ADVERTISEMENT

തിരുവനന്തപുരം∙ സാന്ധ്യശോഭയിൽ ആറ്റുകാൽ ദേവീമന്ത്രങ്ങളാൽ മുഖരിതമായി. പൊങ്കാലത്തലേന്നത്തെ ഈ സന്ധ്യയിൽ ദർശനത്തിനും ദേവിയെ വണങ്ങുന്നതിനുമായി ആറ്റുകാൽ സന്നിധിയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ ! വീഥികളെല്ലാം ജനനിബിഡം. മനസ്സുകളിൽ ഒരേ മന്ത്രം മാത്രം:  കുടുംബത്തിനും നാടിനും നന്മയും ഐശ്വര്യവും കൈവരുത്തണേ.

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര ദർശനത്തിനെത്തിയ ശശി തരൂർ എംപി.

കത്തുന്ന പകൽച്ചൂടായിരുന്നു ഇന്നലെ. വെയിൽ അകന്നതോടെ എല്ലാ വഴികളും ആറ്റുകാലിലേക്കായി. ക്ഷേത്ര പരിസരം ഭക്തരുടെ മഹാസമുദ്രം. വഴിയോര കച്ചവട കേന്ദ്രങ്ങളിൽ തിരക്കോട് തിരക്ക്. പൊങ്കാല ഇടുന്നതിനുള്ള കലവും പൂജാദ്രവ്യങ്ങളും ഉൾപ്പെടെ വാങ്ങുന്നതിനുള്ള തിരക്കാണ് ഏറെയും അനുഭവപ്പെട്ടത്. നീണ്ട സമയം ക്യൂ നിന്ന് ദേവിയെ ദർശിച്ച് ക്ഷേത്രത്തിന് പുറത്തിറങ്ങിയവർ മുറ്റത്ത് കലാപരിപാടികൾ നടക്കുന്ന വേദികൾക്കു മുന്നിൽ ഇരുന്നു.

Also read: പൊങ്കാല സമർപ്പണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി; ക്രമീകരണങ്ങൾ ഇങ്ങനെ

ഏറെ നേരം കാത്തുനിന്നതിന്റെ ആലസ്യമോ മടുപ്പോ പരിഭവമോ ഇല്ല. ദേവിയെ കണ്ടതോടെ ക്ഷീണമെല്ലാം മറന്നു.ഈ രാത്രി കൂടി കടന്നുപോയാൽ പൊങ്കാലയെന്ന ആത്മസർപ്പണം. നഗരത്തിലെല്ലാം കണ്ണെത്താ ദൂരത്തോളം പൊങ്കാലയടുപ്പുകൾ നിരന്നിരിക്കുകയാണ്. ഭക്തർക്കു വേണ്ട സൗകര്യങ്ങളൊരുക്കി വിവിധ സർക്കാർ വകുപ്പുകളും സന്നദ്ധ സംഘടനകളും റസിഡന്റ്സ് അസോസിയേഷനുകളും സജീവമായി തന്നെ രംഗത്തുണ്ട്.നഗരത്തിലെ ഓരോ ഇടങ്ങളിലും ദേവിക്കായി ഒരുക്കിയ മണ്ഡപങ്ങൾ. അതിനു മുന്നിൽ ഭക്തരുടെ നീണ്ട നിരകൾ.

പൊങ്കാലക്കായി ദൂരദിക്കുകളിൽ നിന്ന് എത്തുന്നവർക്ക് ആതിഥേയത്വത്തിന്റെ വാതിലുകൾ തുറന്നിട്ടാണ് നഗരം അവരെ സ്വീകരിച്ചത്. ക്ഷമയോടെ സമാധാനത്തോടെ എല്ലായിടത്തും എത്താനും സഹായിക്കാനും നഗരവാസികൾ മുന്നിൽ നിന്നു. ആദ്യമാദ്യം എത്തിയവർക്ക് ക്ഷേത്ര പരിസരത്ത് അടുപ്പൊരുക്കാൻ അവസരം ലഭിച്ചു.നഗരത്തിൽ പ്രധാന റോഡുകൾക്കൊപ്പം ഇടവഴികളിൽ വരെ പൊങ്കാല അടുപ്പുകൾ നിരന്നിട്ടുണ്ട്. 

ഇന്ന് പുനലൂർ– തിരുവനന്തപുരം  സ്പെഷൽ ട്രെയിൻ 

തിരുവനന്തപുരം ∙ ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഇന്നു പുനലൂരിനും തിരുവനന്തപുരത്തിനും ഇടയിൽ സ്പെഷൽ ട്രെയിൻ സർവീസ് നടത്തും. ഇന്നു പുലർച്ചെ 4 നു പുനലൂരിൽ നിന്നു പുറപ്പെടുന്ന സ്പെഷൽ ട്രെയിൻ രാവിലെ 7.10 നു തിരുവനന്തപുരത്ത് എത്തും. തിരികെ ഉച്ചയ്ക്ക് 2.45 നു തിരുവനന്തപുരത്തു നിന്നു പുറപ്പെട്ടു വൈകിട്ട് 6 നു പുനലൂരിൽ എത്തും. ‌മടക്കയാത്രയിൽ ട്രെയിൻ നിർത്തുന്ന സ്റ്റേഷനുകളും സമയവും :

Also read: പൊങ്കാല ഇടേണ്ടത് ഇങ്ങനെ; അശ്രദ്ധ അരുത്, ശ്രദ്ധിക്കേണ്ടത് ഇവ

പേട്ട (2.50), കൊച്ചുവേളി (3), വേളി (3.05), കഴക്കൂട്ടം (3.10), കണിയാപുരം (3.14), മുരുക്കുംപുഴ (3.20), പെരുങ്ങുഴി (3.25), ചിറയിൻകീഴ് (3.30), കടക്കാവൂർ (3.34), അകത്തുമുറി (3.39), വർക്കല ശിവഗിരി (3.47), ഇടവ (3.52), കാപ്പിൽ (3.57), പരവൂർ (4.02), മയ്യനാട് (4.07), ഇരവിപുരം (4.12), കൊല്ലം ജംക്‌‌ഷൻ (4.20), കിളികൊല്ലൂർ (4.28), ചന്ദനത്തോപ്പ് (4.32), കുണ്ടറ (4.39), കുണ്ടറ ഈസ്റ്റ് (4.43), എഴുകോൺ (4.48), കൊട്ടാരക്കര (4.56), കുറി (5.05), ആവണീശ്വരം (5.10)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com