ടിപ്പർ ചായക്കടയിലേക്ക് ഇടിച്ചു കയറി; വയോധികന് ദാരുണാന്ത്യം
Mail This Article
നെയ്യാറ്റിൻകര ∙ ദേശീയപാതയിൽ ആറാലുംമൂടിനു സമീപം, ടിപ്പർ പിന്നിൽ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായ മിനി ലോറി ചായക്കടയിലേക്ക് ഇടിച്ചു കയറി, ചായ കുടിക്കാനെത്തിയ വയോധികന് ദാരുണാന്ത്യം. മിനി ലോറിയുടെ ഡ്രൈവർ ഉൾപ്പെടെ 4 പേർക്ക് പരുക്ക്. ആറാലുംമൂട് നെട്ടറത്തല വീട്ടിൽ ഗോപാലൻ (82) ആണ് മരിച്ചത്. സംസ്കാരം നടത്തി. മിനി ലോറി ഡ്രൈവറും നെയ്യാറ്റിൻകര കളത്തുവിള സ്വദേശിയുമായ രജിൻ (34), ചായക്കട ഉടമ രാജശേഖരൻ (42), ആറാലുംമൂട് സ്വദേശി ചന്ദ്രൻ (65), ബാലരാമപുരം സ്വദേശി പീരുമുഹമ്മദ് (65) എന്നിവർക്കാണ് പരുക്കേറ്റത്.
ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും പരുക്കുകൾ ഗുരുതരമല്ല.ഇന്നലെ രാവിലെ ഏഴരയോടെ ആണ് സംഭവം. ബാലരാമപുരം ഭാഗത്തു നിന്ന് നെയ്യാറ്റിൻകരയിലേക്ക് വരികയായിരുന്ന മിനി ലോറിയുടെ പിന്നിൽ അതേ ദിശയിൽ വരികയായിരുന്ന ടിപ്പർ ഇടിച്ചു. ഈ ആഘാതത്തിൽ നിയന്ത്രണം നഷ്ടമായ മിനി ലോറി ഗോപാലൻ ഉൾപ്പെടെ ചായ കുടിക്കുകയായിരുന്ന ആൾക്കാരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ കടയുടെ ഒരു ഭാഗം പൂർണമായി തകർന്നു. ഗോപാലൻ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ഭാര്യ: ഷീലമ്മ . മക്കൾ: സുരഷ്, സുനയൻ, സദാശിവൻ, മരുമക്കൾ: ശൈലജ, സുചിത്ര, ജയകുമാരി . സഞ്ചയനം മേയ് 1ന് രാവിലെ 9ന്.