ശക്തമായ മഴ, രണ്ട് വീടുകൾക്ക് നാശം
Mail This Article
ആര്യനാട്∙ ശക്തമായ മഴയിൽ രണ്ട് വീടുകൾക്ക് നാശം. ആര്യനാട് ഇറവൂർ സന്തോഷ് ഭവനിൽ സന്തോഷ് കുമാർ, ചെറിയാര്യനാട് സ്വദേശി രാജമ്മ എന്നിവരുടെ വീടുകൾക്ക് ആണ് നാശം സംഭവിച്ചത്. സന്തോഷ് കുമാറിന്റെ വീടിന് മുകളിലൂടെ സമീപ പുരയിടത്തിൽ നിന്ന റബർ മരം ഒടിഞ്ഞ വീഴുകയായിരുന്നു. ശനി രാത്രിയിൽ ആണ് സംഭവം. സന്തോഷിന്റെ ഭാര്യയും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും ആളപായം ഇല്ല. വീടിന്റെ വശത്തെ ഓടിട്ട മേൽക്കൂരയ്ക്ക് കേടുപാടുകൾ ഉണ്ടായി. മൺകട്ട കൊണ്ട് നിർമിച്ച രാജമ്മയുടെ ഒറ്റമുറി വീട് മഴയിൽ ഇടിഞ്ഞുവീണു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന രാജമ്മ ഗ്രാമസഭയ്ക്ക് പോയിരുന്നതിനാൽ ആളപായം ഉണ്ടായില്ല. രാജമ്മയെ മകന്റെ വീട്ടിലേക്ക് മാറ്റി.
വെള്ളനാട് പഞ്ചായത്തിലും വ്യാപക നാശമുണ്ടായി. പഴയവീട്ടുമൂഴി ഇടയനവട്ടം സ്വദേശി കൃഷ്ണന്റെ കിണർ നിലംപൊത്താറായ നിലയിൽ ആണ്. സമീപത്ത് മണ്ണ് ഇടിച്ചതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയതെന്ന് കൃഷ്ണൻ പറഞ്ഞു. മഴ ശക്തമായി തുടരുകയാണെങ്കിൽ കൃഷ്ണന്റെ വീടിനും നാശം സംഭവിക്കാൻ സാധ്യതയുണ്ട്. വെള്ളനാട് വാളിയറ പമ്പ് ഹൗസിലേക്കുള്ള റോഡിന് സമീപത്തെ തോടിന്റെ വശം ഇടിഞ്ഞ് വെള്ളനാട് സ്വദേശി ശ്രീകുമാരൻ നായരുടെ കൃഷി ഒലിച്ചുപോയി. വാഴയും പച്ചക്കറി കൃഷിയുമാണ് നശിച്ചത്. കുളക്കോട് ജംക്‌ഷന് സമീപം ഒരു വസ്തുവിന്റെ മതിൽ ഇടിഞ്ഞു.