ADVERTISEMENT

തിരുവനന്തപുരം ∙ ‘ഇന്ത്യ തിളങ്ങുന്നു’ എന്ന മുദ്രാവാക്യവുമായി ജനങ്ങളെ നേരിട്ട വാജ്പേയ് സർക്കാരിന്റെ ഗതിയാണു ‘മോദിയുടെ ഗ്യാരന്റി’യുമായി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ബിജെപിയെ കാത്തിരിക്കുന്നതെന്നു കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. ജനങ്ങളെ ഭിന്നിപ്പിച്ച 10 വർഷത്തെ ഭരണത്തിന് ഈ തിരഞ്ഞെടുപ്പോടെ അവസാനമാകും. മോദി ഒരിക്കൽകൂടി അധികാരത്തിലെത്തിയാൽ രാജ്യത്തു ഭരണഘടനയും ജനാധിപത്യവുമുണ്ടാകില്ലെന്ന തിരിച്ചറിവു ജനങ്ങൾക്കുണ്ടെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് തിരുവനന്തപുരം പാർലമെന്റ് മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

നരേന്ദ്രമോദി കേരളത്തിൽ പ്രചാരണത്തിനു വന്നാൽ യുഡിഎഫ് സ്ഥാനാർഥികളുടെ ഭൂരിപക്ഷം വർധിക്കും. കൂടുതൽ തവണ മോദി ഇവിടേക്കു വരണമെന്നാണ് ആഗ്രഹം. സിപിഎമ്മും ബിജെപിയും തമ്മിലുള്ള പാലമാണ് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെന്നും ചെന്നിത്തല ആരോപിച്ചു. ഏതു മണ്ഡലത്തിൽ നിർത്തിയാലും ജയിക്കുന്ന സ്ഥാനാർഥിയാണു ശശി തരൂർ എന്നു മുഖ്യപ്രഭാഷണം നടത്തിയ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. 

നരേന്ദ്ര മോദി 400 സീറ്റ് കിട്ടുമെന്നു പറയുന്നതു കേരളത്തിൽനിന്നു പത്തും തമിഴ്നാട്ടിൽനിന്ന് ഇരുപതും മനസ്സിൽ കണ്ടാണെന്നും മോദിയുടെ അവകാശവാദം പൊള്ളയാണെന്നതിനു മറ്റെന്തു തെളിവു വേണമെന്നും ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ.  തിരുവനന്തപുരത്തു താൻ വികസനം കൊണ്ടുവന്നില്ലെന്ന് ആരോപിക്കുന്നവർ കഴിഞ്ഞദിവസം പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ട് വായിക്കണമെന്നു ശശി തരൂർ എംപി പറഞ്ഞു. 

യുഡിഎഫ് ജില്ലാ ചെയർമാൻ പി.കെ.വേണുഗോപാൽ അധ്യക്ഷത വഹിച്ചു. അനൂപ് ജേക്കബ് എംഎൽഎ, എം.വിൻസെന്റ് എംഎൽഎ, ജെബി മേത്തർ എംപി, സിഎംപി ജനറൽ സെക്രട്ടറി സി.പി.ജോൺ, കെപിസിസി ജനറൽ സെക്രട്ടറിമാരായ മരിയാപുരം ശ്രീകുമാർ, ജി.എസ്.ബാബു, ജി.സുബോധൻ, ഡിസിസി പ്രസിഡന്റ് പാലോട് രവി, എ.എൻ.രാജൻബാബു, വി.എസ്.ശിവകുമാർ, ടി.ശരത്ചന്ദ്രപ്രസാദ്, കെ.മോഹൻകുമാർ, ആർ.ശെൽവരാജ്, എൻ.ശക്തൻ, പി.മോഹൻരാജ്, എൻ.പീതാംബരക്കുറുപ്പ്, നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com