ADVERTISEMENT

കഴക്കൂട്ടം ∙ കേരള സർവകലാശാല കാര്യവട്ടം ക്യാംപസിലെ ബോട്ടണി ഡിപ്പാർട്മെന്റിനു സമീപത്തെ ഉപയോഗിക്കാത്ത പഴയ വാട്ടർ ടാങ്കിൽ ഒരു വർഷത്തിലേറെ പഴക്കം തോന്നിപ്പിക്കുന്ന മനുഷ്യ അസ്ഥികൂടം കണ്ടെത്തി. ടാങ്കും പരിസരവും പൊലീസ് സീൽ ചെയ്തു. അസ്ഥികൂടം ഇന്നു പുറത്തെടുത്ത് ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. പുതിയ വാട്ടർ ടാങ്ക് വന്നതോടെ വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന ടാങ്കിന് 20 അടിയോളം താഴ്ചയുണ്ട്.

ഈ ടാങ്കിന്റെ മുകളിൽ ഒരാൾക്ക് ഇറങ്ങാവുന്ന ആൾനൂഴി ഉണ്ട്. ആൾനൂഴിയിൽ നിന്ന് ടാങ്കിനുള്ളിലേക്ക് ഇറങ്ങാനുള്ള ഇരുമ്പു കോണിപ്പടിയിൽ പ്ലാസ്റ്റിക് കയർ കെട്ടിയ നിലയിലാണ് അസ്ഥികൂടം കണ്ടത്. കഴുത്തിൽ കുരുക്കിട്ടതാണെന്നു തോന്നിപ്പിക്കുന്ന രീതിയിലുള്ള കുരുക്ക് കയറിന്റെ തുമ്പിലുണ്ട്. 

ഇന്നലെ ഉച്ചയോടെ പമ്പ് ഓപ്പറേറ്റർ ഈ ഭാഗം പരിശോധിക്കുമ്പോൾ പഴയ ടാങ്കിന്റെ മുകളിലായി കുടയുടെ ജീർണിച്ച ഭാഗം ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ടാങ്കിനുള്ളിൽ ടോർച്ച് തെളിച്ചു നോക്കിയപ്പോഴാണ് അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നതു കണ്ടത്. തുടർന്ന് സർവകലാശാല ജോ. റജിസ്ട്രാർ കഴക്കൂട്ടം പൊലീസിനെ വിവരം അറിയിച്ചു.

പൊലീസിന്റെ പ്രാഥമിക പരിശോധനയിലാണ് അസ്ഥികൂടത്തിന് ഒരു വർഷത്തിലേറെ പഴക്കം വരുമെന്ന നിഗമനത്തിൽ എത്തിയത്. ടാങ്കിനുള്ളിൽ ഇറങ്ങി ആത്മഹത്യ ചെയ്തതാണെങ്കിൽ, കോണി വഴി ഇറങ്ങാവുന്ന ആൾനൂഴി ഉണ്ടെന്ന് അറിയാവുന്ന ആളായിരിക്കണമെന്ന് പൊലീസ് പറഞ്ഞു. കൊലപാതക സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. കഴക്കൂട്ടം, ശ്രീകാര്യം പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ കാണാതായവരെ പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അസ്ഥികൂടം,  രണ്ടാംതവണ
കഴക്കൂട്ടം ∙ കാര്യവട്ടം ക്യാംപസിൽ നിന്ന് അസ്ഥികൂടം ലഭിക്കുന്നത് ഇതു രണ്ടാംതവണ. പത്ത് വർഷം മുൻപ് കുറ്റിക്കാട്ടിൽ 2 മരങ്ങൾക്കിടയിൽ കെട്ടിയ മുണ്ടിനുള്ളിൽ പുരുഷന്റെ ഒരു വർഷത്തിലേറെ പഴക്കം വരുന്ന അസ്ഥികൂടം കണ്ടെത്തിയിരുന്നു. ഒരു യാചകന്റെ മൃതദേഹമാകാം എന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു.

വെള്ളുമണ്ണടിയിലെ അസ്ഥികൂടം: ഇനിയും തിരിച്ചറിഞ്ഞില്ല
വെഞ്ഞാറമൂട് ∙ വെള്ളുമണ്ണടി കൈരളി ജംക്‌ഷന് സമീപം പുരയിടത്തിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ആളിനെ ഇനിയും തിരിച്ചറിയാനായിട്ടില്ല. കഴിഞ്ഞ  നവംബർ 24ന് ഉച്ചയ്ക്കു മരം മുറിക്കാൻ എത്തിയവരാണ് അസ്ഥികൂടം കണ്ടെത്തിയത്. തലയോട് ഉൾപ്പെടെയുള്ള അസ്ഥികൂടത്തിനു സമീപം കൈലിമുണ്ടും വാച്ചും ഉണ്ടായിരുന്നു.

പൊലീസും ഫൊറൻസിക്കും ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തുകയും സാംപിളുകൾ ശേഖരിക്കുകയും ചെയ്തു. സമീപ പ്രദേശത്തു നിന്നും ഒരു ആളിനെ കാണാതായ സംഭവം ഉണ്ടായിരുന്നു. എന്നാൽ കണ്ടെത്തിയ അസ്ഥികൂടവുമായി ബന്ധപ്പെടുത്തുന്ന മതിയായ തെളിവുകൾ ലഭിച്ചിരുന്നില്ലെന്ന് പൊലീസ് പറയുന്നു. പരാതിക്കാരോ അന്വേഷകരോ ഇല്ലാത്തതിനാൽ തുടർ അന്വേഷണം ഉണ്ടായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com