മുറിച്ച മരച്ചില്ല കോളജിൽ ശിൽപമായി: പ്രതിഷേധത്തിന്റെ ‘ഫൈൻ ആർട്’
Mail This Article
തിരുവനന്തപുരം∙ വെട്ടിമാറ്റിയ മര ശിഖരങ്ങളും മുളയും കൊണ്ട് ശിൽപം തീർത്തു ഫൈൻ ആർട്സ് കോളജിൽ വിദ്യാർഥികളുടെ പ്രതിഷേധം. പ്രിൻസിപ്പലിന്റെ മുറിക്കു മുന്നിലും വരാന്തകളിലും പ്രതിഷേധത്തിന്റെ കല നിറഞ്ഞതോടെ പ്രിൻസിപ്പൽ ഓഫിസിൽ കയറാനാവാതെ വരാന്തയിലിരുന്നു ജോലി ചെയ്തു. കോളജിന്റെ മതിലിനോടു ചേർന്ന് അപകടാവസ്ഥയിൽ നിന്ന മരങ്ങളുടെ ശിഖരങ്ങളാണ് മുറിച്ചത്. വനംവകുപ്പിന്റെ സോഷ്യൽ ഫോറസ്റ്റി വിഭാഗവും കോളജിന്റെ ചുമതലയുള്ള സാങ്കേതിക വിദ്യാഭ്യാസ വകുപ്പും പൊതുമരാമത്ത് വകുപ്പും അനുമതി നൽകിയ ശേഷമായിരുന്നു മുറിക്കൽ.
തലസ്ഥാന നഗരത്തിലെ പച്ചത്തുരുത്തു വെളുപ്പിന് 5ന് ആരുമില്ലാത്ത സമയം നോക്കി വെട്ടി നശിപ്പിക്കുകയായിരുന്നുവെന്നു വിദ്യാർഥികൾ പരാതിപ്പെട്ടു. മതിലിന് അകലെ നിന്ന പഴക്കമേറിയ ആൽ, മഴമരം, ഞാവൽ, ഗുൽമോഹർ, മഹാഗണി എന്നിവയുടെ കൊമ്പുകളും നശിപ്പിച്ചെന്നു വിദ്യാർഥികൾ പറഞ്ഞു. തുടർന്ന് മുറിച്ചുനീക്കിയ ശിഖരങ്ങൾ പ്രതിഷേധത്തിന്റെ ഭാഗമായി പ്രിൻസിപ്പലിന്റെ മുറിക്കു മുന്നിലും ക്യാംപസിന്റെ വരാന്തകളിലും കൊണ്ടിടുകയായിരുന്നു. ജീവനക്കാരും ഓഫിസിന് വെളിയിലിരുന്നാണു ജോലി ചെയ്തത്.