പരിശോധനയിൽ തിരുവനന്തപുരം കോർപറേഷൻ: ശരവേഗത്തിൽ നീങ്ങുന്നത് ഇടനിലക്കാരുടെ ഫയലുകൾ
Mail This Article
തിരുവനന്തപുരം ∙ കോർപറേഷനിൽ ഇപ്പോഴും ഇടനിലക്കാരുടെ സാന്നിധ്യം. എൻജിനീയറിങ്, റവന്യു വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ അടുത്ത് 4 ഇടനിലക്കാരുടെ സാന്നിധ്യം വിജിലൻസ് കണ്ടെത്തി. ഇടനിലക്കാർ കൈകാര്യം ചെയ്യുന്ന ഫയലുകൾ ശരവേഗത്തിൽ നീങ്ങുന്നതായും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. രണ്ടു ദിവസങ്ങളിലായി 13 മിന്നൽ പരിശോധനകളാണ് തിരുവനന്തപുരത്ത് നടത്തിയത്.
ഫോർട്ട് സോണൽ ഓഫിസിൽ നടത്തിയ പരിശോധനയിൽ 4 കെട്ടിടങ്ങൾ റോഡിനോട് ചേർന്ന് നടപ്പാതയിൽ ഇറക്കി നിർമിച്ചിരിക്കുന്നതായി കണ്ടെത്തി. ആറ്റിപ്ര സോണൽ ഓഫിസിന്റെ പരിധിയിലെ കുളത്തൂരിൽ 2017 ൽ നിർമിച്ച ബഹുനില കെട്ടിടം ലോഡ്ജ് നടത്തിപ്പിനാണ് സർട്ടിഫിക്കറ്റ് നേടിയിരിക്കുന്നത് എങ്കിലും ഇപ്പോൾ ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത് സ്വകാര്യ ആശുപത്രി ആണെന്ന് കണ്ടെത്തി. ഇതേ ആശുപത്രിയുടെ മറ്റൊരു കെട്ടിടത്തിന് 4 നിലകൾ നിർമിക്കാൻ പെർമിറ്റ് വാങ്ങിയ ശേഷം 6 നിലകൾ നിർമിച്ചതായും കണ്ടെത്തി.
ആരോഗ്യ വിഭാഗത്തിനു കീഴിൽ കടകളുടെ ലൈസൻസിനായും മറ്റും സമർപ്പിക്കുന്ന അപേക്ഷകൾ പലതും തീർപ്പാക്കാതെ മാറ്റി വയ്ക്കുന്നതായും മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് കൂടാതെ ലൈസൻസ് പുതുക്കി നൽകുന്നതായും വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. സ്കോളർഷിപ്പുകളും ക്ഷേമ പദ്ധതികളും അനർഹർ കൈപ്പറ്റുന്നതായും കെട്ടിട നികുതി പിരിച്ചെടുക്കുന്നതിൽ അപാകതകൾ ഉള്ളതായും പരിശോധക സംഘത്തിന് വിവരം ലഭിച്ചു.
എൻജിനീയറിങ് വിഭാഗത്തിലെ അലമാരയിൽ ഇടനിലക്കാരൻ ഫയൽ തിരഞ്ഞ സംഭവം പുറത്തായതിനു പിന്നാലെ ഏജന്റുമാരുടെ ഇടപെടൽ തടയാൻ കർശന നിയന്ത്രണങ്ങൾ വി.കെ. പ്രശാന്ത് മേയർ ആയിരിക്കെ ഏർപ്പെടുത്തിയിരുന്നു. ഭരണം മാറിയപ്പോൾ നിയന്ത്രണങ്ങൾ കാറ്റിൽ പറന്നു. ഇപ്പോൾ ഏജന്റുമാർ കോർപറേഷന്റെ മുക്കിലും മൂലയിലും സാന്നിധ്യം ഉറപ്പിക്കുകയും ചെയ്തുവെന്നാണ് തെളിയുന്നത്.
റജിസ്റ്ററിൽ വരവു വയ്ക്കാത്ത പണം ഉദ്യോഗസ്ഥർ കൈക്കലാക്കിയ നികുതി തട്ടിപ്പിനു സമാന തട്ടിപ്പാണ് ഇന്നലെ വിജിലൻസ് കണ്ടെത്തിയത്. 36 രസീതുകൾ വരവ് വയ്ക്കാതെ പണം ഇപ്പോഴും ജീവനക്കാർ കൈകാര്യം ചെയ്യുന്നു എന്നതിന് തെളിവാണ് വിജിലൻസിന്റെ കണ്ടെത്തൽ. സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുന്നോടിയായാണ് റസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ അദാലത്ത് നടത്തി നികുതി കുടിശിക പിരിക്കുന്നത്. അവസാനം റജിസ്റ്ററിൽ രേഖപ്പെടുത്തിയ വർഷം അടിസ്ഥാനമാക്കിയാണ് ജനങ്ങളിൽ നിന്ന് കുടിശിക പിരിക്കുന്നത്. ഉദ്യോഗസ്ഥർ പിരിക്കുന്ന തുക രേഖപ്പെടുത്താതിരുന്നാൽ ഒരിക്കൽ അടച്ച പണം ജനം വീണ്ടും ഒടുക്കേണ്ട അവസ്ഥയാണ്.