നീന്തൽ പരിശീലനത്തിന്റെ സാധ്യതകളുമായി മാടങ്കാവിൽ കുളം; നാവായിക്കുളത്തെ കുളങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യം
Mail This Article
കല്ലമ്പലം∙നീന്തൽ പരിശീലനത്തിന്റെ സാധ്യതകളുമായി നാവായിക്കുളം മാടങ്കാവിൽ കുളം . നാവായിക്കുളം പഞ്ചായത്തിലെ 4–ാം വാർഡിലാണിത് 21 അര സെന്റ് വസ്തുവിലെ കുളത്തിന് 50 മീറ്റർ നീളവും 20 മീറ്റർ വീതിയുമുണ്ട്. ആഴം കുറവായതിനാൽ ഏത് പ്രായത്തിൽ ഉള്ളവർക്കും നീന്തൽ പരിശീലിക്കാം. കാലവർഷത്തിന് മുന്നോടിയായി പ്രദേശവാസികൾ പായൽ വാരി കുളം വൃത്തിയാക്കിയിരുന്നു. നാവായിക്കുളം,കരവാരം,പള്ളിക്കൽ,മടവൂർ പഞ്ചായത്തുകളിൽ നിന്നായി നിത്യേന നൂറോളം പേർ നീന്തൽ പഠിക്കാനും കുളിക്കാനും ഇവിടെ എത്തുന്നുണ്ട്.
നാവായിക്കുളത്ത് ചെറുതും വലുതുമായ എഴുപതോളം കുളങ്ങൾ ഉണ്ടെന്നാണ് കണക്ക്. പക്ഷേ പൊതു ജനങ്ങൾക്ക് ഉപയോഗപ്രദമായ കുളങ്ങൾ കുറവാണ്. ഇതിൽ ഒന്നാണ് മാടങ്കാവിൽ കുളം. മറ്റുള്ളവ മാലിന്യം നിറഞ്ഞ് ഉപയോഗ ശൂന്യമാണ്. കുളങ്ങൾക്ക് സംരക്ഷണം ഇല്ലാത്തതിനാൽ വേനൽക്കാലത്ത് കുടിവെള്ള ക്ഷാമം രൂക്ഷം ആണ്. സംരക്ഷണ നടപടിയില്ലാത്തതിൽ പ്രതിഷേധം ശക്തമാണ്. മാലിന്യം നിറഞ്ഞ കുളങ്ങൾ രോഗവാഹികൾ ആണെന്ന് ആരോഗ്യ വിഭാഗം തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.