ADVERTISEMENT

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ദുരനുഭവങ്ങൾ പങ്കുവച്ച് രോഗികളും കൂട്ടിരിപ്പുകാരും... സഹായിക്കാനായില്ലെങ്കിലും ഇങ്ങനെ വട്ടം കറക്കരുതെ’ ന്നാണ് മെഡിക്കൽ കോളജിൽ കണ്ടു മുട്ടിയവരിൽ പലരും പങ്കുവച്ച പൊതുവികാരം. പൊട്ടിക്കരഞ്ഞുകൊണ്ടാണ് പലരും പ്രതികരിച്ചത്....

സൗജന്യമെന്ന് ആര് പറഞ്ഞു?
സർക്കാരിന്റെ വാഗ്ദാനങ്ങളിൽ മ​ഞ്ഞ റേഷൻ കാർഡുകാർക്ക് ചികിത്സയും മരുന്നുമുൾപ്പെടെ സൗജന്യമാണ്. പക്ഷേ, ഇതും വിശ്വസിച്ച് ചെല്ലേണ്ടെന്നാണ് കൊല്ലം ആയൂരിൽ നിന്നെത്തിയ കുടുംബത്തിന്റെ അനുഭവം. ഭർത്താവിന് നെഞ്ചുവേദനയെ തുടർന്ന് കിട്ടിയ വണ്ടിയിൽ മെഡിക്കൽ കോളജാശുപത്രിയിലെത്തി. ഭർത്താവ് സിപിഎമ്മിന്റെ മുൻപഞ്ചായത്ത് മെംബർ ആയിരുന്നയാളുമാണ്. ഡോക്ടർ ആൻജിയോഗ്രാം കുറിച്ചു. മ‍ഞ്ഞകാർഡുമായി ആശുപത്രി വികസന സമിതി (എച്ച്ഡിഎസ്) ഓഫിസിലേക്ക്. 

സൗജന്യമെന്ന് ആര് പറഞ്ഞു ‘ആ പരിപാടിയൊക്കെ സർക്കാർ പരസ്യത്തിൽ മാത്രം.. 5000 രൂപ അടയ്ക്കണം,’  കൗണ്ടറിൽ ഇരുന്നവർ പറഞ്ഞു. പിന്നീട് പരക്കംപാച്ചിലായിരുന്നു പണത്തിനായി. വൈകിട്ടോടെ നാട്ടുകാരിൽ ചിലർ നൽകിയ പണം എത്തിച്ച് അടച്ചു.  ഭർത്താവിന്റെ ജീവനു വേണ്ടി പണം കണ്ടെത്താൻ ഒരു പകൽ മുഴുവൻ ഓടിയതിനെക്കുറിച്ചു പറഞ്ഞപ്പോൾ  കണ്ണീര് തൊണ്ടയിൽ തടഞ്ഞതുപോലെ തോന്നി... 

ഇൻഷുറൻസ് എന്ന പീഡനം
രോഗിയുടെ കൂട്ടിരിപ്പുകാർക്കു മാനസിക സമ്മർദമുണ്ടാക്കുന്ന ഏർപ്പാടുകളാണ് ആരോഗ്യ ഇൻഷുറൻകാർഡിന്റെ കാര്യത്തിൽ.  കാരുണ്യ ആരോഗ്യ ഇൻഷുറൻസിന്റെ കൗണ്ടറിലാണ് ഏറ്റവും വലിയ പരീക്ഷണം. ഡോക്ടർ മരുന്നു കുറിച്ചാൽ അതുകൗണ്ടറിലെത്തിച്ച് സീലു വയ്ക്കണം.   ഇവിടെ കുറഞ്ഞത് 100 പേരെങ്കിലും ഒരു സമയം ക്യൂവിലുണ്ടാകും. സീൽ ചെയ്ത കുറിപ്പടിയുമായി ഫാർമസിയിൽ ചെന്നാൽ മുഴുവൻ മരുന്നുകളും കാണില്ല. അവിടെയും നീണ്ട ക്യൂ ആയിരിക്കും. 

