മെഡി. കോളജിൽ ഇരുനിലമന്ദിരം ഇടിഞ്ഞു വീണു; ജനം ഇറങ്ങിയോടി, ഒഴിവായത് വൻ ദുരന്തം
Mail This Article
തിരുവനന്തപുരം∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇരുനില കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് വൻ അപകടം. മെഡിക്കൽ കോളജ് കേറ്ററിങ് വർക്കേഴ്സ് സൊസൈറ്റിയുടെ കന്റീനും സ്റ്റേഷനറി സ്റ്റോറും പ്രവർത്തിക്കുന്ന കെട്ടിടത്തിലെ അടുക്കള ഭാഗമാണു നിലം പതിച്ചത്. ഭക്ഷണം കഴിക്കുന്ന ഹാളിലും മറ്റുമായി മെഡിക്കൽ വിദ്യാർഥികളും കൂട്ടിരിപ്പുകാരും കന്റീൻ ജീവനക്കാരും അടക്കം നൂറോളം പേർ ഉണ്ടായിരുന്നപ്പോഴാണ് അപകടം. വൻ ശബ്ദത്തോടെ കെട്ടിടഭാഗം ഇടിഞ്ഞു റോഡിലേക്ക് വീണതോടെ ആളുകൾ പരിഭ്രാന്തരായി ഇറങ്ങിയോടി. റോഡിൽ വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാത്തതിനാൽ ആളപായം ഉണ്ടായില്ല. ഇന്നലെ രാവിലെ 11.30ഓടെയായിരുന്നു അപകടം.
കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ അടുക്കളയിലെ ചിമ്മിനിയും ബീമും ചേർന്ന ഭാഗമാണ് ഇടിഞ്ഞു വീണത്. ഇവിടെ നിന്നു കെട്ടിടത്തിന്റെ മധ്യഭാഗം വരെ ചുവരുകൾ വീണ്ടുകീറിയ നിലയിലാണ്. അടിസ്ഥാനത്തിനും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. കെട്ടിടം ഏതു നിമിഷവും നിലം പൊത്താവുന്ന സ്ഥിതിയാണ്. കന്റീനിൽ നിന്നു ജീവനക്കാരെ ഒഴിപ്പിക്കണമെന്ന് ഫയർഫോഴ്സ് ആവശ്യപ്പെട്ടെങ്കിലും സൊസൈറ്റി ഭാരവാഹികൾ തയാറായില്ല. പിന്നാലെ പൊലീസും എത്തി അപകടാവസ്ഥ ബോധ്യപ്പെടുത്തിയിട്ടും ഇവരെ വെല്ലുവിളിച്ച് ഇതേ കെട്ടിടത്തിനുള്ളിൽ ആളുകളെ വിളിച്ചിരുത്തി ഭക്ഷണം വിളമ്പി നൽകി. ആശുപത്രി അധികൃതരെ വിവരം അറിയിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. ഒടുവിൽ അപകടം നടന്ന ഭാഗത്ത് അപായ സൂചനയുടെ ബോർഡ് സ്ഥാപിച്ചു പൊലീസും ഫയർ ഫോഴ്സും മടങ്ങി
പൊളിഞ്ഞു വീഴാറായി കെട്ടിടം, പ്രവർത്തനം തുടരുന്നത് രാഷ്ട്രീയ സ്വാധീനത്തിൽ
തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരാമത്ത് വകുപ്പിന്റെ കീഴിലുള്ള കെട്ടിടം ഏറെനാളായി അപകടാവസ്ഥയിലാണ്. ഇവിടെ കാന്റീൻ പ്രവർത്തിപ്പിക്കുന്നതിന് എതിരെ ഒട്ടേറെ പരാതികൾ മരാമത്ത് വകുപ്പിലും കലക്ടറേറ്റിലും നൽകിയിരുന്നു. എന്നാൽ സൊസൈറ്റി ഭാരവാഹികളുടെ രാഷ്ട്രീയ സ്വാധീനം കാരണം നടപടി എടുത്തില്ല. ആശുപത്രി അധികൃതരുടെ മൗനാനുമതിയോടെയാണ് പൊളിഞ്ഞു വീഴാറായ കെട്ടിടത്തിൽ കാന്റീൻ പ്രവർത്തിക്കുന്നത്.