ADVERTISEMENT

തിരുവനന്തപുരം∙ ചെറുകിട– ഇടത്തരം ക്ഷേത്രങ്ങളുടെ അറ്റകുറ്റപ്പണികളും വികസന പ്രവർത്തനങ്ങളും പ്രതിസന്ധിയിലായതോടെ പണം കണ്ടെത്താൻ 2 അടിയന്തര പദ്ധതികളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിലെ ശ്രീകോവിലുകളിൽ ഉപയോഗിച്ച, പഴക്കം ചെന്നതും വിലയേറിയതുമായ പൂജാ ഉപകരണങ്ങളും നിവേദ്യ പാത്രങ്ങളും ഭക്തർക്കു ലേലം ചെയ്തു നൽകും. ഇത്തരം പൂജാ ഉപകരണങ്ങളുടെ ലേലം ആദ്യമായാണു നടക്കുന്നത്.

പഴയ ഇലക്ട്രിക്കൽ ഉപകരണങ്ങളും കസേരകളും ഉൾപ്പെടെയുള്ള ആക്രി വസ്തുക്കളും വിറ്റഴിക്കും. ടൺ കണിക്കിന് ആക്രി സാധനങ്ങൾ മാറുന്നതോടെ ലഭിക്കുന്ന സ്ഥലം മറ്റാവശ്യങ്ങൾക്കായി പരിഗണിക്കും. ഉദ്യോഗസ്ഥർ ചുമതല ഒഴിയുമ്പോൾ ചാർജ് മഹസർ തയാറാക്കി അടുത്തയാൾക്കു കൈമാറുകയായിരുന്നു പതിവ്. കാണാതാകുന്ന വസ്തുക്കളുടെ സാമ്പത്തിക ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ആശങ്ക ഉദ്യോഗസ്ഥർക്കും ഉണ്ടായിരുന്നു. ഇത്തരം സാമഗ്രികളുടെ മൂല്യം കണക്കാക്കി വൈകാതെ നടപടികളിലേക്കു കടക്കും.

ക്ഷേത്രങ്ങളിലേക്ക് ഭക്തരെ പതിവായി ആകർഷിക്കാനുള്ള ‘ഭക്തസുഖദം ക്ഷേത്രദർശന’ മെന്ന പദ്ധതിയും ബോർഡിനുണ്ട്. ഭക്തർ നേരിടുന്ന മാനസിക ക്ലേശങ്ങളും പ്രയാസങ്ങളും മേൽശാന്തിമാരോടും ആത്മീയ വിഷയങ്ങളിൽ ജ്ഞാനമുള്ള ജീവനക്കാരോടും ചർച്ച ചെയ്യാൻ സംവിധാനമൊരുക്കും. ജൂണിൽ നിലവിൽ വരുന്ന പദ്ധതിക്കായി ശാന്തിക്കാർക്കും ജീവനക്കാർക്കും പരിശീലനവും നൽകുന്നുണ്ട്. 

ലക്ഷ്യം സാമ്പത്തിക അഭിവൃദ്ധി 
ക്ഷേത്രങ്ങളുടെ അറ്റകുറ്റപ്പണി, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയ്ക്കായി ഭാരിച്ച ചെലവു വരുന്നുണ്ട്. വാർഷിക ബജറ്റിലെ 90 ശതമാനത്തിലേറെ തുകയും ജീവനക്കാരുടെ ശമ്പളം, പെൻഷൻ, ഗ്രാറ്റുവിറ്റി തുടങ്ങിയവയ്ക്കു നീക്കി വയ്ക്കുന്നതിനാൽ ചെറിയ ക്ഷേത്രങ്ങളിലെ മരാമത്തു പണികളും വികസന പ്രവൃത്തികളും മുടങ്ങുന്നു. ഇതിനു പരിഹാരമായി ഓരോ ക്ഷേത്രവും സ്വയം സാമ്പത്തിക അഭിവൃദ്ധി പ്രാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോർഡ് നീങ്ങുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com