ADVERTISEMENT

തിരുവനന്തപുരം∙ ബിരുദത്തിന് മികച്ച ജയം നേടിയവർക്കുള്ള മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്കാരം ഏറ്റുവാങ്ങാൻ ആദ്യമായി വേദിയിലേക്ക് വീൽ ചെയറിൽ വന്ന എ.ആർഷ ബോസിന് ഒരു സങ്കടം കൂടി അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയോട് പറയാനുണ്ടായിരുന്നു. കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച അച്ഛനെ പുറത്തിറക്കാൻ സഹായിക്കണമെന്നായിരുന്നു അത്. അമ്മ അജന്ത കുമാരിക്കൊപ്പം വേദിയിലെത്തിയ ആർഷ പറഞ്ഞ സങ്കടക്കഥ മുഖ്യമന്ത്രി കേട്ടു. കേസ് എന്താണെന്നു നോക്കാമെന്ന് മറുപടി നൽകിയാണ്  മടക്കിയത്. 

കൊല്ലം എസ്എൻ കോളജിലെ രണ്ടാം വർഷ എംകോം വിദ്യാർഥിയായ ആർഷ നട്ടെല്ലിനെ ബാധിച്ച് മസ്കുലാർ ‍‍ഡിസ്ട്രോഫി ബാധിച്ച് വീൽചെയറിലാണ് കഴിയുന്നത്. ബികോമിന് 85% മാർക്ക് വാങ്ങി. ആദ്യ ശ്രമത്തിൽ തന്നെ നെറ്റ് ജെആർഎഫും നേടി. തന്നെ സഹായിക്കാനായി ഗൾഫിലെ ജോലി മതിയാക്കി നാട്ടിലെത്തിയ അച്ഛൻ ചന്ദ്രബോസാണ് ഈ നേട്ടങ്ങൾക്കെല്ലാം പ്രേരണയെന്ന് ആർഷ പറയുന്നു. കൊല്ലം  കൂനമ്പായിക്കുളത്തെ ആർട്സ് ആൻഡ്  സ്പോർട്സ് ക്ലബ് ഭാരവാഹിയായ അദ്ദേഹത്തെ ക്ലബ്ബിലെ അംഗത്വവുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിൽ കഴിഞ്ഞ തിങ്കളാഴ്ച ഒരു കൂട്ടർ മർദിച്ചതായി കുടുംബാംഗങ്ങൾ പറയുന്നു. 

 ആശുപത്രിയിൽ ചികിത്സയും തേടി. മർദിച്ചവർ ഒത്തുതീർപ്പിനു ശ്രമിച്ച ശേഷം ചന്ദ്രബോസ് അവരെ ആക്രമിച്ചതായി കള്ളക്കേസ് നൽകിയെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതിന്റെ പേരിൽ സ്റ്റേഷനിൽ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തു റിമാൻഡിലാക്കിയെന്നാണു പരാതി. ചന്ദ്രബോസ് ആദ്യമായാണ്  കേസിൽ പ്രതിയാകുന്നതെന്നും ഇവർ പറഞ്ഞു. 

വീൽ ചെയർ കയറ്റാവുന്ന വാനിലാണ്  കുടുംബം ഇന്നലെ അവാർ‍ഡ് ഏറ്റുവാങ്ങാനായി തലസ്ഥാനത്തേക്കു തിരിച്ചതെങ്കിലും വഴിയിൽ അതു കേടായതോടെ ആംബുലൻസിലായി യാത്ര. വീൽചെയറിലെത്തിയ മിടുക്കിക്ക് മുഖ്യമന്ത്രിയിൽ നിന്ന് ആദ്യം പുരസ്കാരം ഏറ്റുവാങ്ങാനുള്ള അവസരവും സംഘാടകർ ഒരുക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com