എംസി റോഡിൽ പ്രാവിൻ കുഞ്ഞിനെ രക്ഷിക്കാൻ ഇറങ്ങി; റഫീക്കിനു നഷ്ടം രണ്ടുലക്ഷം രൂപ
Mail This Article
കുറ്റൂർ ∙ സമയം ഇന്നലെ രാവിലെ 10.45. സ്ഥലം എംസി റോഡിൽ തിരുവല്ലയ്ക്കും ചെങ്ങന്നൂരിനും മധ്യേ കുറ്റൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിനു മുൻവശം. കാസർകോട് നിന്നു തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന കാസർകോട് സ്വദേശി റഫീക്ക് ഓടിച്ചിരുന്ന ബെൻസ് കാർ എത്തുന്നു. ഒരു കുഞ്ഞുപ്രാവ് റോഡിന് കുറുകെ നടക്കുന്നു.
അതിന്റെ ജീവൻ രക്ഷിക്കാനായി റഫീക്ക് പെട്ടെന്നു കാർ നിർത്തുന്നു. കോട്ടയം മാർക്കറ്റിൽ നിന്നു മത്സ്യവുമായി നാഗർകോവിലേക്ക് പോകുകയായിരുന്ന വാഹനം ബെൻസിന് പിന്നിൽ ഇടിച്ചുകയറുന്നു. ഇടിയുടെ ആഘാതത്തിൽ കുരുങ്ങിയ ഇരുവാഹനങ്ങളും വേർപെടുത്താൻ നാട്ടുകാരും സമീപത്തെ ഇരുചക്രവാഹന മെക്കാനിക്കുകളും ഒരുമണിക്കൂർ നേരം പണിപ്പെട്ട് പരാജയപ്പെട്ടു.
അവസാനം തിരുവല്ല പൊലീസ് എത്തി അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. സ്റ്റേഷൻ ഹൗസ് ഓഫിസർ ശംഭു നമ്പൂതിരിയുടെ നേത്വതൃത്തിലുള്ള സംഘം ഒരു മണിക്കൂർ പണിപ്പെട്ട് മീൻ വാഹനത്തിന്റെ ബംപർ മുറിച്ചുനീക്കി ബെൻസിനെ വേർപെടുത്തി. ഒരു പ്രാവിന്റെ ജീവൻ രക്ഷിക്കാൻ റഫീക്കിന് ചെലവ് വാഹനത്തിനുള്ള രണ്ടു ലക്ഷം രുപയുടെ അറ്റകുറ്റപ്പണിയും രണ്ടര മണിക്കൂറും.