ADVERTISEMENT

തിരുവനന്തപുരം ∙ രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവത്തിൽ വിശദ അന്വേഷണം നടത്താൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ(ഡിഎംഇ) ഡോ. തോമസ് മാത്യു ഉത്തരവിട്ടു. മെഡിക്കൽ കോളജ് സൂപ്രണ്ടിനാണ് ചുമതല. സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.ലിനറ്റ് ജെ.മോറിസ്, സൂപ്രണ്ട് ഡോ.ബി.എസ്.സുനിൽകുമാർ എന്നിവരുടെ റിപ്പോർട്ടിനെ തുടർന്നാണ് സംഭവത്തിൽ മൂന്ന് പേരെ സസ്പെൻഡ് ചെയ്തത്. 

സംഭവദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ലിഫ്റ്റ് ഓപ്പറേറ്റർ ആയ ആദർശ്, ഹരി രാം, മുരുകൻ എന്നിവരിൽ നിന്ന് മൊഴിയെടുത്തു. ശനിയാഴ്ച ആദർശിന്റെ ഡ്യൂട്ടി സമയം ഒപിയിൽ 9 മുതൽ 3 വരെയായിരുന്നു. ഈ സമയം ലിഫ്റ്റ് പ്രവർത്തിക്കുന്നുണ്ടായിരുന്നു എന്നാണ് ആദർശ് അഭിപ്രായപ്പെടുന്നത്. എന്നാൽ ഇതിൽ 12 മണി മുതൽ രോഗി കുടുങ്ങിക്കിടക്കുകയും പലതവണ അലാം അടിച്ചിട്ടും ലിഫ്റ്റ് ഓപ്പറേറ്ററോ സെക്യൂരിറ്റിയോ എത്തിയില്ല എന്നുമാണ് ബന്ധുക്കളുടെ പരാതി. ആദർശ് അവിടെ പോയിരുന്നെങ്കിൽ ഇത് ശ്രദ്ധയിൽപെടുമായിരുന്നുവെന്നും ഡിഎംഇയുടെ പത്രക്കുറിപ്പിൽ പറയുന്നു. 

ലിഫ്റ്റ് ഉപയോഗിക്കരുത്, ബോർഡ് സ്ഥാപിച്ചു
ലിഫ്റ്റിൽ കുടുങ്ങിയ രോഗിയെ രക്ഷിച്ചതിനു പിന്നാലെ ഇതിനു മുന്നിൽ അറ്റകുറ്റപ്പണിയുടെ ബോർഡ് സ്ഥാപിച്ച് അധികൃതർ. ഒപി ബ്ലോക്കിലെ ലിഫ്റ്റ് നമ്പർ 11ന് മുന്നിലാണ് ലിഫ്റ്റ് ഉപയോഗിക്കരുതെന്ന ബോർഡ് ഇന്നലെ വൈകിട്ടോടെ സ്ഥാപിച്ചത്.  ലിഫ്റ്റിന്റെ  അറ്റകുറ്റപ്പണി ഉടൻ നടത്തുമെന്നാണ് വിവരം. 

ദുരന്ത വാതിലുകൾ 
തിരുവനന്തപുരം ∙ ലിഫ്റ്റിന്റെ ദുരന്തവാതിലുകൾ തട്ടിയെടുത്തവരുടെ പട്ടികയിൽ നീറുന്ന ഓർമകളാണ് സിഡ്കോയിലെ ഡ്രൈവർ സുദർശനനും, പത്തനാപുരം സ്വദേശി നാജിറയും നേമം സ്വദേശി സതീഷും..ഉള്ളൂർ സ്വദേശി രവീന്ദ്രൻ(തിരുമല രവി)മെഡിക്കൽ കോളജിലെ സൂപ്രണ്ട് ഓഫിസിലെ ലിഫ്റ്റിൽ കുടുങ്ങിയതാണ് ഒടുവിലത്തെ സംഭവം. 

സതീഷിന്റെ അന്തകനായി കാർഗോ ലിഫ്റ്റ്
സാനിറ്ററി ഉൽപന്നങ്ങൾ വിൽക്കുന്ന കടയിലെ കാർഗോ ലിഫ്റ്റിൽ മുകൾ നിലയിലേക്കു പോകുമ്പോൾ ലിഫ്റ്റിന്റെ ഇരുമ്പു ഫ്രെയിമിൽ തലയിടിച്ചു കുരുങ്ങി ജീവനക്കാരൻ മരിച്ചത് 2022 മേയിൽ. കവടിയാർ– പേരൂർക്കട റോഡിൽ അമ്പലംമുക്ക് ജംക്‌ഷനു സമീപം എസ്കെപി സാനിറ്ററി സ്റ്റോഴ്സിലുണ്ടായ അപകടത്തിൽ നേമം ചാട്ടുമുക്ക് ലക്ഷ്മി നിലയത്തിൽ കെ.ജി.സതീഷ് കുമാർ (58) ആണ് മരിച്ചത്.

