ADVERTISEMENT

കന്യാകുമാരി ∙ അവസാനഘട്ട ലോക്സഭാ വോട്ടെടുപ്പ് കഴിയവേ കന്യാകുമാരി വിവേകാനന്ദ സ്മാരകത്തിലെ 45 മണിക്കൂർ ധ്യാനം പൂർത്തിയാക്കി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിക്കു മടങ്ങി. ദേശീയ മാധ്യമങ്ങളടക്കമെത്തി രാജ്യശ്രദ്ധയാകർഷിച്ച കന്യാകുമാരി തീരത്തെ സുരക്ഷാനിയന്ത്രണങ്ങൾ സർക്കാർ പിൻവലിച്ചു. അവസാനഘട്ട വോട്ടെടുപ്പിന്റെ നിശ്ശബ്ദ പ്രചാരണദിനമടക്കം 3 നാൾ നീണ്ട ധ്യാനത്തിനൊടുവിൽ തമിഴ് സാഹിത്യത്തിലെ ഇതിഹാസ നായകൻ തിരുവള്ളുവറിന്റെ പ്രതിമയ്ക്കു മുന്നിലെത്തി തൊഴുതും ഹാരമണിയിച്ചും തമിഴ്നാടിനു രാഷ്ട്രീയ സന്ദേശം കൂടി കൈമാറിയാണു മോദി മടങ്ങിയത്. ബിജെപിക്കു ഭരണത്തുടർച്ച ലഭിച്ചാൽ കന്യാകുമാരിയുടെയും വിവേകാനന്ദ സ്മാരകത്തിന്റെയും വികസനത്തിനായി ചില പദ്ധതികൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും.

ഉദയത്തിനു പിന്നാലെ വിവേകാനന്ദ മന്ദിരത്തിൽ നിന്നു പുറത്തിറങ്ങിയ പ്രധാനമന്ത്രി ഇന്നലെയും സൂര്യനെ ജലാഭിഷേകം ചെയ്തു. പിന്നാലെ അൽപനേരം മന്ദിരത്തെ വലംവച്ചു കടൽക്കാഴ്ചകൾ കണ്ട ശേഷം ഉള്ളിലേക്കു മടങ്ങി. നിശ്ചയിച്ചതിലും നേരത്തേ പ്രധാനമന്ത്രി കന്യാകുമാരി വിടാൻ ഇടയുണ്ടെന്നു രാവിലെ പൊലീസിനു മുന്നറിയിപ്പു ലഭിച്ചതോടെ തീരത്തെ സുരക്ഷ ഒന്നു കൂടി മുറുകി. പിന്നാലെ സമയക്രമത്തിൽ മാറ്റമില്ലെന്ന് അറിയിപ്പു വന്നു. ഉച്ചയ്ക്കു ശേഷം 2.45ന് വിവേകാനന്ദ മന്ദിരത്തിൽ നിന്നു പുറത്തേക്കിറങ്ങിയ പ്രധാനമന്ത്രി ബോട്ടിൽ സമീപത്തെ തിരുവള്ളുവർ പ്രതിമയിലേക്കു തിരിച്ചു.

അവിടെയെത്തി പ്രതിമയെ വണങ്ങിയ ശേഷം വലംവച്ചു. കൂറ്റൻ പ്രതിമയുടെ കാൽക്കൽ ഹാരവും പൊന്നാടയും ചാർത്തിയ ശേഷം അൽപനേരം അവിടെ ചെലവിട്ട പ്രധാനമന്ത്രി മൂന്നേകാലോടെ ബോട്ടിൽ തീരത്തേക്കു തിരിച്ചു. നാവികസേനയുടെ സുരക്ഷാ ബോട്ടുകളും വ്യോമസേനയുടെ ചെറുവിമാനവും സുരക്ഷയൊരുക്കി. മൂന്നരയോടെ ബോട്ടുജെട്ടിയിൽ നിന്നു ഗെസ്റ്റ്ഹൗസിലെത്തിയ നരേന്ദ്ര മോദി അവിടെ അൽപനേരം വിശ്രമിച്ച ശേഷം 3.55ന് ഹെലികോപ്റ്റർ മാർഗം തിരുവനന്തപുരത്തേക്കു തിരിച്ചു. പിന്നാലെ നാട്ടുകാർ‌ക്കും വിനോദസഞ്ചാരികൾക്കുമായി കന്യാകുമാരിയിലെ റോഡുകളെല്ലാം പൊലീസ് തുറന്നു കൊടുത്തു. 3 ദിവസവും മഴ പൂർണമായി മാറി നിന്ന കന്യാകുമാരിയിൽ മത്സ്യബന്ധനവും പുനരാരംഭിച്ചു.

ധ്യാനം മറക്കാനാവാത്ത അനുഭവം: പ്രധാനമന്ത്രി; സന്ദർശക ഡയറിയിൽ കുറിച്ച് മോദി
കന്യാകുമാരി ∙ വിവേകാനന്ദ സ്മാരകത്തിലെ ധ്യാനം ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. 45 മണിക്കൂർ ധ്യാനം പൂർത്തിയാക്കിയതിനു പിന്നാലെ സ്മാരകത്തിലെ സന്ദർശക ഡയറിയിലാണ് പ്രധാനമന്ത്രി ഇതു കുറിച്ചത്. പാർവതി ദേവിയും സ്വാമി വിവേകാനന്ദനും ധ്യാനിച്ച ഇൗ ശിലയിൽ താൻ അദ്‌ഭുതകരമായ പ്രഭാതം അനുഭവിക്കുകയാണെന്നും ഹിന്ദിയിൽ അദ്ദേഹം എഴുതി. 

‘‘ ആത്മീയ നവോത്ഥാനത്തിന്റെ തുടക്കക്കാരനായ സ്വാമി വിവേകാനന്ദന്റെ ആദർശങ്ങളാണ് എന്റെയും വഴികാട്ടി. വർഷങ്ങൾക്കു മുൻപ് രാജ്യം മുഴുവൻ പര്യടനം നടത്തിയ ശേഷം സ്വാമി വിവേകാനന്ദൻ ഇവിടെയെത്തി തപസ്സു ചെയ്തു. അപ്പോഴാണ് ഇന്ത്യയുടെ പുനഃസ്ഥാപനത്തിനായുള്ള കരുത്ത് അദ്ദേഹത്തിനു ലഭിച്ചത്. സ്വാമി വിവേകാനന്ദൻ സ്വപ്നം കണ്ട ഭാരതം അദ്ദേഹത്തിന്റെ ആദർശങ്ങളിലും മൂല്യങ്ങളിലും അധിഷ്്ഠിതമായി ജന്മമെടുക്കുകയാണ്. ഈ പുണ്യസ്ഥലത്ത് ധ്യാനമിരിക്കാൻ എനിക്കും അവസരം ലഭിച്ചത് ഭാഗ്യമാണ്. ഇൗ ധ്യാനം എന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളിൽ ഒന്നാണ്. ജീവിതത്തിലെ ഓരോ നിമിഷവും എന്റെ ശരീരത്തിലെ ഓരോ കണികയും എന്നും രാഷ്ട്രസേവനത്തിനായി സമർപ്പിക്കുമെന്ന് ഭാരതാംബയുടെ കാൽക്കൽ ഇരുന്നുകൊണ്ട് ഞാൻ ഒരിക്കൽ കൂടി പ്രതിജ്ഞ ചെയ്യുന്നു.’’ കുറിപ്പിന്റെ ചുവടെ ഒപ്പും തീയതിയും രേഖപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com