ADVERTISEMENT

തിരുവനന്തപുരം ∙ ആർസി ബുക്ക്, ലൈസൻസ് പ്രിന്റിങിന്റെ കാര്യത്തിൽ മോട്ടർ വാഹനവകുപ്പിന് വീഴ്ച വന്നെന്നും അതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നും ധനവകുപ്പ്. ഐടിഐയുമായി കഴിഞ്ഞ ഏപ്രിൽ 15ന് ഒപ്പിടുമ്പോൾ മുൻപ് കേസ് നടത്തിയിരുന്ന റോസ് മാർട്ട കമ്പനി സുപ്രീംകോടതിയുടെ സ്റ്റേ വാങ്ങിയിരുന്നുവെന്നും സ്റ്റേ നിലവിലുള്ളപ്പോഴാണ് കരാർ ഒപ്പിട്ടതെന്നുമാണ് ധനവകുപ്പ് പറയുന്നത്. ഇൗ കോടതി ഉത്തരവ് ധനവകുപ്പിന് അന്ന് തന്നെ ലഭിച്ചിരുന്നതാണ്. അങ്ങനെ കോടതിയുത്തരവുള്ളപ്പോൾ ഉണ്ടാക്കിയ കരാറിന് പണം നൽകിയാൽ ധനവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടികളുണ്ടാകുമെന്നാണ് ധനവകുപ്പ് വിശദീകരിക്കുന്നത്. 

കോടതിയുടെ ഉത്തരവ് മറികടക്കാൻ ഗതാഗത വകുപ്പ് ഒന്നും ചെയ്തിരുന്നില്ല. ആ നടപടികളിൽ വീഴ്ചയുണ്ടായതാണ് ഇപ്പോൾ പ്രശ്നമായതെന്നാണ് ധനവകുപ്പ് വിശദീകരിക്കുന്നത്. എന്നാൽ ഐടിഐയുമായി കരാറിന് പോകും മുൻപ് പിവിസി കാർഡ് 60 രൂപ ചെലവിൽ തന്നെ പ്രിന്റ് ചെയ്യാനാകുമെന്ന് തെളിയിക്കുന്നതിനായി മോട്ടർ വാഹനവകുപ്പ് തിടുക്കപ്പെട്ട് സ്വന്തം നിലയിൽ അച്ചടിക്ക്  ഉപകരണം വാങ്ങിയിരുന്നു. അത് പ്രവർത്തിപ്പിക്കാൻ  ഉപകരണം നൽകിയ  കമ്പനിക്കു തന്നെ ചുമതല നൽകുകയും ചെയ്തു. ഇൗ ഇടപാടുകളിലെ സുതാര്യത സംബന്ധിച്ച് നേരത്തെ പരാതിയുയർന്നിരുന്നു. ഇൗ പരാതി ധനവകുപ്പിനും ലഭിച്ചിരുന്നു. ഇക്കാര്യത്തിൽ സർക്കാരിന്റെ വ്യവസ്ഥകളൊന്നും പാലിച്ചിരുന്നില്ലെന്നതും ധനവകുപ്പ് ചൂണ്ടിക്കാണിക്കുന്നു.  

ഉപകരണങ്ങൾ വാങ്ങിയതും കമ്പനിയെ ഏൽപിച്ചതും  കരാർ വിളിക്കാതെയാണെന്നതിൽ ചില സംശയങ്ങൾ പുതിയ മന്ത്രിയായി ചുമതലയേറ്റ  മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ മുന്നിലുമെത്തി. മന്ത്രി  ഇൗ ഫയലുകളിൽ വിശദീകരണം തേടിയപ്പോൾ  കൃത്യമായ മറുപടി  നൽകാൻ മോട്ടർ വാഹനവകുപ്പ് ഉന്നതർക്ക് കഴിഞ്ഞില്ലെന്നതിനാൽ മന്ത്രിയും ഇക്കാര്യത്തിൽ തിരുത്തലുകൾ നിർദേശിച്ചുവെന്നാണ് വിവരം. ഐടിഐ എന്ന പൊതുമേഖലാ കമ്പനിയെ മുന്നിൽ നിർത്തി സ്വകാര്യ കമ്പനിക്ക് ഉപകരാർ നൽകാനായിരുന്നു മോട്ടർ വാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥർ ശ്രമിച്ചതെന്ന പരാതിയാണ് ഉയർന്നത്. മുകൾത്തട്ടിൽ നടന്ന അഴിമതിക്ക് ഇപ്പോൾ വാഹന ഉടമകളും ലൈസൻസ് കാത്തിരിക്കുന്ന ലക്ഷങ്ങളാണ് കുടുങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com