ജെല്ലിഫിഷിൽ കൊലയാളികളും; നാഡീവ്യവസ്ഥ, ഹൃദയം, ചർമ കോശങ്ങൾ എന്നിവ നശിപ്പിക്കുക വഴി മരണകാരണം
Mail This Article
തിരുവനന്തപുരം ∙ ചിലയിനം ജെല്ലിഫിഷിന്റെ ( കടൽച്ചൊറി) വിഷം മനുഷ്യ ശരീരത്തിൽ എത്തിയാൽ നാഡീവ്യവസ്ഥ, ഹൃദയം, ചർമ കോശങ്ങൾ എന്നിവയെ നശിപ്പിക്കുക വഴി മരണകാരണമാകാമെന്ന് വിദഗ്ധർ. എല്ലാ ഇനവും വിഷമുള്ളതല്ല. ജെല്ലിഫിഷ് കണ്ണിൽ തെറിച്ചു മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടു ലഭിക്കേണ്ടതുണ്ട്.
29നു രാവിലെ കടലിൽ മീൻ പിടിക്കുമ്പോഴാണു പുല്ലുവിള പള്ളം അർത്തയിൽ പുരയിടത്തിൽ എസ്.പ്രീവീഷിന്റെ (57) കണ്ണിൽ ജെല്ലിഫിഷ് തെറിച്ചുവീണത്. നീരു വന്നതോടെ ആദ്യം പുല്ലുവിള ആശുപത്രിയിലും പിന്നീട് നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. അസ്വസ്ഥത മാറാതെ നാലാം ദിവസമായ ചൊവ്വാഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണു മരണം.
ജെല്ലിഫിഷ്
കടുത്ത വിഷമുള്ള ഇനം ജെല്ലിഫിഷ് കണ്ണിൽ ഇടിച്ചാൽ ഷോക്കിലൂടെ വിഷം ശരീരത്തിൽ കയറുമെന്നു ഗവ.കണ്ണാശുപത്രി സൂപ്രണ്ട് ഡോ.ചിത്ര രാഘവൻ പറഞ്ഞു. മരണത്തിനു കാരണമായത് ഏതിനമെന്നു വ്യക്തമല്ല. പെട്ടിയുടെ രൂപസാദൃശ്യമുള്ള ‘ ബോക്സ് ജെല്ലിഫിഷ് ’ വിഷമുള്ള ഇനമാണ്. ഇവയ്ക്കു 15 സെന്റിമീറ്ററോളം നീളമുള്ള ടെൻഡക്കിളുകളും കൂർത്ത അഗ്രങ്ങളും ഉണ്ട്. ഇത് ഉപയോഗിച്ചാണു വിഷം കുത്തിവയ്ക്കുന്നത്.