വഞ്ചിയൂർ- ജനറൽ ആശുപത്രി റോഡ് തുറക്കുന്നത് ഏപ്രിലിൽ
Mail This Article
തിരുവനന്തപുരം ∙ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥാപിച്ചിട്ടുള്ള ഹൈ ടെൻഷൻ വൈദ്യുത ലൈനുകളും കുടിവെള്ള പൈപ്പുകളും റോഡ് നിർമാണത്തിനിടെ തകരുന്നത് വഞ്ചിയൂർ- ജനറൽ ആശുപത്രി ജംക്‌ഷൻ റോഡിന്റെ നവീകരണത്തെ ബാധിക്കുന്നതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഏപ്രിൽ ആദ്യത്തോടെ എങ്കിലും റോഡിന്റെ നിർമാണം പൂർത്തിയാക്കാനുള്ള കഠിന ശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു. ജനറൽ ആശുപത്രി - വഞ്ചിയൂർ റോഡിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു മന്ത്രി.
സ്മാർട് റോഡ് പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്ന റോഡുകൾ മാർച്ച് 31 ന് മുൻപ് ഉദ്ഘാടനം നടത്തുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. 27 റോഡുകളുടെ പണി ഫെബ്രുവരി അവസാനത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും 20 നകം അവ പൂർത്തിയാക്കാനാകുമെന്നും മന്ത്രി പറഞ്ഞു. ആന്റണി രാജു എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, കോർപറേഷൻ ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷ ഗായത്രി ബാബു, പൊതുമരാമത്ത് സെക്രട്ടറി കെ. ബിജു, ചീഫ് എൻജിനീയർ അശോക് കുമാർ, സ്പെഷൽ ഓഫിസർ വിനു തുടങ്ങിയവർ മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.