ADVERTISEMENT

നെയ്യാറ്റിൻകര ∙ പെരുമ്പഴുതൂർ ജംക്‌ഷൻ വികസനം; സ്ഥലം വിട്ടു നൽകുന്ന ഭൂവുടമകൾക്കുള്ള നഷ്ടപരിഹാര വിതരണം ആരംഭിച്ചു. ഇതു പൂർത്തിയാകുന്ന മുറയ്ക്ക് മാസ്റ്റർ പ്ലാൻ തയാറാക്കുമെന്ന് നഗരസഭ.നെയ്യാറ്റിൻകര – കാട്ടാക്കട റോഡിൽ കുപ്പിക്കഴുത്തായി മാറിയ പെരുമ്പഴുതൂർ ജംക്‌ഷൻ വികസിപ്പിക്കാനായി 11 പേരുടെ 29.39 സെന്റ് സ്ഥലമാണ് നഗരസഭ ഏറ്റെടുക്കുന്നത്. ഇവിടെ 22 കട മുറികളുണ്ട്. ഭൂമി ഏറ്റെടുക്കാൻ വേണ്ടി 1.74 കോടി രൂപയാണ് ചെലവിടുന്നത്. ഭൂവുടമകൾക്കു മാത്രമല്ല, കട നടത്തിയിരുന്നവർക്കും നഷ്ടപരിഹാരം ലഭിക്കും. തുക വിതരണം പൂർത്തിയാക്കി കഴിഞ്ഞാൽ കടമുറികൾ ഒഴിപ്പിക്കുന്ന നടപടിയിലേക്ക് കടക്കും. പിന്നീടാണ് മാസ്റ്റർപ്ലാൻ തയാറാക്കുന്നത്.

ഏറ്റെടുക്കുന്ന ഭൂമിയിൽ റോഡ് വീതി കൂട്ടിക്കഴിഞ്ഞാൽ ശേഷിക്കുന്ന സ്ഥലത്ത് മിനി പാർക്ക്, ഓപ്പൺ എയർ ഓഡിറ്റോറിയം, കടമുറികൾ എന്നിവ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. മാസ്റ്റർപ്ലാൻ തയാറാക്കാനായി സർക്കാർ സ്ഥാപനമായ ഇംപാക്ടിനെ സമീപിക്കാനാണ് നഗരസഭയുടെ ശ്രമം. ഇംപാക്ടിന്റെ സാങ്കേതിക സഹായത്തോടെ ഡിപിആർ തയാറാക്കും.

ഫണ്ട് ലഭ്യമാക്കുന്നതാണ് പിന്നീടുള്ള കടമ്പ. നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്നും പണം കണ്ടെത്തുന്നതിന് പരിമിതിയുണ്ട്. ഡിപിആർ തയാറാക്കിയാൽ ഉടൻ ധനസഹായത്തിനു വേണ്ടി സർക്കാരിനെ സമീപിക്കും. നവകേരള സദസ്സിൽ പെരുമ്പഴുതൂർ ജംക്‌ഷൻ വികസിപ്പിക്കാനായി ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത് ഇതിനു മുന്നോടിയായിട്ടാണ്.

ജംക്‌ഷൻ വികസിപ്പിക്കാനായി 5 കോടി രൂപ വേണ്ടി വരുമെന്നാണ് നിഗമനം. സർക്കാർ ഈ തുക അനുവദിച്ചില്ലെങ്കിൽ വായ്പ എടുക്കാനും നഗരസഭ ആലോചിക്കുന്നുണ്ട്. വായ്പ ലഭ്യമാക്കണമെങ്കിലും ഡിപിആർ തയാറാക്കണം. വായ്പ തിരിച്ചടയ്ക്കാൻ വേണ്ടി ജംക്‌ഷൻ വികസിപ്പിക്കുന്നിടത്ത് കടമുറികൾ നിർമിച്ച് വാടകയ്ക്ക് നൽകാനും നഗരസഭ ആലോചിക്കുന്നുണ്ട്.

വികസനത്തിന്റെ പ്രസക്തി
കാട്ടാക്കട റോഡിൽ നിന്ന് ശ്രീ നാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ക്ഷേത്രത്തിലേക്ക് പോകുന്ന പ്രധാന ജംക്‌ഷൻ ആണ് പെരുമ്പഴുതൂർ. ഇവിടെ നിന്നും അരുവിപ്പുറത്തിനു പുറമേ കളത്തുവിളയിലേയ്ക്കും റോഡ് തിരിയുന്നുണ്ട്.

കളത്തുവിളയിലേയ്ക്ക് തിരിയുന്ന റോഡിനും മെയിൻ റോഡിനുമിടയിലെ കടകളാണ് പെരുമ്പഴുതൂർ ജംക്‌ഷനെ കുപ്പിക്കഴുത്താക്കി മാറ്റുന്നത്. ഈ കടകൾ ഒഴിപ്പിച്ച് ജംക്‌ഷൻ വികസനം സാധ്യമായാൽ നെയ്യാറ്റിൻകര – കാട്ടാക്കട റോഡിലെ പ്രധാന വാണിജ്യ കേന്ദ്രമായി പെരുമ്പഴുതൂർ മാറും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com