ADVERTISEMENT

തൃക്കണ്ണാപുരം ∙ ‘‘കഷ്ടിച്ച് 4 അടി വീതിയുള്ള വഴി. കാലൊന്നു തെറ്റിയാൽ 40 അടി താഴ്ചയുള്ള കുഴിയിൽ പതിക്കും. പിന്നെ പൊടി പോലും കിട്ടില്ല. 50 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. റോഡ് വീതി കൂട്ടി, പാർശ്വഭിത്തി കെട്ടി സുരക്ഷിതമാക്കാൻ കയറാത്ത ഓഫിസുകളില്ല, നൽകാത്ത നിവേദനങ്ങളില്ല. ആറാമട സിഎസ്ഐ ചർച്ചിനു സമീപം എംഎൽഎ റോഡ് വർഗീസ് ലെയ്നിലെ നാട്ടുകാർ ചോദിക്കുന്നു. 

 20 വർഷമായി റോഡിന്റെ സ്ഥിതി ഇതാണ്. ഇടയ്ക്ക് നാട്ടുകാർ പിരിവെടുത്ത് കുറച്ചു ഭാഗം കോൺക്രീറ്റ് ഇട്ടു. അര കിലോമീറ്റർ നീളമുള്ള റോഡിന്റെ ഒരു ഭാഗം ഇടയ്ക്കു വച്ചു മുറിഞ്ഞു. മണലെടുത്ത കുഴിയുടെ സമീപത്തുകൂടിയാണ് റോഡ് കടന്നു പോകുന്നത്.  വർഷങ്ങൾക്കു മുൻപ് റോഡിന്റെ പ്രധാന ഭാഗം ഇടിഞ്ഞ് കുഴിയിൽ പതിച്ചതോടെ സ്ഥലവാസികൾക്ക് സഞ്ചരിക്കാൻ കഴിയാതായി. ഇക്കാരണത്താൽ സമീപവാസികളുടെ വീട്ടുമുറ്റങ്ങളാണ് നടപ്പാതയായി ഉപയോഗിക്കുന്നത്.  മണ്ണിട്ട് റോഡിന്റെ വീതി കൂട്ടി, പാർശ്വഭിത്തി നിർമിച്ചാൽ മാത്രമേ സഞ്ചാരയോഗ്യമാകുകയുള്ളൂ. 

വർഷങ്ങൾക്കു മുൻപ് ഇരുചക്ര വാഹന യാത്രികൻ മണലെടുത്ത കുഴിയിൽ വീണു പരുക്കേറ്റിരുന്നു. രാത്രിയാകുമ്പോഴാണ് ദുരിതം കൂടുതൽ.  മഴക്കാലത്ത് വീടുകളിൽ വെള്ളം കയറും. മലിനജലത്തിലൂടെ സഞ്ചരിക്കേണ്ട സ്ഥിതി. മഴക്കാലത്ത് റോഡ് വീണ്ടും ഇടിയും.  ചവറു നിക്ഷേപിക്കാൻ പോലും സ്ഥലമില്ല. ചാക്കിൽ കെട്ടിയാണ് മാലിന്യം സൂക്ഷിച്ചിരിക്കുന്നത്. 

നേമം മണ്ഡലത്തിൽപ്പെട്ടതും കോർപറേഷനിലെ തൃക്കണ്ണാപുരം വാർഡിലുമാണ് ഈ പ്രദേശം. തിര‍ഞ്ഞെടുപ്പ് സമയത്ത് വോട്ടു ചോദിച്ചെത്തും. വാഗ്ദാനങ്ങൾ നൽകും. ജയിച്ചാൽ പിന്നെ തിരിഞ്ഞു നോക്കില്ല. ഈ ദുരിതം ആരു കാണുന്നു– സ്ഥലവാസികൾ ചോദിക്കുന്നു. റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനായി സ്ഥലം എംഎൽഎയും മന്ത്രിയും കൂടിയായ വി.ശിവൻകുട്ടിക്കും കോർപറേഷൻ മേയർ ഉൾപ്പെടെയുള്ളവർക്ക് പലതവണ നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് സ്ഥലവാസികൾ പറയുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com