വീടിനു മുന്നിൽ 33 ദിവസം മാത്രം പഴക്കമുള്ള കല്ലറ; അവിടേക്ക് തീരാനോവായി ജോയി
Mail This Article
വീടിനു മുന്നിൽ വേർപാടിന്റെ വേദന വിട്ടു മാറാത്ത, 33 ദിവസം മാത്രം പഴക്കമുള്ള കല്ലറ. അവിടേക്ക് തീരാനോവ് പടർത്തി മറ്റൊരു കുടുംബാംഗത്തിന്റെ കൂടി ആയുസ്സറ്റു തണുത്തുറഞ്ഞ ശരീരമെത്തിയപ്പോൾ സംസ്കരിക്കാൻ ഇടമില്ലെന്നു കണ്ട് അവർക്കൊപ്പം ആ വീടു കൂടി തേങ്ങിയിരിക്കണം. ഒരു പറമ്പിനപ്പുറം കുത്തനെയുള്ള കയറ്റം കയറിച്ചെല്ലുന്ന, നിന്നു തിരിയാൻ പോലും ഇടമില്ലാത്ത സ്ഥലത്ത് സംസ്കരിക്കാൻ മണ്ണു കണ്ടെത്തിയപ്പോൾ കുടുംബാംഗങ്ങൾക്ക് ആശ്വാസം. കല്ലും വഴുക്കലും നിറഞ്ഞ കുത്തനെയുള്ള കുന്നിനു മുകളിലേക്ക് ജോയിയുടെ മൃതശരീരം എത്തിക്കാൻ തന്ന ഏറെ ക്ലേശിക്കേണ്ടി വന്നു. ഒടുവിൽ അവിടെ ആറടി മണ്ണിൽ വിശ്രമം. ജോയിയുടെ സഹോദരൻ കോശിയുടെ ഭാര്യ ഷീബാ റാണി 33 ദിവസം മുൻപാണ് അസുഖത്തെ തുടർന്ന് മരിച്ചത്.
മുപ്പതാം ദിന ചടങ്ങുകൾ നടന്ന ദിവസമാണ് ജോയിയെ കാണാതായത്. ഷീബാ റാണിയുടെ മൃതശരീരം സ്ഥലപരിമിതി മൂലം വീടിനു മുന്നിലാണു സംസ്കരിച്ചത്. ജോയിയും അമ്മ മെൽഹിയും കഴിയുന്ന ഇടിഞ്ഞു വീഴാറായ വീടിനു മുന്നിലും ഇടമില്ല. ഇവിടെ കുഴിച്ചാൽ മണ്ണിനൊപ്പം വീടും നിലം പൊത്താവുന്ന സ്ഥിതിയാണ്. തുടർന്നാണ് വീടിനപ്പുറത്തെ ഉയർന്ന സ്ഥലത്തു സംസ്കരിക്കാൻ തീരുമാനിച്ചത്. മൃതശരീരം ചുമന്നുകയറ്റുവാൻ പാകത്തിൽ ഇവിടേക്ക് വഴി വെട്ടുകയായിരുന്നു. മഴയിൽ കുതിർന്ന മണ്ണും കൂർത്ത കല്ലുകളും വഴുക്കലും മൂലം മൃതദേഹം മുകളിലെത്തിക്കാൻ ഏറെ പാടുപെടേണ്ടി വന്നു. അടുത്തടുത്ത രണ്ടു മരണങ്ങൾ ഈ കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു.
ഇന്നലെ ഉച്ചയ്ക്കുശേഷം ജോയിയുടെ ചേതനയറ്റ ശരീരം എത്തിച്ചപ്പോൾ ഒന്നു തേങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു അമ്മ മെൽഹി. ജോയിയെ ജീവനോടെ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു സഹോദരൻ കോശിയും ഇരട്ട സഹോദരിമാരായ ജോളിയും ജെസിയും. കാണാതായ ദിവസം പണി കഴിഞ്ഞ് വൈകിട്ട് നേരത്തേ എത്തുമെന്നു കോശിയോട് പറഞ്ഞാണ് ജോയി വീട്ടിൽ നിന്നിറങ്ങിയത്. ആ കാത്തിരിപ്പ് മൂന്നു ദിവസം നീണ്ടെന്നു പറഞ്ഞു കോശി വിതുമ്പി. ഏതാനും സെക്കൻഡുകൾ മാത്രം അമ്മയെയും സഹോദരനെയും സഹോദരിമാരെയും ഉറ്റ ബന്ധുക്കളെയും ജോയിയുടെ മുഖം കാണിച്ചു. പൊതുദർശനം പത്തു മിനിറ്റു മാത്രം നീണ്ടു.
ചെങ്കുത്തായ കയറ്റം കാരണം മെൽഹിക്ക് മകനെ സംസ്കരിച്ച സ്ഥലത്ത് കയറിച്ചെല്ലാൻ ബുദ്ധിമുട്ടാണ്. അടുത്ത ദിവസം നടക്കുന്ന പ്രാർഥനാ ചടങ്ങുകളിലും അവിടെയെത്താനാകില്ല. അല്ലെങ്കിൽ ആരെങ്കിലും എടുത്തുകൊണ്ടുപോകണം.ഇന്നലെ വൈകുന്നേരം ആ അമ്മ മുറ്റത്തിറങ്ങി മരുമകളുടെ കല്ലറയ്ക്കരികിൽ നിന്ന് മകന്റെ സംസ്കാര സ്ഥലത്തേക്കു നോക്കി കൈകൂപ്പി ഏറെ നേരം പ്രാർഥിച്ചു. ഭൂമിയുടെ കിടപ്പിന്റെ പ്രത്യേകത മൂലം ‘മലഞ്ചെരുവിൽ’ എന്നാണ് ജോയിയുടെ വീട്ടുപേര്.
ജോയിയുടെ മൃതശരീരം വീട്ടിലെത്തിച്ചപ്പോൾ അവസാനമായൊന്നു കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും നാടാകെയെത്തി. പ്രത്യേക സാഹചര്യത്തെ തുടർന്ന് പത്തു മിനിറ്റു മാത്രമായിരുന്നു അന്ത്യദർശനം. സഹോദരൻ കോശിയുടെ വീട്ടൽ മൃതദേഹം എത്തിച്ചെങ്കിലും സംസ്കാരം നടത്താൻ സ്ഥലപരിമിതി പ്രതിബന്ധമായി. മൃതദേഹത്തിനു പഴക്കമുണ്ടായിരുന്നതിനാലാണ് സംസ്കാര ചടങ്ങുകൾ വേഗത്തിലാക്കിയത്. വഞ്ചിയൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ഉച്ചയ്ക്ക് ഒന്നരയോടെ ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
തുടർന്ന് മാരായമുട്ടത്തെ വീട്ടിലേക്കു കൊണ്ടുപോയ മൃതദേഹത്തെ സി.കെ.ഹരീന്ദ്രൻ എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ഡപ്യൂട്ടി മേയർ പി.കെ.രാജു എന്നിവർ അനുഗമിച്ചു. ജോയിയുടെ കുടുംബാംഗങ്ങളെയും ഇവർ ആശ്വസിപ്പിച്ചു. തുടർന്ന് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൂന്നരയോടെ സംസ്കരിച്ചു.കോർപറേഷൻ കൗൺസിലർമാരും ശുചീകരണ തൊഴിലാളികളും ജീവനക്കാരും എത്തിയിരുന്നു.