ADVERTISEMENT

ചെമ്പഴന്തി ∙പേരൂർ ജാനകി ഭവനിൽ എസ്. ബിജുകുമാർ (48) ജീവനൊടുക്കിയ സംഭവത്തിൽ ഇന്നലെയും ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിനു മുന്നിൽ ഇന്നലെയും സംഘർഷാവസ്ഥ.  ബിജുകുമാറിന്റെ ബന്ധുക്കളും നാട്ടുകാരുമാണ് പ്രതിഷേധവുമായി എത്തിയത്.  കഴക്കൂട്ടം പൊലീസ് രണ്ടു പേരെ കസ്റ്റഡിയിൽ എടുത്ത ശേഷം സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു. ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘം പ്രസിഡന്റ് വഞ്ചിച്ചതാണ് ജീവൻ ഒടുക്കാൻ കാരണമെന്ന് ആരോപിച്ച് ബിജുകുമാർ എഴുതിയെന്നു കരുതുന്ന കുറിപ്പ് ബിജുവിന്റെ മൃതദേഹത്തിനു സമീപത്തു നിന്ന് കണ്ടെടുത്തിരുന്നു. 

ബിജു ജീവൻ ഒടുക്കിയ സംഭവത്തിന്റെ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനെ അറസ്റ്റ് ചെയ്യണമെന്നും സംഘത്തിൽ പണം നിക്ഷേപിച്ചവരുടെ കാര്യത്തിൽ തീരുമാനം ഉണ്ടായ ശേഷം ഓഫിസ് തുറന്നാൽ മതി എന്നും ആവശ്യപ്പെട്ടാണ് ബിജുകുമാറിന്റെ കുടുംബവും ബന്ധുക്കളും നാട്ടുകാരും സംഘം ഓഫിസിനു മുന്നിൽ എത്തിയത്.  ജീവനക്കാർ എത്തിയിട്ടും നാട്ടുകാർ ഓഫിസ് തുറക്കാൻ അനുവദിച്ചില്ല. തുടർന്നാണ് രണ്ടു പേരെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിൽ എടുത്തത്.  11 മണിയോടെ സഹകരണ സംഘം റജിസ്ട്രാറുടെ ഓഫിസിൽ നിന്നും പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തിയതോടെയാണ് ഓഫിസ് തുറക്കാൻ‌ അനുവദിച്ചത്.  മരിച്ച ബിജുകുമാറിന് സംഘത്തിൽ ലക്ഷങ്ങളുടെ ബാധ്യതയുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയതായി സൂചനയുണ്ട്. ഇന്ന് സഹകരണ സംഘം റജിസ്ട്രാർക്ക് റിപ്പോർട്ട് സമർപ്പിക്കും എന്നാണ് വിവരം.  ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും  പൊലീസ് നടപടി. ശനിയാഴ്ച രാവിലെയാണ് ബിജുകുമാറിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.   

ആക്ഷൻ കൗൺസിൽ രൂപീകരിക്കും
ചെമ്പഴന്തി ∙ ബിജുകുമാറിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആക്‌ഷൻ കൗൺസിൽ രൂപീകരിക്കാൻ തീരുമാനം. മുപ്പതോളം നിക്ഷേപകർ  നിക്ഷേപിച്ച പണം കിട്ടാനുണ്ടെന്ന പരാതിയുമായി ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിനു മുന്നിൽ എത്തിയതോടെ എത്ര പേർക്ക് പണം കൊടുക്കാനുണ്ട് എന്നറിയാനായി ഇന്ന് വൈകുന്നേരം ബാങ്കിനു സമീപം ഹാളിൽ നിക്ഷേപകരുടെ കൂട്ടായ്മ സംഘടിപ്പിച്ചിട്ടുണ്ട്.  ഇതിനകം മുപ്പതോളം പേർ‌ തങ്ങൾക്ക് 20,000 മുതൽ 23 ലക്ഷം വരെ കിട്ടാനുണ്ടെന്ന പരാതി സഹകരണ സംഘം ജോയിന്റ് റജിസ്ട്രാർക്കു നൽകിയിരുന്നു.

നിക്ഷേപകരുടെ പരാതികൾ ഇന്നു മുതൽ സ്വീകരിച്ച് ഓരോ പരാതികൾക്കും എഫ്ഐആർ ഇടും എന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു. രണ്ടു കോടിയോളം രൂപ നിക്ഷേപകർക്കു കൊടുക്കാനുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സംഘത്തിൽ നിക്ഷേപിച്ച പണം കാലാവധി കഴിഞ്ഞ് തിരിച്ചെടുക്കാൻ സർട്ടിഫിക്കറ്റുമായി മാസങ്ങളായി പലരും സംഘം ഓഫിസ് കയറി ഇറങ്ങുന്നുണ്ട്. വീടു വയ്ക്കാനായി 4 ലക്ഷം നിക്ഷേപിച്ച ചെമ്പഴന്തി സ്വദേശി പണം കിട്ടാത്തതിനെ തുടർന്ന് വീട് നിർമാണം പകുതിയിൽ ഇട്ടിരിക്കുകയാണ്. മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി നിക്ഷേപിച്ച പണവും യഥാസമയം എടുക്കാനാവാത്ത അവസ്ഥയിലാണ് ചിലർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com