ADVERTISEMENT

തിരുവനന്തപുരം ∙ റേഷൻകടകൾ വഴി വിതരണം ചെയ്യാനായി വലിയതുറ എൻഎഫ്എസ്എ ഗോഡൗണിൽ സൂക്ഷിച്ച അരലക്ഷം കിലോഗ്രാം ഭക്ഷ്യധാന്യങ്ങൾ കാണാതായ സംഭവത്തിൽ  ഉദ്യോഗസ്ഥർക്കു 18.49 ലക്ഷം രൂപ ബാധ്യത നിശ്ചയിച്ച് സപ്ലൈകോ ആഭ്യന്തര പരിശോധനാ വിഭാഗത്തിന്റെ ഓഡിറ്റ് റിപ്പോർട്ട്. ഗോഡൗണിലെ ജൂനിയർ അസിസ്റ്റന്റുമാരായിരുന്ന എസ്.ഒ വിനോദ് കുമാർ (15.40 ലക്ഷം രൂപ) വി.രമ്യ (2.89 ലക്ഷം) അസി.സെയിൽ‌സ്മാൻ എം.മഹേഷ് കുമാർ (18,491രൂപ) എന്നിവരിൽ നിന്നു ബാധ്യത ഈടാക്കാനാണു റിപ്പോർട്ടിലെ ശുപാർശ.

പുഴുക്കലരി: 20,867 കിലോ ഗ്രാം, പച്ചരി: 19,813, കുത്തരി: 856, ഗോതമ്പ്: 11235 എന്നിവ സ്റ്റോക്കിൽ കുറവ് ഉണ്ടായെന്നും ഓഡിറ്റ് സംഘം കണ്ടെത്തി. ചാല സബ്ഡിപ്പോയിൽ പ്രവർത്തിച്ചിരുന്ന എൻഎഫ്എസ്എ ഗോഡൗൺ 2021 ഏപ്രിൽ 1നാണു വലിയതുറ ഗോഡൗണിലേക്ക് മാറിയത്. പിന്നീട് ധാന്യസൂക്ഷിപ്പിലെ വീഴ്ച ഉൾപ്പെടെ ഒട്ടേറെ കാരണങ്ങൾ ചൂണ്ടിക്കാട്ടി കസ്റ്റോഡിയനായ വിനോദിനെ സ്ഥലം മാറ്റി. പകരം മറ്റൊരു ഉദ്യോഗസ്ഥന‌ നിയമിച്ചു. കസ്റ്റോഡിയന്റെ ചുമതല കൈമാറുന്നതിനു മുന്നോടിയായി ജൂൺ 6നു ജൂനിയർ മാനേജർ കണക്കെടുത്തപ്പോഴാണ് സ്റ്റോക്കിൽ വൻ കുറവ് കണ്ടെത്തിയത്.

തുടർന്നു വിനോദ്കുമാറിനെ സസ്പെൻഡ് ചെയ്തു പരിശോധനയ്ക്ക് ഓഡിറ്റ് സംഘത്തെ ചുമതലപ്പെടുത്തുകയായിരുന്നു. ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്.  സ്റ്റോക്കിൽ ഭീമമായ വ്യത്യാസമുണ്ടായുകയും പുതുതായി ചാർജ് ഏറ്റെടുത്ത ഉദ്യോഗസ്ഥൻ പരാതി നൽകുകയും ചെയ്തിട്ടും പരിശോധന വൈകിപ്പിച്ചത് സംശയകരമാണ്. ജില്ലാ ഡിപ്പോ അസി.മാനേജറുടെ ഓഫിസിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഗോഡൗണിൽ തന്നെ ഇത്രയേറെ ക്രമക്കേടുകൾ നടന്നിട്ടും അത് മേലധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 


നഷ്ടമായ ഭക്ഷ്യധാന്യങ്ങളുടെ കണക്ക് ഓഡിറ്റ് റിപ്പോർട്ടിൽ
നഷ്ടമായ ഭക്ഷ്യധാന്യങ്ങളുടെ കണക്ക് ഓഡിറ്റ് റിപ്പോർട്ടിൽ

വിജിലൻസിന്റെ  ശുപാർശ അട്ടിമറിച്ചു 
സപ്ലൈകോയ്ക്ക് ഒരു ലക്ഷം രൂപയിൽ കൂടുതൽ നഷ്ടം വന്നാൽ പൊലീസിനോ അല്ലെങ്കിൽ വിജിലൻസിനോ പരാതി നൽകി കേസ് റജിസ്റ്റർ ചെയ്തു അന്വേഷണം നടത്തണമെന്നാണ് ചട്ടം. ഇതു പ്രകാരം വലിയതുറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി അന്വേഷണം നടത്തണമെന്നു സപ്ലൈകോ വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടിൽ ശുപാർശ ചെയ്തെങ്കിലും ഇത് അട്ടിമറിച്ചു.

വിജിലൻസിന്റെ ശുപാർശയെ തുടർന്നു ഡിപ്പോ മാനേജർ വലിയതുറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും അന്വേഷണം ഉണ്ടായില്ല. നിരന്തരം ആവശ്യപ്പെട്ടിട്ടും ഡിപ്പോ മാനേജർ മൊഴി നൽകാൻ തയാറായില്ലെന്നും അതിനാൽ അന്വേഷണം നടത്താൻ കഴിയില്ലെന്നുമായിരുന്നു പൊലീസിന്റെ വാദം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com