രണ്ടാമതൊന്ന് ചിന്തിക്കാതെ വെള്ളത്തിലേക്ക് എടുത്തു ചാടി; രക്ഷപ്പെടുത്തിയത് രണ്ട് കുട്ടികളെ
Mail This Article
തിരുവനന്തപുരം ∙ കിള്ളിയാറിലെ ഒഴുക്കിൽപ്പെട്ട കുട്ടികളെ ഓട്ടോറിക്ഷ ഡ്രൈവർ സാഹസികമായി രക്ഷിച്ചു. ഇന്നലെ വൈകിട്ട് 4 മണിയോടെ ജഗതി പാലത്തിനടിയിലായിരുന്നു അപകടം. തമ്പാനൂർ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ പ്രിൻസ് (43) ആണ് കുട്ടികൾക്ക് രക്ഷകനായത്. ജഗതി യുപി സ്കൂളിലെ വിദ്യാർഥികളായ എട്ടു വയസ്സുകാരിയും 10 വയസ്സുകാരനുമാണ് ഒഴുക്കിൽപ്പെട്ടത്. സഹോദരങ്ങളായ ഇവർ സ്കൂൾ വിട്ടശേഷം റോഡ് ഉപയോഗിക്കാതെ പാലത്തിനടിയിലെ ചെറിയ വഴിയിലൂടെയാണ് വീട്ടിലേക്ക് മടങ്ങുന്നത്. വളരെ ഇടുങ്ങിയ ഈ വഴിയിലൂടെ നടക്കവേ എട്ടു വയസ്സുകാരി കാൽവഴുതി കിള്ളിയാറിലേക്ക് വീഴുകയായിരുന്നു.
ശക്തമായ മഴയെ തുടർന്ന് നല്ല ഒഴുക്കുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. സഹോദരിയെ രക്ഷിക്കാൻ ശ്രമിച്ച മൂത്ത സഹോദരനും വെള്ളത്തിൽ വീണതോടെ ഇവർക്കൊപ്പമുണ്ടായിരുന്ന വിദ്യാർഥി പരിഭ്രാന്തിയിൽ നിലവിളിക്കാൻ തുടങ്ങി. ഇതു കേട്ടെത്തിയ പ്രിൻസ് രണ്ടാമതൊന്ന് ചിന്തിക്കാതെ വെള്ളത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. ഒഴുക്കിൽ കുറച്ച് ദൂരം പോയെങ്കിലും കുട്ടികളുടെ സ്കൂൾ ബാഗിൽ പിടിത്തം കിട്ടി.
കുട്ടികളെയും കൊണ്ട് പ്രിൻസ് കരയ്ക്കെത്തി നാട്ടുകാരുടെ സഹായത്തോടെ പ്രാഥമിക ശുശ്രൂഷ നൽകി. പൂജപ്പുര പൊലീസിൽ വിവരം അറിയിച്ചെങ്കിലും ഇവരെത്തും മുൻപ് പ്രിൻസ് കുട്ടികളെ രക്ഷിച്ചിരുന്നു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. പാപ്പനംകോട് സ്വദേശിയായ പ്രിൻസ് ജഗതിയിലുള്ള ബന്ധു വീട്ടിലെത്തിയതായിരുന്നു.
English Summary: Miraculous Rescue: Auto Rickshaw Driver Saves Siblings from Drowning in Killi River