ADVERTISEMENT

തിരുവനന്തപുരം ∙ ചെന്നൈയിൽ നിന്നു 18 ലക്ഷം രൂപ ചെലവിട്ട് ആനയറയിൽ എത്തിച്ച മോട്ടർ റൊട്ടേറ്റിങ് യൂണിറ്റ് തകരാറിലായി. ഇതോടെ ആനയറ മഹാരാജാസ് ഗാർഡൻസ് റസിഡന്റ്സ് അസോസിയേഷൻ പരിധിയിൽ, കൂറ്റൻ ഡ്രെയ്നേജ് പൈപ്പുകൾ ഭൂമിക്കടിയിൽ സ്ഥാപിക്കുന്ന ജോലികൾ വീണ്ടും അനിശ്ചിതത്തിലായി.  ഇന്നു രാവിലെ ചെന്നൈയിൽ നിന്ന് ടെക്നീഷ്യൻ എത്തി പരിശോധിച്ച ശേഷം മാത്രമേ തുടർനടപടികളെക്കുറിച്ച് വ്യക്തത വരികയുള്ളൂ.

യൂണിറ്റ് പ്രവർത്തനക്ഷമമല്ലാതായതോടെ പൈപ്പുകൾ ഭൂമിക്കടിയിൽ വലിച്ചിടുന്ന ജോലികൾ  വൈകുമെന്ന് ഉറപ്പായി.  ചെന്നൈയിൽ നിന്ന് ശനിയാഴ്ച രാത്രി എത്തിച്ച യന്ത്രഭാഗം, ഹൊറിസോണ്ടൽ ഡയഗണൽ ഡ്രില്ലിങ് യന്ത്രത്തിൽ ഘടിപ്പിച്ച ശേഷം ട്രയൽ റൺ നടത്തി പ്രവർത്തിപ്പിച്ചപ്പോഴാണ് യൂണിറ്റ് ചൂടു കൂടി പ്രവർത്തനക്ഷമമല്ലാതായത്.  ചെന്നൈയിലെ വർക് ഷോപ്പിൽ ഇതേ യൂണിറ്റ് പ്രവർത്തിച്ചപ്പോഴും രണ്ടു തവണ തകരാറിലായിരുന്നു.  ഇതു പരിഹരിച്ച് ട്രയൽ റണ്ണിനു ശേഷമാണ് യൂണിറ്റ് ആനയറയിൽ എത്തിച്ചത്. 

ഇന്നു വൈകിട്ട് 6 മുതൽ പൈപ്പുകൾ ഭൂമിക്കടിയിൽ വലിച്ചിടുന്ന ജോലികൾ ആരംഭിക്കാനായിരുന്നു ജലഅതോറിറ്റിയുടെ തീരുമാനം.   ചെന്നൈയിൽ നിന്ന് എത്തിച്ച യൂണിറ്റ്, ഹൊറിസോണ്ടൽ ഡയഗണൽ ഡ്രില്ലിങ് യന്ത്രത്തിൽ ഘടിപ്പിച്ച ശേഷം ജോലികൾ ചെയ്യുന്നതിനിടെ ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് ഇത്  പ്രവർത്തനക്ഷമമല്ലാതായത്. തുടർന്ന് പണി നിർത്തി വച്ചു. ജലഅതോറിറ്റി അധികൃതരെ വിവരം അറിയിച്ചതോടെയാണ് കരാർ കമ്പനിയുടെ ചെന്നൈയിലെ വർ‍ക് ഷോപ്പിൽ നിന്നു വിമാനമാർഗം ടെക്നീഷ്യനെ ഇന്നു രാവിലെ തലസ്ഥാനത്ത് എത്തിക്കാൻ തീരുമാനിച്ചത്. 

പൈപ്പുകൾ ഭൂമിക്കടിയി‍ലേക്ക് വലിച്ചിടുന്ന തുരങ്കത്തിന്റെ വ്യാസം കൂട്ടുന്ന നടപടികളും ഇതോടൊപ്പം നടന്നു വരികയായിരുന്നു.    യൂണിറ്റ് തകരാറിലായതോടെ തുരങ്ക വ്യാസം കൂട്ടുന്ന ജോലികളും നിർത്തി. 

