നെയ്യാർ കടലിനോട് ചേരുന്നു; പരുത്തിയൂരിൽ കടലും നെയ്യാറും തമ്മില്‍ അകലം കുറഞ്ഞു
Mail This Article
പൊഴിയൂർ∙ തീരശോഷണം രൂക്ഷമായതോടെ പരുത്തിയൂരിൽ കടലും നെയ്യാറും തമ്മിലുള്ള അകലം കുറയുന്നു. മണൽ തിട്ടയുടെ ഭൂരിഭാഗവും കടൽ എടുത്തതോടെ തിരയടിയിൽ കടൽവെള്ളം നെയ്യാറിലേക്കാണു പതിക്കുന്നത്. കാലവർഷം ശക്തമാകുന്നതോടെ സ്ഥിതി ഗുരുതരമാകും. തമിഴ്നാട് ഭാഗത്ത് പുലിമുട്ട് സ്ഥാപിച്ചത് മുതലാണ് തെക്കേകൊല്ലങ്കോട് തൊട്ട്് പരുത്തിയൂർ വരെയുള്ള തീരശോഷണത്തിനു തുടക്കമായത്.
നാല് പതിറ്റാണ്ട് പഴക്കമുള്ള പരുത്തിയൂർ–പൊഴിക്കര റോഡ് 2 മാസം മുൻപുണ്ടായ കള്ളക്കടൽ പ്രതിഭാസത്തിലെ തിരയടിയിൽ തകർന്നിരുന്നു. എവിഎം കനാലും നെയ്യാറും സംഗമിക്കുന്ന ഭാഗത്തേക്ക് കടൽ വെളളം ഒഴുകുന്നത് ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടയാക്കും. തീരം നഷ്ടമായതോടെ മത്സ്യതൊഴിലാളികൾക്ക് വള്ളം ഇറക്കാൻ പണിപ്പേടേണ്ടി വരുന്നു.
ഒരു വർഷത്തിനിടയിൽ മാത്രം പരുത്തിയൂർ മേഖലയിൽ ഒന്നരക്കോടി ചെലവിട്ട് നിർമിച്ച രണ്ട് ഫിഷ് ലാൻഡിങ് സെന്റർ, കടൽക്ഷോഭം തടുക്കാൻ 35 ലക്ഷം രൂപ ചെലവിട്ട് സ്ഥാപിച്ച ജിയോ ബാഗ്, അൻപത് ലക്ഷത്തിന്റെ ഒാഖി പാർക്ക് തുടങ്ങിയവ കടൽ എടുത്തിട്ടുണ്ട്. തിരയടി രൂക്ഷമായ ഭാഗങ്ങളിൽ കടൽഭിത്തി നിർമാണം മാത്രമാണ് പരിഹാരം.