കിട്ടുന്ന ഒന്നോ രണ്ടോ മരുന്നു വാങ്ങിയാൽ ബാക്കി മരുന്ന് പുറത്തെ കാരുണ്യ കൗണ്ടറിൽ നിന്ന് വാങ്ങണം. അതിനായി  വീണ്ടും കുറിപ്പടിയുടെ ഫോട്ടോസ്റ്റാറ്റിൽ സീൽ ചെയ്യിക്കണം.  അവിടെയും മുഴുവൻ മരുന്നുകളുണ്ടാകില്ല. പിന്നീട് എച്ച്എൽഎല്ലിന്റെ കൗണ്ടറിലേക്കാണ് പോകേണ്ടത്. അതിനു വീണ്ടും ആദ്യം മുതൽ സീൽ പതിപ്പിക്കാൻ ആരോഗ്യ ഇൻഷുറൻസ് കൗണ്ടറിലെ ക്യൂവിലെത്തണം. ഇങ്ങനെ ആളുകളെ വട്ടം കറക്കുന്ന സംവിധാനത്തിന് അറുതി വരേണ്ടതല്ലേ?. 

രക്ത പരിശോധന: നെട്ടോട്ടം 
28–ാം വാർഡിലെ രോഗിയുടെ രക്ത പരിശോധന.   വയോധികയായ കുട്ടിരിപ്പുകാരിയുടെ കൈയിൽ 4 കുപ്പികളിലായി സാംപിൾ നൽകി. ഇത് 4 ലാബുകളിലെത്തിക്കണം. മൈക്രോ ബയോളജി, ബയോ കെമിസ്ട്രി, എച്ച്ഡിഎസ്, എസിആർ . 28–ാം വാർഡിൽ നിന്ന് എസിആർ ലാബിൽ പോകണമെങ്കിൽ മെയിൻ റോഡിൽ ഇറങ്ങണം.  ഉള്ളൂരിലേക്കുള്ള വഴിയിൽനിന്ന്  100 മീറ്ററോളം ദൂരമുണ്ട്.  

മൈക്രോ ബയോളജി ലാബിൽ പോകണമെങ്കിലും മെയിൻ റോഡ് മുറിച്ചുകടക്കണം സൂപ്രണ്ട് ഓഫിസിന് മുന്നിലുള്ള കെട്ടിടത്തിലാണ് ലാബ്. എച്ച് ഡി എസ് ലാബ് പഴയ മോർച്ചറി ഗേറ്റിന്റെ മുന്നിലാണ്. ബയോകെമിസ്ട്രി ലാബിലെത്താനും റോഡ് മുറിച്ചു കടന്ന് എച്ച് ഡിഎസ് ഓഫിസിലെത്തണം. ഇവിടെയൊക്കം സാംപിൾ  എത്തിച്ച്  റിസൽട്ടും  വാങ്ങിയെത്താനായിരുന്നു അവരുടെ നിയോഗം. 

ആരാണ് മാഡം?
ആശുപത്രി വികസന സമിതിയെന്നാൽ(എച്ച്ഡിസി) ചിലരുടെ പോക്കറ്റ് കാര്യമായി വീർക്കുന്ന പണിയാണത്രേ. എംആർഐ സ്കാനെടുക്കാൻ രോഗിക്ക് 3 മുതൽ10 ഫിലിം വരെ വേണ്ടിവരും. 3 ഫിലിം ആയ രോഗിക്കും 10 ഫിലിം ആയി എന്നെഴുതുന്നതിൽ തുടങ്ങുന്ന കൊള്ള ആളെ നിയമിക്കുന്നതിൽവരെയുണ്ട്. 125 ഫിലിം അടങ്ങുന്ന ഒരു സെറ്റ്  വാങ്ങാൻ 35,000 വരെയാണ് ചെലവ്. ഇടപാടിന്റെ വലുപ്പം പ്രത്യേകം പറയേണ്ടതില്ല. ഡോക്ടർമാരുടേത്  ഒഴികെയുള്ള  എല്ലാ നിയമനങ്ങളും  എച്ച്ഡിഎസിന്റെ വഴിയിലൂടെയാണ്. 

‘എങ്ങനെയാണ് നിയമനം? ’ ഒരു ഇടനിലക്കാരനോടു ചോദിച്ചു ‘അത് മാഡം തീരുമാനിക്കു’മെന്നായിരുന്നു  മറുപടി. ‘അരാണ് മാഡം. മന്ത്രിയാണോ? ‘അല്ല..മന്ത്രിയല്ല, വേറെ ഒരു മാഡം.’( പരമ്പര അവസാനിച്ചു.)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com