ജലഅതോറിറ്റിക്ക് മുന്നിലെ വെല്ലുവിളികൾ

ആനയറ മഹാരാജാസ് ഗാർഡൻസ് റസിഡന്റ്സ് അസോസിയേഷൻ പരിധിയിൽ നിന്ന് ഹൈവേ ബൈപാസിനടിയിൽ കൂടി ഡ്രെയ്നേജ് പൈപ്പുകൾ സ്ഥാപിച്ച് മുട്ടത്തറ ട്രീറ്റ്മെന്റ് പ്ലാന്റിലെത്തിക്കുന്ന ജോലികളാണ് പൂർത്തിയാക്കേണ്ടത്. ആകെ ദൂരം 185 മീറ്റർ.  ബൈപ്പാസിനടിയിലുള്ള നിലവിലെ തുരങ്കം വൃത്തിയാക്കുകയെന്നതും ശ്രമകരമാണ്.  ദേശീയപാതയിൽ ബൈപാസിനടിയിലെ തുരങ്കത്തിന്റെ നീളം 80 മീറ്റർ. റസിഡന്റ്സ് അസോസിയേഷൻ പരിധിയിൽ, ഇതിനകം വെൽഡ് ചെയ്ത് കൂട്ടിച്ചേർത്തിട്ടിരിക്കുന്ന പൈപ്പുകൾ ബൈപാസിനടിയിലൂടെ പുള്ളർ റോഡിന്റെ സഹായത്തോടെ ഭൂമിക്കടിയിലേക്ക് വലിച്ചിടുകയാണ് മറ്റൊരു ദൗത്യം. 

 മാർച്ച് 15 നാണ് കൂറ്റൻ ഡ്രെയ്നേജ് പൈപ്പുകൾ അസോസിയേഷൻ പരിധിയിലെ വീടുകൾക്കു മുന്നിൽ കൊണ്ടിട്ടത്. തുരങ്ക നിർമാണത്തിനിടെ ഏപ്രിൽ അവസാനം യന്ത്രഭാഗം തകരാറിലായതോടെ ജോലികൾ പൂർണമായി മുടങ്ങി. 

ഹൈക്കോടതിയോട് എന്തു പറയും? 

 ബുധനാഴ്ചയോ അതിനു മുൻപോ പൈപ്പുകൾ ഭൂമിക്കടിയിൽ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാക്കുമെന്നാണ് ജലഅതോറിറ്റി ശനിയാഴ്ച ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.  ജലഅതോറിറ്റി ഹൈക്കോടതിയിൽ നൽകിയ ഉറപ്പ് അവസാനിക്കാൻ ഇനി 2 ദിവസം മാത്രം. നിശ്ചിത സമയത്തിനകം പണി പൂർത്തിയാക്കിയില്ലെങ്കിൽ ജലഅതോറിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഏറ്റുവാങ്ങേണ്ടി വരും.  അടിയന്തരമായി പണികൾ പൂർത്തിയാക്കാൻ രാത്രിയും പകലും തീവ്ര യജ്ഞത്തിലാണ് ജലഅതോറിറ്റി അധികൃതർ. 

ജലഅതോറിറ്റി ടെക്നിക്കൽ മെംബർ ജി.ശ്രീകുമാർ ക്യാംപ് ചെയ്താണ് പണികൾക്ക് നേതൃത്വം വഹിക്കുന്നത്.  ജനങ്ങൾക്കും രോഗികൾക്കും ദുരിതമാകുന്ന കൂറ്റൻ പൈപ്പുകൾ നീക്കം ചെയ്യാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ പരിധിയിലെ ലോർഡ്സ് ആശുപത്രി അധികൃതരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി വ്യാഴാഴ്ച കോടതി പരിഗണിക്കും. 

വ്യാഴം വരെ ഗതാഗത ക്രമീകരണം

ആനയറയിൽ ഡ്രെയ്നേജ് ലൈൻ സ്ഥാപിക്കുന്ന ജോലികളുടെ ഭാഗമായി തുരങ്ക നിർമാണത്തോടനുബന്ധിച്ച് ബൈപാസിലൂടെയുള്ള ഗതാഗതത്തിന് വ്യാഴം വരെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ജലഅതോറിറ്റി ഉദ്യോഗസ്ഥർ നൽകിയ കത്തിനെ തുടർന്നാണിത്. ലോർഡ്സ് ഹോസ്പിറ്റലിലേക്കുള്ള എമർജൻസി വാഹനങ്ങൾ വ്യാഴം വരെ ബൈപ്പാസിൽ നിന്നും തിരിഞ്ഞ് ലോർഡ്സ് ഹോസ്പിറ്റലിലേക്ക് പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. ആനറയയിൽ നിന്ന് മഹാരാജാസ് ലെയ്‌നിലൂടെ വാഹനങ്ങൾക്ക് കടന്നു പോകാനാകില്ല. നൈറ്റ് പട്രോളിങ് സംഘത്തെയും സ്ഥലത്ത് നിയോഗിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com