരാണ്. മേൽനോട്ടത്തിനായി 130 ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി. നീക്കം ചെയ്യുന്ന മാലിന്യം ഈഞ്ചക്കലിലും കരമനയിലുമായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിൽ സംസ്കരിക്കും. നിവേദ്യം പൂർത്തിയായാലുടൻ ശുചീകരണം ആരംഭിക്കും.

Also read: ആറ്റുകാൽ പൊങ്കാല: അമരത്ത് രണ്ട് വനിതകൾ

ചെലവു ചുരുക്കലിന്റെ ഭാഗമായി കോർപറേഷൻ കരാറുകാർ, ലോറി ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ, ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ, കേറ്ററിങ് ഓണേഴ്സ് അസോസിയേഷൻ, സർവീസ് പ്രൊവൈഡേഴ്സ്, പിഗ് ഫാം അസോസിയേഷൻ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഇക്കുറി ശുചീകരണം. രാത്രി 9 ന് പ്രധാന വീഥികൾ കഴുകി വൃത്തിയാക്കും. ശുചീകരണത്തിനൊപ്പം പൊങ്കാലയ്ക്കു ശേഷം ഭക്തർ ഉപേക്ഷിക്കുന്ന ചുടു കട്ടകൾ ശേഖരിക്കും. ഈ കട്ടകൾ ലൈഫ് പോലുള്ള വിവിധ ഭവന പദ്ധതികളിലെ വീടു നിർമാണത്തിന് വിതരണം ചെയ്യും. 

ഇന്ന് രാത്രി 8 വരെ ഗതാഗത നിയന്ത്രണം 

ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ളതും സമീപത്തുള്ളതുമായ റോഡുകളുടെ ഇരുവശങ്ങളിലും പാർക്കിങ് നിരോധനം ഏർപ്പെടുത്തി. ഭക്തരുമായി വരുന്ന വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രധാന റോഡുകളിലോ എൻഎച്ച്, എംസി, എംജി റോഡുകളിലോ പാർക്ക് ചെയ്യാൻ പാടില്ല. ഗതാഗത തടസ്സം ഉണ്ടാക്കുന്ന വിധത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ മുന്നറിയിപ്പ് കൂടാതെ നീക്കം ചെയ്ത് നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Also read: സർവം സമർപ്പിച്ച് അമ്മയ്ക്കു മുന്നിൽ; സായൂജ്യമായി ഇന്നു പൊങ്കാല

ഭക്തരെ എത്തിക്കുന്നതിനും തിരിച്ചു കൊണ്ടു പോകുന്നതിനുമായുള്ള വാഹനങ്ങൾ കരമന കൽപാളയം മുതൽ നിറമൺകര പട്രോൾ പമ്പ് ഭാഗം വരെ റോഡിന്റെ ഒരു വശത്തായും കോവളം- കഴക്കൂട്ടം ബൈപാസ് സർവീസ് റോഡുകളിലും പൂജപ്പുര ഗ്രൗണ്ട്, പൂജപ്പുര എൽബിഎസ് എൻജിനീയറിങ് കോളജ് ഗ്രൗണ്ട്, നിറമൺകര എൻഎസ് എസ് കോളജ് ഗ്രൗണ്ട്, പാപ്പനംകോട് എൻജിനീയറിങ് കോളജ് ഗ്രൗണ്ട്, തിരുവല്ലം ബിഎൻവി ഹൈസ്കൂൾ, തൈക്കാട് സംഗീത കോളജ്, , പിടിസി ഗ്രൗണ്ട്, ടഗോർ തിയറ്റർ, എൽഎംഎസ് കോംപൗണ്ട്, കവടിയാർ സാൽവേഷൻ ആർമി സ്കൂൾ, യൂണിവേഴ്സിറ്റി കോളജ് ഗ്രൗണ്ട്, യൂണിവേഴ്സിറ്റി ഓഫിസ് തുടങ്ങിയ സ്ഥലങ്ങളിൽ പാർക്ക് ചെയ്യണം. പാർക്കു ചെയ്തിരിക്കുന്ന വാഹനങ്ങളിൽ ‍ഡ്രൈവറോ സഹായിയോ ഉണ്ടായിരിക്കണം. അല്ലെങ്കിൽ മൊബൈൽ ഫോൺ നമ്പർ പ്രദർശിപ്പിക്കണം. 