അമ്മയെ പരിചരിക്കാൻ എത്തി, നാജിറയ്ക്ക് ദാരുണാന്ത്യംറീജനൽ കാൻസർ സെന്ററിൽ (ആർസിസി) അറ്റകുറ്റപ്പണിക്കായി തുറന്നിട്ടിരുന്ന ലിഫ്റ്റിൽ നിന്നു വീണു പത്തനാപുരം കുണ്ടയം ചരുവിള വീട്ടിൽ പരേതനായ നാസർ – നസീമ ദമ്പതികളുടെ ഏക മകൾ നാജിറ (22) മരിച്ചത് 2021 ജൂണിൽ. അർബുദ രോഗ ബാധിതയായ നസീമയെ പരിചരിക്കാൻ ആർസിസിയിലെത്തിയ നാജിറ, മൂന്നാം നിലയിൽ അപായ സൂചന നൽകാതെ തുറന്നുവച്ച ലിഫ്റ്റിൽ നിന്നു താഴേക്കു വീഴുകയായിരുന്നു.  

സുദർശനൻ കാലെടുത്തു വച്ചു, മരണത്തിലേക്ക്...
ഹൗസിങ് ബോർഡ് കെട്ടിടത്തിലെ അറ്റകുറ്റപ്പണി നടത്താത്ത ലിഫ്‌റ്റിൽ മരണത്തിലേക്കു നടന്നു കയറുകയായിരുന്നു സിഡ്‌കോയിലെ ഡ്രൈവർ സുദർശനൻ. 2007 സെപ്റ്റംബറിൽ വൈകിട്ടായിരുന്നു മരണത്തിന്റെ നിഴലിൽ വന്ന ലിഫ്‌റ്റിലേക്ക് കാലെടുത്തുവച്ചത്. 

നടുക്കുന്ന ഓർമകൾ
രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ ടെർമിനലിലെ കാപ്സ്യൂൾ ലിഫ്റ്റിൽ യാത്രികരായ കൊല്ലം സ്വദേശി ദമ്പതികൾ മൂന്നു മണിക്കൂറോളം കുടുങ്ങിയത് 12 വർഷം മുൻപ്. ഹൗസിങ് ബോർഡിലെ ലിഫ്റ്റ് അടർന്നു വീണതിനാൽ തലനാരിഴയ്ക്ക് ദുരന്തം ഒഴിവായത് 2008ൽ. സിഡ്‌കോ മുൻ ജീവനക്കാരി അമ്മാളു അമ്മാൾ അന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

കോൺഗ്രസിന്റെ ഉപരോധം:പൊലീസുമായി ഉന്തും തള്ളും
തിരുവനന്തപുരം ∙ ലിഫ്റ്റിൽ രോഗി കുടുങ്ങിയ സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഉള്ളൂർ ബ്ലോക്ക് കമ്മിറ്റി നടത്തിയ ഉപരോധത്തിൽ സംഘർഷം. പൊലീസുമായി ഉന്തും തള്ളുമുണ്ടായി. തുടർന്ന് സൂപ്രണ്ട് ഓഫിസിന് മുന്നിൽ പ്രവർത്തകർ കുത്തിയിരുന്നു പ്രതിഷേധിച്ചു. മന്ത്രി വീണാ ജോർജ് രാജി വയ്ക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ‍ഡിസിസി വൈസ് പ്രസിഡന്റ് കടകംപള്ളി ഹരിദാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.എസ്. സനൽ അധ്യക്ഷത വഹിച്ചു. കൗൺസിലർ സുരേഷ്കുമാർ, സിഎംപി നേതാവ് കുമാരപുരം ശ്രീകണ്ഠൻ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ഉള്ളൂർ സുനിൽബാബു തുടങ്ങിയവർ പ്രസംഗിച്ചു.

സംഭവം ഞെട്ടിക്കുന്നത്: സതീശൻ 
തിരുവനന്തപുരം∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ  വയോധികൻ 2 ദിവസം ലിഫ്റ്റിൽ കുടുങ്ങിക്കിടന്നെന്ന സംഭവം ഞെട്ടിക്കുന്നതാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സംഭവത്തിൽ സർക്കാരിനും ആരോഗ്യ വകുപ്പ് മന്ത്രിക്കും ഒരു ഉത്തരവാദിത്തവും ഇല്ലേ? ആരോഗ്യ മേഖലയും സർക്കാർ ആശുപത്രികളും ഇത്രയും അനാഥമായൊരു കാലഘട്ടം ഇതിനു മുൻപുണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

രോഗിയുടെ മുറിയിൽ ഫാൻ പൊട്ടി വീണു
തിരുവനന്തപുരം∙ മെഡിക്കൽ കോളജ് ആശുപത്രി പേ വാർഡിൽ രോഗിയുടെ മുറിയിൽ ഫാൻ പൊട്ടി വീണു. മുറിയിൽ ചികിത്സയിലുണ്ടായിരുന്ന രോഗി ഈ സമയം പുറത്തായിരുന്നതിനാൽ അപകടം ഒഴിവായി. ഇന്നലെ വൈകിട്ടാണു സംഭവം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com