ADVERTISEMENT

തിരുവനന്തപുരം∙ ‘ഏക മകളാണ്, കണ്ടെത്തിത്തരണം’– മകളെ കാണാതായതിനുശേഷമുള്ള മണിക്കൂറുകളിൽ ആശ്വസിപ്പിക്കാനെത്തിയവരോടെല്ലാം കൂപ്പുകൈകളോടെ ഇതുമാത്രമേ മാതാപിതാക്കൾക്കു പറയാനുണ്ടായിരുന്നുള്ളൂ. 19 മണിക്കൂറിനുശേഷം ഒരു പരുക്കുമില്ലാതെ മകളെ തിരിച്ചുകിട്ടിയപ്പോഴും അവർ കേരളത്തിനു മുൻപിൽ കൈ കൂപ്പി– നന്ദി പറയാൻ വാക്കുകളില്ലാതെ. ഉപേക്ഷിക്കപ്പെട്ട നിലയിൽ ഓടയിൽനിന്നു പൊലീസും നാട്ടുകാരും ചേർന്നു കണ്ടെടുത്ത കുഞ്ഞിനെ ജനറൽ ആശുപത്രിയിലെ മുറിയിൽ വച്ചാണു മാതാപിതാക്കൾ വീണ്ടും കണ്ടത്.

കുഞ്ഞിനെ കാണാതായ വിവരം ഇന്നലെ പുലർച്ചെ രണ്ടരയോടെ അറിഞ്ഞപ്പോൾ മുതൽ പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും ഇതരസംസ്ഥാന കുടുംബം, തുറസ്സായ പ്രദേശത്തെ താമസം എന്നിവ കൊണ്ടെല്ലാം ആദ്യം പരാതിയുടെ വിശ്വാസ്യത ഉറപ്പിക്കുകയാണു പൊലീസ് ചെയ്തത്. തട്ടിക്കൊണ്ടുപോകലോ, മറ്റെന്തെങ്കിലും വഴക്കിന്റെ ഭാഗമോ എന്നൊക്കെ ആദ്യം പൊലീസ് സംശയിച്ചു. മാതാപിതാക്കളുടെ ദുഃഖം മാധ്യമങ്ങളും പൊതുസമൂഹവും ഏറ്റെടുത്തപ്പോൾ മുതലാണു തിരച്ചിലിനു വേഗം വച്ചത്. എംഎൽഎമാർ അടക്കമുള്ള ജനപ്രതിനിധികൾ ചാക്കയിലെ കുട്ടിയുടെ അരക്ഷിതമായ താമസസ്ഥലത്തേക്കു പാഞ്ഞെത്തി. പേട്ട പൊലീസ് സ്റ്റേഷനിലിരുന്ന് കമ്മിഷണർ സി.എച്ച്.നാഗരാജുവും ഡിസിപി നിധിൻരാജും നേരിട്ട് തിരച്ചിൽ ഏകോപിപ്പിച്ചു. ഡിജിപിയുടെ ഫോൺ വിളി പലവട്ടമെത്തി. കുട്ടിയുടെ അമ്മയുടെ മാതാവും ബന്ധുക്കളും വിമാനമാർഗമാണു ബെംഗളൂരുവിൽ നിന്നെത്തിയത്.

മഞ്ഞ സ്കൂട്ടറിൽ കൊണ്ടുപോകുന്നതു കണ്ടതായി സഹോദരങ്ങൾ പറഞ്ഞതോടെ മഞ്ഞ സ്കൂട്ടറിനു പിന്നാലെയായി പൊലീസിന്റെ അന്വേഷണം.കുട്ടിയുമായി രണ്ടുപേർ അർധരാത്രി സ്കൂട്ടറിൽ പോകുന്നതു കണ്ടെന്ന് ഈഞ്ചയ്ക്കലിൽനിന്നൊരു വിവരം ലഭിച്ചതോടെ ആ ഭാഗത്തെ സിസിടിവികൾ പരിശോധിച്ചു. അന്വേഷണം ഈ രീതിയിൽ പുരോഗമിക്കുന്നതിനിടെയാണ് ഏഴരയോടെ കുട്ടിയെ റെയിൽവേ ട്രാക്കിനു സമീപത്തെ ഓടയിൽനിന്നു കണ്ടെത്തുന്നത്. അത്രയും സമയം ഉറ്റവരിൽനിന്നു പിരിഞ്ഞിരുന്നതിന്റെ പരിഭ്രാന്തിയുണ്ടെങ്കിലും ഉന്മേഷത്തിനു കുറവില്ലായിരുന്നു. രക്ഷിക്കാനെത്തിയവരോട് പെട്ടെന്നിണങ്ങി.

പൊലീസും കുട്ടിയുടെ ബന്ധുക്കളും മാത്രമല്ല, രാവിലെ മുതൽ അന്വേഷണത്തെ മാധ്യമങ്ങളിലൂടെ പിന്തുടർന്നവരും ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു. കുട്ടിയെ തിരികെ കിട്ടുമ്പോൾ പ്രതീക്ഷയും പ്രാ‍ർഥനയുമായി പേട്ട പൊലീസ് സ്റ്റേഷനിലായിരുന്നു മാതാപിതാക്കൾ. കുട്ടിയുമായി നേരെ പൊലീസ് ജനറൽ ആശുപത്രിയിലേക്ക്. പൊലീസ് വാഹനത്തിൽ മാതാപിതാക്കളെയും അവിടെ എത്തിച്ചു. ജനറൽ ആശുപത്രിയിൽനിന്നു വിദഗ്ധ പരിശോധനയ്ക്കായി കുഞ്ഞിനെ എസ്എടിയിലേക്കു മാറ്റി. ഒപ്പം മാതാപിതാക്കളും. ആശുപത്രിക്കിടക്കയിലാണെങ്കിലും മകൾ അടുത്തു സുരക്ഷിതയായി ഉറങ്ങുന്നതിന്റെ ആശ്വാസത്തിൽ അവർ പുറത്തു കാത്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com