അധിക സർവീസുമായി റെയിൽവേ  

പൊങ്കാല കഴിഞ്ഞു മടങ്ങുന്നവർക്കായി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഉച്ച തിരിഞ്ഞ് 3.30ന് തിരിക്കുന്ന സ്പെഷൽ ട്രെയിൻ രാത്രി 8.15ന് എറണാകുളം ജംക്‌ഷനിൽ എത്തും.  തിരുവനന്തപുരം – നാഗർകോവിൽ സ്പെഷൽ സർവീസ് ഇന്ന് ഉച്ച തിരിഞ്ഞ് 2.45ന് സെൻട്രൽ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് 4.30ന് നാഗർകോവിലിൽ എത്തും. നേമം, ബാലരാമപുരം, നെയ്യാറ്റിൻകര, അമരവിള, ധനുവച്ചപുരം, പാറശാല, കുഴിത്തുറ വെസ്റ്റ്, കുഴിത്തുറ, പള്ളിയാടി, ഇരണിയൽ എന്നീ സ്റ്റേഷനുകളിൽ നിർത്തും. 

നാഗർകോവിൽ – കോട്ടയം അൺ റിസർവ്‌ഡ് എക്സ്പ്രസ് (16366) ഇന്ന് സെൻട്രൽ സ്റ്റേഷനിൽ നിന്ന് അര മണിക്കൂർ വൈകി 3.05ന് മാത്രമേ പുറപ്പെടൂ. ഇന്ന് ഉച്ച തിരിഞ്ഞ് 2.40ന് കൊച്ചുവേളിയിൽ നിന്നു പുറപ്പെടേണ്ട അൺ റിസർവ്‌ഡ് സ്പെഷൽ ഒരു മണിക്കൂർ വൈകി 3.40ന് മാത്രമേ യാത്ര തിരിക്കുകയുള്ളു. 

ഭക്തർക്ക് സഹായമായി കെഎസ്ആർടിസി

പൊങ്കാല ദിവസം 400 സർവീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി. ജില്ലയിലെ എല്ലാ ഡിപ്പോകളിൽ നിന്നും ഇന്നു പുലർച്ചെ മുതൽ ആറ്റുകാലിലേക്ക് സർവീസ് ഉണ്ടാകും. മറ്റു ജില്ലകളിലെ പ്രധാന ഡിപ്പോകളിൽ നിന്നും സർവീസ് നടത്തും. ക്ഷേത്രത്തിനു സമീപത്തേക്ക് വാഹന ഗതാഗതം അനുവദിക്കാത്തതിനാൽ പൊങ്കാല നിവേദ്യത്തിന് ശേഷം ബാലരാമപുരം ഭാഗത്തേക്കു തിരിച്ചു പോകേണ്ട ഭക്തർക്കായി കിള്ളിപ്പാലത്ത് നിന്നാകും സർവീസ് ആരംഭിക്കുക. പൂങ്കുളം, വിഴിഞ്ഞം, വെങ്ങാനൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവീസ് കമലേശ്വരത്ത് നിന്ന് ആരംഭിക്കും. തമ്പാനൂർ പനവിള, പിഎംജി തുടങ്ങിയവയാണ് മറ്റു താൽക്കാലിക ബോഡിങ് സ്റ്റേഷനുകൾ. ഭക്തർ നിറയുന്നതിന് അനുസരിച്ച് ബസ് പുറപ്പെടും. രാത്രി വൈകുവോളം സർവീസ് ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. 

എല്ലാ വകുപ്പുകളും കർമനിരതർ

നഗരത്തെ 5 സോണുകളായി തിരിച്ചാണ് അഗ്നി രക്ഷാ സേനാ സുരക്ഷയൊരുക്കുന്നത്. പ്രത്യേക മെഡിക്കൽ ടീമുകളെ സജ്ജമാക്കി ആരോഗ്യ വകുപ്പും ആവശ്യാനുസരണം കുടിവെള്ളം ലഭ്യമാക്കി ജല അതോറിറ്റിയും വൈദ്യുതി തടസ്സമുണ്ടാകാത്ത തരത്തിൽ സജ്ജീകരണങ്ങളൊരുക്കി കെഎസ്ഇബിയും രംഗത്തുണ്ട്. ഹോട്ടലുകളിലും താൽക്കാലിക ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനകൾ തുടരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com