ADVERTISEMENT

നെയ്യാറ്റിൻകര ∙ തിരുവനന്തപുരം – കന്യാകുമാരി റെയിൽപാത ഇരട്ടിപ്പിക്കലിനായി ഭൂമി വിട്ടു നൽകിയവർക്ക് നഷ്ടപരിഹാരം വൈകുന്നതായി പരാതി. സംസ്ഥാന സർക്കാരിനു കേന്ദ്രത്തിൽ നിന്ന് ലഭിച്ച ഫണ്ടാണ് മുട്ടാപ്പോക്ക് ന്യായങ്ങൾ നിരത്തി വൈകിപ്പിക്കുന്നതെന്നും ആക്ഷേപം. അർഹതപ്പെട്ട പണം ലഭിക്കാതെ കിടപ്പാടം വിട്ടൊഴിയേണ്ട ഗതികേടിലാണ് ഭൂ ഉടമകൾ. റെയിൽവേ, 10 മാസങ്ങൾക്കു മുൻപ് 2 ഘട്ടമായി 780 കോടി രൂപ സംസ്ഥാന സർക്കാരിനു കൈമാറിയെന്നാണ് വിവരം.2023 മാർച്ചിൽ 171.5 കോടിയും ഏപ്രിലിൽ 608.5 കോടിയും ആണ് നൽകിയിട്ടുള്ളത്.

എന്നാൽ ഇതുവരെ ഇതു വിതരണം ചെയ്തിട്ടില്ലെന്നു ബാധിക്കപ്പെട്ട കുടുംബങ്ങൾ പറയുന്നു. തിരുവനന്തപുരം – കന്യാകുമാരി പാതയിൽ പാരൂർക്കുഴി മുതൽ തുമ്പോട്ടുകോണം വരെയുള്ള എൺപതോളം കുടുംബങ്ങളാണ് ഇപ്പോൾ നഷ്ടപരിഹാരം ലഭിക്കാതെ ഭൂമിയും വീടും ഒഴിയാൻ നിർബന്ധിതരായിരിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനും നഷ്ടപരിഹാരം നൽകുന്നതിനുമായി 2 സ്പെഷൽ തഹസിൽദാർമാരുടെ ഓഫിസും പ്രവർത്തിക്കുന്നുണ്ട്. പാത കടന്നു പോകുന്നതിനു സമീപം ഇരുമ്പ് തൂണുകൾ കുഴിച്ചിട്ട് അതിർത്തി തിരിക്കുന്ന ജോലികൾ നേരത്തെ തന്നെ പൂർത്തിയാക്കി. 

ആദ്യഘട്ടത്തിൽ തന്നെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കിയ സ്ഥലങ്ങളിൽ പോലും നഷ്ട പരിഹാരം വിതരണം ചെയ്തില്ലെന്ന് ആക്ഷേപമുണ്ട്.സ്ഥലമേറ്റെടുക്കൽ സംബന്ധിച്ചുള്ള വിജ്ഞാപനങ്ങൾ പുറത്തിറങ്ങാൻ നേരിട്ട കാലതാമസമാണ് നഷ്ടപരിഹാര വിതരണം വൈകിപ്പിച്ചതിനു പിന്നിലെ പ്രധാന കാരണമെന്ന് റവന്യു അധികൃതർ പ്രതികരിച്ചു.ഇപ്പോൾ വളരെ വേഗത്തിലാണ് നടപടിക്രമങ്ങൾ എന്നും 2 മാസത്തിനുള്ളിൽ ഇതു പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അവർ വിശദീകരിച്ചു.

ചില വീടുകളിൽ ഇരുമ്പ് തൂണ് കുഴിച്ചിട്ട് അതിർത്തി തിരിക്കാൻ ശ്രമം; പ്രതിഷേധം
നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനു സമീപം ചില വീടുകളിൽ റെയിൽവേ ഭൂമി കയ്യേറി എന്നാരോപിച്ച് ഇരുമ്പ് തൂണുകൾ കുഴിച്ചിട്ട് അതിർത്തി തിരിക്കാൻ ശ്രമിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. വീട്ടിൽ ആളില്ലാതിരുന്ന നേരത്താണ് അതിക്രമിച്ചു കടന്നതെന്നും ഭൂമിക്കും വീടുകൾക്കും കരം തീരുവ ഉൾപ്പെടെ കൃത്യമായ രേഖകൾ ഉണ്ടെന്നും പരാതിയുണ്ട്. ഇതിൽ പ്രതിഷേധിച്ച് കൗൺസിലർ കൂട്ടപ്പന മഹേഷിന്റെ നേതൃത്വത്തിൽ ബാധിക്കപ്പെട്ടവർ താലൂക്ക് ഓഫിസിൽ പരാതി നൽകി. ടി.ബാബു, സുരേഷ് കുമാർ, വിജയൻ, മുരളി, ഹരികുമാർ, അനു, കമലമ്മ തുടങ്ങിയവരുടെ വീടുകളിലാണ് റവന്യു, റെയിൽവേ ഉദ്യോഗസ്ഥർ അതിക്രമിച്ചു കടന്നതായി പരാതിയുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com