കിരീടം പാലം വികസനം: സർക്കാർ വാഗ്ദാനം ഇപ്പോഴും ഫയലിൽ; ഇതോ ടൂറിസം ?
Mail This Article
നേമം∙ വെള്ളായണി കിരീടം പാലം ടൂറിസം, സാംസ്കാരിക കേന്ദ്രമാക്കുമെന്ന സർക്കാർ വാക്ക് പാഴായിട്ടും ദിനംപ്രതി സഞ്ചാരികളുടെ തിരക്ക് വർധിക്കുന്നു. ടൂറിസം, പൊതുമരാമത്ത് വകുപ്പുകളോ കല്ലിയൂർ ഗ്രാമ പഞ്ചായത്തോ ഇതുവരെ സഞ്ചാരികൾക്കായി സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. കിരീടം സിനിമയുടെ ഗാനരംഗങ്ങൾ ഉൾപ്പെടെ ചില സീനുകൾ ഇവിടെവച്ച് ചിത്രീകരിച്ചതോടെയാണ് കിരീടം പാലമെന്ന പേരുവന്നത്.
വെള്ളായണി കായലിലെ അമിതജലം കരമനയാറ്റിലേക്ക് ഒഴുക്കി കളയുന്ന കന്നുകാലി ചാലിന് കുറുകെയാണ് ഈ പാലം. കോൺക്രീറ്റ് തകർന്നും കമ്പികൾ തുരുമ്പിച്ചും നാശാവസ്ഥയിലായ പാലം അടുത്തിടെ പുനരുദ്ധരിച്ചിരുന്നു. കിരീടം സിനിമയിൽ അഭിനയിച്ച തിലകന്റെയും മോഹൻലാലിന്റെയും ബഹുമാനാർഥം ഇവിടം നവീകരിക്കുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. ഇതാണ് ഇപ്പോഴും ഫയലിൽ ഉറങ്ങുന്നത്.
ഇവിടേക്കുള്ള പ്രധാന റോഡായ ശിവോദയം ക്ഷേത്രം റോഡ് തകർന്ന് കുണ്ടും കുഴിയുമായിട്ട് മാസങ്ങളായി. ഈ കുഴിയും വെള്ളക്കെട്ടും കടന്നുവേണം കിരീടം പാലത്തിലെത്താൻ. റോഡിന്റെ പലഭാഗവും ഇടിഞ്ഞുതാണ് വൻ കുഴിയും അതിൽ വെള്ളക്കെട്ടും രൂപപ്പെട്ടിരിക്കുകയാണ്. വെള്ളായണി ക്ഷേത്രം ജംക്‌ഷനിൽ നിന്നും പുഞ്ചക്കരിയിൽ നിന്നും തിരിഞ്ഞുവേണം ഇവിടെയെത്താൻ.
ഇവിടെ ഒരു ബോർഡുപോലും സ്ഥാപിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. പലരും വഴിതെറ്റി പലയിടത്തും കറങ്ങിത്തിരിഞ്ഞാണ് ഇവിടെയെത്തുന്നത്. സ്വകാര്യ വ്യക്തികൾ നടത്തുന്ന ചില തട്ടുകടകളും ഒരു പാർക്കുമാണ് ഇപ്പോഴുള്ളത്. നേരത്തെ ഒരു കൊറ്റില്ലം ഉണ്ടായിരുന്നെങ്കിലും അത് കത്തി നശിച്ചു.