ADVERTISEMENT

തിരുവനന്തപുരം∙ കസവുകരയുള്ള മുണ്ടും ഇളം ക്രീം നിറത്തിലുള്ള ഷർ‍ട്ടുമണിഞ്ഞു തനി മലയാളി വേഷത്തിലാണ് കമൽഹാസനും മമ്മൂട്ടിയും മോഹൻലാലും ‘കേരളീയ’ത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയത്. വേദിയുടെ കവാടത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ താരങ്ങളെ സ്വീകരിച്ചു. ഇവർക്കൊപ്പം അഭിനേത്രി ശോഭനയെ കൂടി കണ്ടതോടെ സെൻട്രൽ സ്റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞ കാണികൾ ഹർഷാരവം മുഴക്കി.  തനിക്ക് കേരളത്തോടുള്ള സ്നേഹം ലോകം അറിയുന്നതിനായി ഇംഗ്ലിഷിലാണ് പ്രസംഗിക്കുന്നതെന്നു കമൽഹാസൻ പറഞ്ഞു.

2017ൽ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കാൻ  തീരുമാനിച്ചപ്പോൾ തിരുവനന്തപുരത്തു വന്ന് പിണറായി വിജയനോട് ഉപദേശം തേടിയിരുന്നു. പല മേഖലകളിലും രാജ്യത്തിനു മാതൃകയായ നാടാണ് ഇത്. സാമൂഹിക സൂചികയിലും ജീവിത നിലവാരത്തിലും പ്രാദേശിക ഭരണ നിർവഹണത്തിലും കേരളം മുന്നിട്ടു നിൽക്കുന്നു. വികസന പദ്ധതികളുടെ നടത്തിപ്പിലും വികേന്ദ്രീകൃതാസൂത്രണത്തിലും മികച്ച മാതൃക സൃഷ്ടിച്ചു.

inauguration-of-keralayam-a
കേരളീയം പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടി ശോഭന അവതരിപ്പിച്ച ഭരതനാട്യം. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

കലാകാരനെന്ന നിലയിലും രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിലും കേരളത്തോട് കടപ്പാടുണ്ട്– കമൽഹാസൻ പറഞ്ഞു.  തമിഴ്നാട്ടിലെ പ്രാദേശിക ഭരണകൂടങ്ങളെ ശക്തിപ്പെടുത്തണമെന്ന ആശയത്തിനു താൻ മാതൃകയാക്കിയത് കേരളത്തെയാണ്. മികവുള്ള മലയാള സംസ്കാരം രൂപപ്പെടുത്തിയെടുത്തതിൽ സിനിമയ്ക്കും പങ്കുണ്ട്. സമൂഹത്തിലെ പ്രശ്നങ്ങളെ തുറന്നു കാട്ടുന്നതാണ് മലയാള സിനിമ. ആ പ്രതിബദ്ധത തുടരണം. തന്റെ കരിയറിലെ പ്രധാനപ്പെട്ട ചിത്രമായിരുന്നു ‘മദനോത്സവം.’ ഏഴോ എട്ടോ വയസ്സുള്ളപ്പോഴാണ് ആദ്യസിനിമയായ ‘കണ്ണും കരളും’ സംവിധായകനായ സേതുമാധവനൊപ്പം ചെയ്യുന്നത്.

തമിഴ്നാടും കേരളവും തമ്മിലുള്ള ജൈവബന്ധവും കമൽ എടുത്തു പറഞ്ഞു.  മഹത്തായ ആശയത്തിന്റെ തുടക്കമാണ് ‘കേരളീയ’മെന്ന് മമ്മൂട്ടി പറഞ്ഞു. കേരളത്തിന്റെ മാത്രമല്ല, ലോക സാഹോദര്യത്തിന്റെ വികാരമായും കേരളവും കേരളീയവും മാറും. രാഷ്ട്രീയം, മതം, ജാതി എന്നിവയ്ക്കതീതമായി കേരളത്തിന്റെ ആശയങ്ങളും സ്വപ്നങ്ങളും ഒന്നാണ് എന്നതാണ് കേരളീയത്തിന്റെ സന്ദേശം.  

inauguration-of-keralayam-b
കേരളീയം ഉദ്ഘാടനച്ചടങ്ങിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. നടൻമാരായ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവർ സമീപം. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

നാളത്തെ കേരളം എങ്ങനെയാവണം എന്ന ചിന്തയാണ് കേരളീയത്തിന്റേതെന്നു മോഹൻലാൽ പറഞ്ഞു. ഇതിനു വേദിയാകാൻ തിരുവനന്തപുരം തിരഞ്ഞെടുത്തതിലുള്ള സന്തോഷവും ലാൽ പങ്കുവച്ചു: ‘ഇതെന്റെ സ്വന്തം നഗരമാണ്. ഈ നഗരത്തോളം എനിക്കു പരിചിതമായ മറ്റൊരു ഇടമില്ല. ഇവിടത്തെ സംസ്‌കാരവും അറിയാം. കേരളത്തെ അറിയാൻ പാൻ ഇന്ത്യൻ മലയാള സിനിമകൾ ഇനിയുമുണ്ടാകണം. ഇത്തരം ശ്രമങ്ങൾക്ക് ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ കേരളഘടകം മുൻകൈ എടുക്കണം.’ 

