നവകേരള സദസ്സിന് 1 ലക്ഷം; നഗരസഭ കൗൺസിൽ യോഗം അലങ്കോലമായി
Mail This Article
നെയ്യാറ്റിൻകര ∙ നവ കേരള സദസ്സിന്റെ ചെലവുകൾക്കു വേണ്ടി 1 ലക്ഷം രൂപ അനുവദിച്ചതിനെച്ചൊല്ലി ബഹളം; നഗരസഭ കൗൺസിൽ യോഗം അലങ്കോലമായി. ബഹളം, വാക്കേറ്റത്തിലേക്കും സംഘർഷത്തിലേക്കും വഴിമാറുമെന്നായതോടെ ചെയർമാൻ പി.കെ.രാജ്മോഹൻ യോഗം പിരിച്ചുവിട്ടു. പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് സെക്രട്ടറിയെ ചേംബറിലും ബിജെപി ചേംബറിനു പുറത്തും ഉപരോധിച്ചു. ബിജെപി കൗൺസിലർമാരെ പിന്നീട് അറസ്റ്റ് ചെയ്തുനീക്കി.
സെക്രട്ടറി സാനന്ദാ സിങ്ങിന്റെ ചേംബറിൽ എത്തിയ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ജെ.ജോസ് ഫ്രാങ്ക്ളിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് കൗൺസിലർമാരായ ഗ്രാമം പ്രവീൺ, മാമ്പഴക്കര ശശി, പെരുമ്പഴുതൂർ ഗോപൻ, വിൻസെന്റ്, പി.എസ്.ലക്ഷ്മി, എൽ.എസ്.ഷീല, ആർ.അജിത തുടങ്ങിയവർ ഇത്തരത്തിൽ പണം അനുവദിക്കുന്നതിലെ അപാകത വിശദീകരിച്ചു. പരിശോധിക്കാം എന്ന മറുപടിയാണ് ലഭിച്ചത്.
സർക്കാരിന്റെ ധൂർത്തിന് കൊടി പിടിക്കുന്ന നഗരസഭയുടെ നിലപാട് തരംതാണതാണെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ജെ.ജോസ് ഫ്രാങ്ക്ളിൻ കുറ്റപ്പെടുത്തി. ‘നവ കേരള സദസ്സുമായി ബന്ധപ്പെട്ട യുഡിഎഫിന്റെ പ്രതിഷേധ നിലപാട് വ്യക്തമാക്കിയപ്പോൾ യോഗം പിരിച്ചുവിട്ട ചെയർമാന്റെ നടപടി അപലപനീയമാണ്. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്നത് രാഷ്ട്രീയ പാപ്പരത്തമെന്നും’ അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ നേതൃത്വത്തിൽ സെക്രട്ടറിയുടെ ചേംബറിനു മുന്നിൽ നടത്തിയ പ്രതിഷേധത്തിന് പാർലമെന്ററി പാർട്ടി ലീഡർ ഷിബുരാജ് കൃഷ്ണ നേതൃത്വം നൽകി. കൗൺസിലർമാരായ മഞ്ചത്തല സുരേഷ്, കൂട്ടപ്പന മഹേഷ്, സ്വപ്നജിത്ത്, വേണുഗോപാൽ, കല, അജിത, സുമ തുടങ്ങിയവരെ പൊലീസ് എത്തി അറസ്റ്റ് ചെയ്താണ് നീക്കിയത്. വഴി വിളക്കുകൾ തെളിയാത്തതിനെതിരെ, ആലുംമൂട് കൗൺസിലർ മഞ്ചത്തല സുരേഷ് റാന്തൽ വിളക്ക് ഉയർത്തിക്കാട്ടി പ്രതിഷേധിച്ചു.
ഒരു ചർച്ചയുമില്ലാതെ നവ കേരള സദസ്സ് എന്ന ധൂർത്തിന് ഫണ്ട് അനുവദിച്ചതു ജനാധിപത്യ വിരുദ്ധമെന്ന് ബിജെപി കൗൺസിലർമാർ പ്രതികരിച്ചു. സാധാരണക്കാർക്ക് പെൻഷൻ നൽകാൻ കഴിയാത്ത സർക്കാരാണ് നവകേരള സദസ്സ് എന്ന പേരിൽ ധൂർത്ത് നടത്തുന്നതെന്നും ഇതു ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും അവർ കുറ്റപ്പെടുത്തി.