പേവിഷബാധ മുക്തമാക്കൽ പദ്ധതിക്ക് കരകുളത്ത് തുടക്കം
Mail This Article
തിരുവനന്തപുരം ∙ ലോക ജന്തുജന്യ ദിനാചരണത്തോടനുബന്ധിച്ച് കരകുളം പഞ്ചായത്ത് പ്രദേശത്തെ പേവിഷബാധ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള ഗവ. വെറ്ററിനറി ഓഫിസേഴ്സ് അസോസിയേഷൻ(കെജിവിഒഎ ) തീവ്രയജ്ഞ പരിപാടി (കവചം 2024)ക്കു തുടക്കം കുറിച്ചു. കരകുളം പഞ്ചായത്ത്, കംപാഷൻ ഫോർ അനിമൽ വെൽഫെയർ അസോസിയേഷൻ(കാവാ) എന്നിവരുടെ സഹകരണത്തോടെയാണ് ഇത്. നായയുടെ സ്വഭാവ രീതികൾ, നായയുടെ കടിയേൽക്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കേണ്ടത് എങ്ങനെ, കടിയേറ്റാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷകൾ എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണം നടത്തി.
ഈ പ്രദേശത്തെ സ്കൂളുകൾ, കോളജുകൾ, റസിഡൻസ് അസോസിയേഷൻ, കുടുംബശ്രീ, ആശാവർക്കർമാർ, ടാക്സി ഓട്ടോ തൊഴിലാളികൾ, പാൽ,പത്ര വിതരണക്കാർ, അതിഥിത്തൊഴിലാളികൾ ആക്രി സാധനങ്ങൾ സ്വീകരിക്കുന്നവർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർക്കാണ് ബോധവൽക്കരണം. പദ്ധതിയുടെ ഉദ്‌ഘാടനം കരകുളം പഞ്ചായത്ത് പ്രസിഡന്റ് ലേഖാ റാണി നിർവഹിച്ചു.
വാർഡ് അംഗം ശ്രീകല അധ്യക്ഷയായിരുന്നു. കെജിവിഒഎ ജില്ലാ പ്രസിഡന്റ് ഡോ.ഭാഗ്യലക്ഷ്മി, സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ഡോ. ബി.എസ്.സുമിൽ, ജില്ലാ സെക്രട്ടറി ഡോ അലക്സ്, പ്രിൻസ് മാത്യു, ഡോ.മുഫീദ ബീഗം, സ്‌കൂൾ ഹെഡ്മിസ്ട്രസ് ജയ.എസ്.പദ്മം എന്നിവർ പ്രസംഗിച്ചു. രണ്ടു മാസം നീണ്ടു നിൽക്കുന്ന തീവ്രയജ്ഞ പരിപാടിയിൽ നായ്ക്കൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് മൃഗസംരക്ഷണ വകുപ്പിന്റെയും കാവായുടെയും സഹകരണത്തോടെ നടത്തി വരുന്നു.പ്രദേശത്തെ 77 % നായ്ക്കൾക്കും കുത്തിവയ്പ് നൽകിയതായി കെജിവിഒഎ ഭാരവാഹികൾ അറിയിച്ചു.