അപകടങ്ങളും മരണവും കുറഞ്ഞു : ഇൻഷുറൻസ് തുക കുറയ്ക്കാൻ ചർച്ച
Mail This Article
തിരുവനന്തപുരം∙ എഐ ക്യാമറകൾ സ്ഥാപിച്ചതോടെ റോഡ് അപകടങ്ങളും മരണനിരക്കും ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത്ത് വാഹന ഇൻഷുറൻസിൽ ‘ നോൺ-വയലേഷൻ ബോണസ് ’ നൽകുന്ന കാര്യം ഇൻഷുറൻസ് കമ്പനികളുമായി ചർച്ച ചെയ്യും. ഗതാഗത നിയമങ്ങൾ പാലിക്കുന്നവർക്ക് ഇൻഷുറൻസ് ഇളവും തുടരെത്തുടരെ ലംഘനം നടത്തുന്നവർക്ക് പിഴയും നൽകുന്ന കാര്യം പരിഗണിക്കണമെന്ന് കമ്പനികളോട് ആവശ്യപ്പെടാനും മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
ഓരോ വർഷവും ഇൻഷുറൻസ് പുതുക്കുമ്പോൾ നിയമലംഘനത്തിന്റെ പിഴ അടച്ചതായി ഉറപ്പുവരുത്താനും നിർദേശിക്കും. സെപ്റ്റംബർ മൂന്നാം വാരം ഇൻഷുറൻസ് കമ്പനി മേധാവികളുടെയും ഐആർഡിഎ ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കും.അപകടമുണ്ടായി ആദ്യമണിക്കൂറിൽ നൽകേണ്ട ചികിത്സയുടെ ചെലവുകൾ വഹിക്കാനും ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കും ആംബുലൻസ് ഡ്രൈവർമാർക്കും പരിശീലനം നൽകാനും റോഡരികിൽ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കാനും കമ്പനികളുടെ സഹകരണം അഭ്യർഥിക്കും.
റോഡ് അപകടത്തെത്തുടർന്ന് പരുക്കേറ്റ് ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ എത്തുന്നവരുടെ എണ്ണം ക്യാമറകൾ സ്ഥാപിച്ച ശേഷം ഗണ്യമായി കുറഞ്ഞെന്നു യോഗത്തിൽ ആരോഗ്യ വകുപ്പ് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത്, നാഷനൽ ഹെൽത് മിഷൻ ഡയറക്ടർ ജീവൻ ബാബു, അഡീഷനൽ ട്രാൻസ്പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, ഗതാഗത, നിയമ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.