‘മണിച്ചിത്രത്താഴി’നു ശേഷം ‘തമിഴത്തി’ എന്നു വിളിക്കുന്ന തന്റെ നാട് തിരുവനന്തപുരമാണെന്നു ശോഭന പറഞ്ഞു. ശാസ്ത്രത്തിനും സാങ്കേതിക വിദ്യയ്ക്കുമൊപ്പം മനോഹരമായി കേരളത്തിലെ കലാരംഗവും മുന്നേറുന്നു. പരാമ്പരാഗത കലകൾ എല്ലാവരിലേക്കും എത്തപ്പെടുന്നു.

inauguration-of-keralayam-c
കേരളീയം ഉദ്ഘാടനച്ചടങ്ങിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. നടൻമാരായ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവർ സമീപം. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

ഏറ്റവും മികച്ച പൈതൃക കലാസൃഷ്ടിയായി യുനെസ്കോ അംഗീകരിച്ച 2000 വർഷം പഴക്കമുള്ള കലാരൂപമായ കൂടിയാട്ടം ഇന്നും കേരളത്തിൽ അവതരിപ്പിക്കുന്നുണ്ടെന്നും ശോഭന ചൂണ്ടിക്കാട്ടി.  നടി മഞ്ജു വാരിയരെയും ചടങ്ങിനു ക്ഷണിച്ചിരുന്നുവെങ്കിലും ചെന്നൈയിൽ ഷൂട്ടിങ് തിരക്കിലായതിനാൽ എത്തിച്ചേരാനായില്ല. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നതായി മഞ്ജു മനോരമയോട് പറഞ്ഞു.

കേരളീയം തിരുവനന്തപുരം നഗരത്തിന്റെ പുരോഗതിക്ക് : മുഖ്യമന്ത്രി 

തിരുവനന്തപുരം∙ കേരളീയത്തിന് ആതിഥ്യം വഹിക്കുന്നതിലൂടെ തിരുവനന്തപുരം നഗരം സാമ്പത്തികമായും സാംസ്കാരികമായും പുരോഗതി പ്രാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു നഗരത്തിൽ ഒരു പരിപാടി നടക്കുമ്പോൾ സാമൂഹികമായും സാംസ്‌കാരികമായും സാമ്പത്തികമായും ആ നഗരം ഉയരുകയാണു ചെയ്യുന്നത്. മഹത്തായ കലാ, സാംസ്‌കാരിക പരിപാടികൾക്കു വേദിയാകുന്ന നഗരങ്ങളുടെ അനുഭവം ഇതാണ്.

inauguration-of-keralayam-d

ഇത്തരം ഉത്സവങ്ങളുടെ പേരിൽ ലോകമെമ്പാടും അറിയപ്പെടുന്ന നഗരങ്ങളുണ്ടെന്നും മുഖ്യമന്ത്രി കേരളീയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ചൂണ്ടിക്കാട്ടി. അത്തരം നഗരങ്ങൾ തിരുവനന്തപുരത്തിന് മാതൃകയാണ്.   2–ാം ലോക മഹായുദ്ധത്തിന്റെ മുറിവുകൾ കലയിലൂടെ ഉണക്കുകയെന്ന ലക്ഷ്യത്തോടെ 1947ൽ ആരംഭിച്ച എഡിൻബറ രാജ്യാന്തര ഉത്സവം  സ്‌കോട്ടിഷ് നഗരത്തിന്റെ സാമ്പത്തിക സ്രോതസായി. 

inauguration-of-keralayam-i
കേരളീയം പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവർ. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

ബ്രിട്ടിഷ് സമ്പദ്ഘടനയ്ക്കു 300 ദശലക്ഷം പൗണ്ട് സംഭാവന ചെയ്യുന്ന മഹാമേളയാണ് എഡിൻബെറ ഫെസ്റ്റിവൽ. ബ്രിട്ടിഷ് സർക്കാർ ഫണ്ട് നൽകി നടത്തുന്ന ഫെസ്റ്റിവലാണിത്.  ഇതിന്റെ ഗുണം ലഭിക്കുന്നത് തദ്ദേശീയ ജനതയ്ക്കും വ്യാപാരികൾക്കും ടൂറിസം രംഗത്തിനും സമ്പദ്ഘടനയ്ക്കുമാണ്.  

inauguration-of-keralayam-e

കോവിഡ് കാലത്തിനു ശേഷം സാമ്പത്തിക മാന്ദ്യത്തിലകപ്പെട്ട നഗരത്തെ പുനരുജ്ജീവിപ്പിക്കാൻ വെനീസ് ബിനാലെയ്ക്കായി.  വേൾഡ് ഇക്കോണമിക് ഫോറം സംഘടിപ്പിക്കുന്ന ദാവോസിലെ പ്രധാന വേദികളിലെ റസ്റ്ററന്റുകളും വാണിജ്യസ്ഥാപനങ്ങളും രാജ്യങ്ങളും കമ്പനികളും ഏറ്റെടുക്കുന്നു.  പാനൽ ചർച്ചകളും സെമിനാറുകളും വാണിജ്യ കരാറുകളും യാഥാർഥ്യമാകുന്നു. 

inauguration-of-keralayam-j
കേരളീയം പരിപാടിയിൽ നിന്ന്. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

യുദ്ധമുറിവ് ഉണക്കാനും സാമ്പത്തിക മാന്ദ്യം അകറ്റാനും വിഘടിച്ച ലോകത്തെ കൂട്ടിയിണക്കാനും ശ്രമിക്കുന്ന ഈ മേളകളിലെ മികച്ച കാര്യങ്ങൾ സ്വാംശീകരിച്ച് കേരളീയത്തെ ലോകോത്തര ബ്രാൻഡാക്കി വളർത്തിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary:

Kamal Haasan, Mammootty, and Mohanlal embrace Malayalee culture at 'Keraleeyam' opening ceremony"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com