രഹസ്യവിവരം നൽകിയതിന്റെ പേരിൽ യുവാവിനു നേരെ ആക്രമണം; രണ്ടു പേർ അറസ്റ്റിൽ
Mail This Article
വർക്കല∙ പാലോട് വനം വകുപ്പ് 2021ൽ റജിസ്റ്റർ ചെയ്ത ആനക്കൊമ്പ് മോഷണക്കേസിൽ ഉദ്യോഗസ്ഥർക്ക് രഹസ്യവിവരം നൽകി എന്നാരോപിച്ചു യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. മേൽവെട്ടൂർ ഭക്തി വിലാസത്തിൽ കൊച്ചുമോൻ എന്ന് വിളിക്കുന്ന ജിഷുലാൽ(41), മേൽവെട്ടൂർ പുന്നവിള വീട്ടിൽ ഉണ്ണിക്കുട്ടൻ എന്ന് വിളിക്കുന്ന ദിനു(24) എന്നിവരാണ് പിടിയിലായത്.
ഓഗസ്റ്റ് 28ന് വൈകിട്ടാണ് സംഭവം നടന്നത്. വെട്ടൂർ പഞ്ചായത്ത് ഓഫിസിന് സമീപത്തെ ഇടറോഡിൽ ഫോണിൽ സംസാരിച്ചു നിന്ന വെട്ടൂർ സ്വദേശി മനുവിനെ, ബൈക്കിലെത്തിയ പ്രതികൾ ഇരുമ്പുകമ്പി കൊണ്ട് ആക്രമിച്ചെന്നാണ് കേസ്. മനുവിന്റെ വലത് കൈ ഒടിയുകയും തോളിനും കാലിനും പരുക്കേൽക്കുകയും ചെയ്തിരുന്നു.
വനംവകുപ്പ് 2021ൽ റജിസ്റ്റർ ചെയ്ത ആനക്കൊമ്പ് മോഷണക്കേസിൽ ജിഷുലാൽ പ്രതിയായിരുന്നു. അന്നത്തെ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കു കേസിൽ രഹസ്യവിവരം നൽകിയെന്നു ആരോപിച്ചാണ് ആക്രമണമെന്നാണു മനു പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വർക്കല എസ്എച്ച്ഒ ജെ.എസ്.പ്രവീണിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.