ADVERTISEMENT

തിരുവനന്തപുരം∙ സ്നേഹം കൊണ്ട് നഗരം അവരെ ആവോളം ചേർത്തു പിടിച്ചു. ജന്മനാടായ മണിപ്പുർ സമാധാനത്തിലേക്ക് മടങ്ങാൻ കൊതിക്കുന്നതായി അവർ പറഞ്ഞു. പ്രാർഥനകളിൽ മണിപ്പുരിൽ‍ ശാന്തിയും സമാധാനവും തിരികെ വരാൻ ‌പ്രാർഥിക്കാനായി അവർ വിനീതരായി ആവശ്യപ്പെട്ടു. ഫാർമസി കോഴ്സിനു പഠിച്ചിരുന്ന ഗ്രെയ്സിക്ക് ഇനിയെന്ത് എന്ന ചോദ്യത്തിനു മുന്നിൽ മറുപടി ഇല്ല. പ്ലസ് ടു വിജയിച്ച ക്ലെയറിനാകട്ടെ നീറ്റ് പരീക്ഷ എഴുതണമെന്നാണ്  ആഗ്രഹം പക്ഷേ ബെംഗളൂരുവിൽ ജനറൽ നഴ്സിങ് പഠിക്കാനാണ് കലാപം വഴിയൊരുക്കിയത്. 

കലാപത്തെ തുടർന്ന് മണിപ്പുരിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായ 17 വിദ്യാർഥികൾക്ക് തിരുവനന്തപുരത്തു നൽകിയ ക്രിസ്മസ് സ്നേഹവിരുന്നാണ് വ്യത്യസ്തമായത്. പലായനം ചെയ്യുന്നവർക്ക് എന്നും അഭയ കേന്ദ്രമായിരുന്നു കേരളമെന്നും ഇന്നാട്ടിലെ മതസൗഹാർദവും സാഹോദര്യവും ലോകത്തിനു മാതൃകയാണെന്നും കുട്ടികളെ കാണാനെത്തിയ ഡോ.ശശി തരൂർ എംപി പറഞ്ഞു. മണിപ്പുരിൽ സമാധാനം തിരിച്ചു വരുമെന്നും അവർക്ക് നഷ്ടപ്പെട്ടതൊക്കെയും തിരികെ ലഭിക്കട്ടെയെന്നും അദ്ദേഹം പ്രത്യാശിച്ചു. മണിപ്പുരിൽ നിന്ന് രക്ഷിക്കപ്പെട്ട് ബെംഗളൂരുവിൽ കഴിയുന്ന ഇവരുടെ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടിരുന്നു. 

ഭയത്തിന്റെയും വെറുപ്പിന്റെയും നാളുകളിൽ മനസ്സു കലങ്ങിയ നിഷ്കളങ്കരായ 17 പേർക്ക് കേരള ആർട്ട് ലവേഴ്സ് അസോസിയേഷനാണ് (കല) സ്നേഹത്തിന്റെയും ആശ്ലേഷത്തിന്റെയും ‘പുൽക്കൂട്’ ഒരുക്കിയത്. ഡോ. എസ്.എസ്.ലാൽ, പാളയം ഇമാം ഡോ. സുഹൈബ് മൗലവി, ഇ.എം.രാധ, പിന്നണി ഗായിക രാജലക്ഷ്മി, കിഷോർ ബാബു തുടങ്ങിയവരും വിദ്യാർഥികളോട് സംവദിച്ചു. ഡോ. ശശി തരൂർ ക്രിസ്മസ് ഗാനം ആലപിച്ചു. ലാലു ജോസഫ്, അഭിരാം, പ്രവീൺ, സുഭാഷ്, എബി ജോർജ്, വിവി വിനോദ് വി എസ് മാത്യു, ദിവ്യകാരുണ്യ മിഷൻ ഡയറക്ടർ ഫാ. ഇഗ്നാസി രാജശേഖരൻ , ഐകെഫ് ഡയറക്ടർ ഫാ.ബേബി ചാലിൽ, ഗോത്ര ഡയറക്ടർ ബ്രദർ പീറ്റർ, ദിവ്യകാരുണ്യ മിഷൻ സെക്രട്ടറി നിർമല കരുണ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com